ഐപിഎൽ -2026: മത്സരം അടുത്തിരിക്കെ മാറിനിൽക്കേണ്ടിവരുന്ന പ്രമുഖരെ അറിയാം

മുംബൈ: 2026 മാർച്ച് 28 ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ഐപിഎൽ -2026 സീസൺ ഔദ്യോഗികമായി ആരംഭിക്കും . ടൂർണമെന്റിൻ്റെ ഉദ്ഘാടനത്തിൽ തീവ്രമായ പോരാട്ടമാണ് നടക്കുക . നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രണ്ട് മാസത്തിലധികം നീണ്ടുനിൽക്കുന്ന ഈ സീസൺ 2026 മെയ് 31 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അവസാനിക്കും. രാജ്യമെമ്പാടും മത്സരങ്ങൾ നടക്കും. എന്നാൽ ടൂർണമെന്‍റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രമുഖ താരങ്ങളുടെ പരിക്ക് വിവിധ ഫ്രാഞ്ചൈസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ടി20 ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കകം ഐപിഎൽ എത്തുന്നത് താരങ്ങളുടെ ശാരീരികക്ഷമതയെ ബാധിച്ചിട്ടുണ്ട്. ലോകകപ്പിനിടെയും അതിന് മുമ്പും പരിക്കേറ്റ പല താരങ്ങളും ഇപ്പോഴും വിശ്രമത്തിലാണ്. ഈ സീസണിൽ പൂർണ്ണമായോ അല്ലെങ്കിൽ ആദ്യ മത്സരങ്ങളിലോ വിട്ടുനിൽക്കുന്ന താരങ്ങൾ ഇവരാണ് .
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
പരിക്കിന്‍റെ കാര്യത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത് കെ.കെ.ആർ ആണ്. കാൽമുട്ടിന് പരിക്കേറ്റ പേസർ ഹർഷിത് റാണയ്ക്ക് ഈ സീസൺ പൂർണ്ണമായും നഷ്ടമാകും. ലോകകപ്പ് വാം-അപ്പ് മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. പുറംവേദനയെത്തുടർന്ന് സീസണിൽ നിന്ന് പുറത്തായ ആകാശ് ദീപിന് പകരം ഇടംകൈയ്യൻ പേസർ സൗരഭ് ദുബെയെ ടീം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ലങ്കൻ താരം മതീഷ പതിരണയുടെ കാര്യത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്‍റെ അനുമതിക്കായി ടീം കാത്തിരിക്കുകയാണ്.
സൺറൈസേഴ്‌സ് ഹൈദരാബാദ്
ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസിന് പരിക്കിനെത്തുടർന്ന് ആദ്യ മത്സരങ്ങൾ നഷ്ടമാകും. കമ്മിൻസിന്‍റെ അഭാവത്തിൽ ഇഷാൻ കിഷനായിരിക്കും ടീമിനെ നയിക്കുക. പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ജാക്ക് എഡ്വേർഡ്സിന് പകരം ഡേവിഡ് പെയ്‌നിനെ ടീമിലെടുത്തു.
രാജസ്ഥാൻ റോയൽസ്
ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറൻ പരിക്കിനെത്തുടർന്ന് ഈ സീസണിൽ കളിക്കില്ല. പകരം മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷാനകയെ രാജസ്ഥാൻ ടീമിലെടുത്തു.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
പ്രധാന ബൗളർ ജോഷ് ഹേസൽവുഡ് ആദ്യ മത്സരങ്ങളിൽ ഉണ്ടാകില്ല. കഴിഞ്ഞ നവംബർ മുതൽ പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുന്ന ഹേസൽവുഡിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.
ചെന്നൈ സൂപ്പർ കിങ്സ്
അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് വലിയ തിരിച്ചടിയാണ് ഓസീസ് പേസർ നഥാൻ എല്ലിസിന്‍റെ പരിക്ക്. ഹാംസ്ട്രിങ് ഇഞ്ചുറിയെത്തുടർന്ന് താരം ടൂർണമെന്‍റില്‍ നിന്ന് പുറത്തായി.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്
8.6 കോടി രൂപയ്ക്ക് ടീമിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ് ഏപ്രിൽ ആദ്യവാരമുള്ള തന്‍റെ വിവാഹത്തെത്തുടർന്ന് സീസണിന്‍റെ തുടക്കത്തിൽ ലഭ്യമാകില്ല. പരിക്കേറ്റ സ്‌പിന്നർ വാനിന്ദു ഹസരംഗയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
മറ്റു പ്രമുഖ താരങ്ങൾ:
ഡൽഹി ക്യാപിറ്റൽസ്: ജോലിഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മിച്ചൽ സ്റ്റാർക്കിന് ആദ്യ മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കും.
പഞ്ചാബ് കിങ്സ്: കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനായി ലോക്കി ഫെർഗൂസൺ ആദ്യ മത്സരങ്ങളിൽ നിന്ന് മാറിനിൽക്കും. താരം നിലവിൽ പൂർണ്ണ കായികക്ഷമതയിലാണ്.