ഐപിഎൽ -2026; 13,500 കോടിക്ക് രാജസ്ഥാൻ റോയൽസിന് പുതിയ ഉടമകൾ!

മുംബൈ : ഐപിഎല്ലിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വഴിതെളിയുന്നു. പ്രമുഖ ടെക് സംരംഭകൻ കാൽ സോമാനിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ കൺസോർഷ്യം 1.63 ബില്യൺ ഡോളറിന് (ഏകദേശം 13,500 കോടി രൂപ) രാജസ്ഥാൻ റോയൽസിന്‍റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ കരാറായതായി റിപ്പോർട്ടുകൾ. ഐപിഎൽ ചരിത്രത്തിൽ ഒരു ടീമിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.ഐപിഎല്ലിന്‍റെ ആഗോള പ്രശസ്‌തി അടിവരയിടുന്നതാണ് ഈ വമ്പൻ ഇടപാട്. ഒരു ഐപിഎൽ ടീം ഒരു ബില്യൺ ഡോളറിലധികം തുകയ്ക്ക് വിൽക്കപ്പെടുന്നത് ഇതാദ്യമാണ്. നിലവിലെ ധാരണയനുസരിച്ച്, 2026-ലെ ഐപിഎൽ സീസണിന് ശേഷമായിരിക്കും പുതിയ ഉടമകൾ ടീമിന്‍റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുക.
ബ്രിട്ടീഷ്-ഇന്ത്യൻ വ്യവസായി മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള 'എമേർജിംഗ് മീഡിയ വെഞ്ചേഴ്‌സി'ന്‍റെ പക്കലായിരുന്നു ഇതുവരെ ടീമിന്‍റെ ഉടമസ്ഥാവകാശം. 2008ലെ ആദ്യ ഐപിഎൽ സീസണിൽ വെറും 67 മില്യൺ ഡോളറിന് (അന്ന് ഏകദേശം 270 കോടി രൂപ) വിറ്റുപോയ ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. അന്ന് ലേലത്തിൽ ഏറ്റവും കുറഞ്ഞ തുകയ്ക്ക് വിറ്റുപോയ ടീം ഇന്ന് മൂല്യത്തിൽ റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ്.

Kal Somani's constorium has purchased Rajasthan Royal
അരിസോണയിലെ സ്കോട്ട്‌സ്‌ഡേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംരംഭകനാണ് കാൽ സോമാനി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, എഡ്-ടെക്, ഡാറ്റാ പ്രൈവസി മേഖലകളിൽ 15 വർഷത്തിലേറെ പരിചയമുള്ള അദ്ദേഹം 'ഇൻട്രാ എഡ്‌ജ്', 'ട്രൂയോ' എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. സ്പോർട്‌സ് മേഖലയിൽ ഇതിനകം തന്നെ നിക്ഷേപങ്ങളുള്ള സോമാനിക്ക് മോട്ടോർ സിറ്റി ഗോൾഫ് ക്ലബ്ബിൽ പങ്കാളിത്തമുണ്ട്. 2021 മുതൽ രാജസ്ഥാൻ റോയൽസിൽ നിക്ഷേപകനായിരുന്ന അദ്ദേഹം ഐപിഎല്ലിന്‍റെ വളർച്ചയിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ പിന്തുണ സോമാനിയുടെ കൺസോർഷ്യത്തിനുണ്ട്. ലോകപ്രശസ്‌ത റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടിന്‍റെ അവകാശിയും ഡെൻവർ ബ്രോങ്കോസ് ഉടമയുമായ റോബ് വാൾട്ടനാണ് ഇതിൽ പ്രധാനി. 110 ബില്യൺ ഡോളറിലധികം ആസ്‌തിയുള്ള ഇദ്ദേഹം അമേരിക്കയിലെ ഏറ്റവും സമ്പന്നനായ സ്പോർട്‌സ് ഉടമയാണ്. ഫോർഡ് മോട്ടോർ കമ്പനിയുടെ പാരമ്പര്യമുള്ള, ഡെട്രോയിറ്റ് ലയൺസ് ഉടമ ഷീല ഫോർഡ് ഹാംപിന്‍റെ നേതൃത്വത്തിലുള്ള ഹാംപ് കുടുംബവും ഈ കൺസോർഷ്യത്തിലുണ്ട്.