"നെതന്യാഹുവിനെ അമേരിക്കയിൽ അറസ്റ്റ് ചെയ്യില്ല" ; മംദാനിക്ക് ട്രംപിൻ്റെ മറുപടി

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള നിയമസാധ്യതകൾ പരിശോധിക്കുകയാണെന്ന ന്യൂയോർക്ക് മേയർ സോറൻ മംദാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം.
നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തിൻ്റെ സ്ഥാനം ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലാണെന്നും മംദാനി ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി നഗരത്തിൽ എത്തിയാൽ സ്വീകരിക്കാവുന്ന പ്രാദേശിക നിയമനടപടികളെക്കുറിച്ച് നഗരസഭയിലെ നിയമവകുപ്പുമായി സജീവ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് നഗരത്തിൽ നിയമം അനുവദിക്കുന്നതെന്തും തങ്ങൾ ചെയ്യുമെന്നും ഇതിനായി പുതിയ നിയമങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും മംദാനി കൂട്ടിച്ചേർത്തു.എന്നാൽ അമേരിക്കയിൽ എത്തുന്ന നെതന്യാഹുവിനെ ഒരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. 52,000 നിരപരാധികളായ പ്രതിഷേധക്കാരെ കൊലപ്പെടുത്തുകയും കഴിഞ്ഞ 47 വർഷമായി അമേരിക്കൻ സൈനികരെ വധിക്കുകയും ചെയ്യുന്ന ഇറാനെതിരെയാണ് നെതന്യാഹു പോരാടുന്നതെന്ന് ട്രംപ് പറഞ്ഞു. ഇറാനെ മരണത്തിൻ്റെയും നാശത്തിൻ്റെയും പാതയിലേക്ക് നയിച്ചവരെയാണ് യഥാർഥത്തിൽ അറസ്റ്റ് ചെയ്യേണ്ടതെന്നും മുൻ പ്രസിഡൻ്റുമാർ വർഷങ്ങൾക്ക് മുൻപേ ചെയ്യേണ്ടിയിരുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമർശിച്ച് ഇസ്രയേൽ
ന്യൂയോർക്ക് മേയറുടെ പ്രസ്താവനയ്ക്കെതിരെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസും രംഗത്തെത്തി. നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറൻ്റ് വ്യാജമാണെന്നും ഇസ്രയേലിലോ അമേരിക്കയിലോ അധികാരമില്ലാത്ത കംഗാരു കോടതിയാണ് ഐസിസി എന്നും ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ ഇസ്രയേൽ ആരോപിച്ചു. മുൻ ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ തനിക്കെതിരായ ലൈംഗികാരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വാറൻ്റ് പുറപ്പെടുവിച്ചതെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി.കരീം ഖാൻ്റെ തന്ത്രം തന്നെയാണ് ന്യൂയോർക്ക് മേയറും പയറ്റുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിൽ കുറിച്ചു. ന്യൂയോർക്കിലെ ഭരണപരമായ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് മംദാനി ഇസ്രയേലിനെ ലക്ഷ്യമിടുന്നത്. കരീം ഖാൻ്റെ ക്രിമിനൽ സ്വഭാവത്തെ പിന്തുണയ്ക്കുന്നതിന് പകരം തൻ്റെ നയങ്ങൾ ന്യൂയോർക്കിന് വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കാനാണ് മേയർ ശ്രദ്ധിക്കേണ്ടതെന്നും ഇസ്രയേൽ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാജ്യത്തിൻ്റെ നേതാവിനെ ലക്ഷ്യമിടാനാണ് മേയർക്ക് താത്പര്യമെന്നും അവർ വിമർശിച്ചു.ഗസയിലെ സൈനിക നടപടികളെയും ഇസ്രയേൽ ഭരണകൂടം ന്യായീകരിച്ചു. ഹമാസിനെതിരായ പോരാട്ടത്തിൽ സാധാരണക്കാരുടെ മരണം കുറയ്ക്കുന്നതിനായി സമാനതകളില്ലാത്ത യുദ്ധകാല നടപടികളാണ് സൈന്യം സ്വീകരിച്ചിട്ടുള്ളതെന്ന് അവർ അവകാശപ്പെട്ടു. സാധാരണക്കാരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു. ഗസയിലെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് 2024 നവംബറിലാണ് നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ ഐസിസി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ ഇസ്രയേൽ തുടർച്ചയായി നിഷേധിച്ചിട്ടുണ്ട്. അമേരിക്ക റോം സ്റ്റാറ്റ്യൂട്ടിൽ ഒപ്പുവയ്ക്കാത്ത രാജ്യമായതിനാൽ ഐസിസി ആവശ്യപ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനോ കൈമാറാനോ വാഷിങ്ടണിന് അന്താരാഷ്ട്ര നിയമപ്രകാരം ബാധ്യതയില്ല.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് പുതിയ നയതന്ത്ര തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ അമേരിക്ക ശക്തമായി എതിർക്കുന്ന സാഹചര്യത്തിലാണ് ന്യൂയോർക്ക് മേയറുടെ നിലപാട് ചർച്ചയാകുന്നത്. ഫലസ്തീൻ അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സോറൻ മംദാനി. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ പ്രസ്താവന അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.