ഇറാന്‍- ഇസ്രയേല്‍ സംഘർഷം; പ്രവാസികൾക്ക് സഹായത്തിനായി ഹെൽപ്പ് ഡെസ്ക്

ഇറാന്‍- ഇസ്രയേല്‍ സംഘർഷം; പ്രവാസികൾക്ക് സഹായത്തിനായി ഹെൽപ്പ് ഡെസ്ക്

തിരുവനന്തപുരം : ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ മുൻനിർത്തി കേരള സർക്കാർ അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം നോർക്ക ആണ് ഹെൽപ്പ് ഡെസ്കിന് രൂപം നൽകിയത്. മലയാളികൾക്ക് വേണ്ട സഹായവും നിർദേശവും നൽകലാണ് ലക്ഷ്യം.

സഹായം ആവശ്യമുളള മലയാളികൾ‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.നിലവിൽ ​ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണം തൊടുത്തുവച്ചിരിക്കുന്നത്. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ആക്രമണം നടത്തിയിട്ടുള്ളത്.

ഇറാന്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നടുങ്ങി പശ്ചിമേഷ്യ

 അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നടുങ്ങി പശ്ചിമേഷ്യ, നിരവധി മിസൈലുകള്‍ അബുദാബിയെ ലക്ഷ്യമിട്ട് ഇറാന്‍ അയക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അബുദാബിയില്‍ ഇന്ത്യാക്കാര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബഹ്റൈനിലെ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം കടുപ്പിക്കുകയാണ്. ഇറാന് നേരെ ഇസ്രയേല്‍ തിരിച്ചടിക്കുന്നുണ്ട്. ടെഹ്‌റാനിലുള്ളവര്‍ ഒഴിഞ്ഞ് പോകണമെന്ന് ഇറാന്‍ സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഇറാനിലെ 30 കേന്ദ്രങ്ങളില്‍ ഒരേ സമയം ആക്രമണം നടന്നെങ്കിലും പ്രസിഡണ്ട് മസൂദ് പെസഷ്‌കിയന്‍, പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി എന്നിവര്‍ സുരക്ഷിതരാണ്. അതേസമയം ഖമനേയിയുടെ കൊട്ടാരം തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ ടെഹ്‌റാന്‍റെ വടക്കു കിഴക്കു പ്രവിശ്യകളിലാണ് ആക്രമണം കൂടുതലും നടന്നത്. ഇന്‍റലിജന്‍സ് ആസ്ഥാനം, പ്രതിരോധ മന്ത്രാലയം, ആണവോര്‍ജ ഏജന്‍സി താവളങ്ങള്‍ എന്നിവയും ആക്രമനിക്കപ്പെട്ടു. ടെഹ്‌റാന്‍ അടക്കം നിരവധി നഗരങ്ങളില്‍ ആക്രമണം നടന്നു. ടബ്രിസ് നഗരത്തിന് നേരേയും മിസൈല്‍ ആക്രമണമുണ്ടായതായി ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. ക്വോം, ഖോരോമാബാദ്, എസ്‌ഫഹാന്‍ നഗരങ്ങളിലും വ്യോമാക്രമണം ഉണ്ടായി. ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളവും ആക്രമിക്കപ്പെട്ടു.

ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലും അമേരിക്കന്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ പ്രവൃത്തിക്കുന്ന കേന്ദ്രങ്ങളില്‍ അമേരിക്ക മുന്‍കരുതലെടുത്തപ്പോള്‍ ഇസ്രായേല്‍ അപായ മുന്നറിയിപ്പ് നല്‍കി ജനങ്ങളോട് ബങ്കറുകളില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. അക്രമണത്തെത്തുടര്‍ന്ന് ഇറാന്‍റെ ഭാഗത്തു നിന്ന് ഇസ്രായേലും അമേരിക്കയും പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നു.ആക്രമണം കഴിഞ്ഞ് നാലു മണിക്കൂറിനു ശേഷമാണ് ഇറാന്‍ പ്രത്യാക്രമണം തുടങ്ങിയത്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യത്തിനും സന്നാഹങ്ങള്‍ക്കും നേരെയായിരുന്നു പ്രധാനമായും ആക്രമണം. ഇസ്രായേല്‍ തലസ്ഥാനത്തിനു നേരേയും ആക്രമണമുണ്ടായി.അമേരിക്കന്‍ നാവിക സേനയുടെ വിഖ്യാതമായ അഞ്ചാം കപ്പല്‍പ്പട നങ്കൂരമിട്ടിരിക്കുന്ന ബഹ്റൈനില്‍ തന്ത്ര പ്രധാന കേന്ദ്രം തന്നെ ഇറാന്‍ ആക്രമിച്ചു. ഖത്തറിലെ ദോഹയ്ക്കടുത്ത് അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദും ഇറാന്‍ ലക്ഷ്യമിട്ടു.കുവൈറ്റിലെ അലി അല്‍ സലേം എയര്‍ ബേസ്, അരിഫ്‌ജാന്‍ ക്യാമ്പ് സൗദിയിലെയും യുഎഇയിലേയും അമേരിക്കന്‍ സെനിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി. ഇതോടെ പശ്ചിമേഷ്യന്‍ മേഖലയിലൂടെയുള്ളവ്യോമ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.

ഇറാന് നേരെ ട്രംപിന്‍റെ നേതൃത്വത്തില്‍ അമേരിക്ക നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഇത്തരം ഒരു ആക്രമണത്തിലേക്ക് പോകുന്നത് അമേരിക്കക്ക് തിരിച്ചടിയാകുമെന്ന് നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. അമേരിക്കന്‍ എംബസ്സികള്‍ക്കും സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തിയ ആക്രമണത്തോടെ അവരുടെ പ്രഹരശേഷി ലോകത്തിന് വെളിവായിരിക്കുകയാണ്.ദുബായ്, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി സ്‌ഫോടന ശബ്‌ദങ്ങള്‍ കേള്‍ക്കാം. കുവൈത്തിലും അപായ സൈറണുകള്‍ തുടര്‍ച്ചയായി മുഴങ്ങുന്നു. റിയാദിലെ സൈനിക ആസ്ഥാനത്തിന് സമീപവും സ്ഫോടന ശബ്‌ദങ്ങള്‍ മുഴങ്ങുന്നു.


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ ആദ്യ പ്രതിഫലനമെന്നത് വ്യോമപാത അടച്ചു എന്നതാണ്. ഇത് ലക്ഷക്കണക്കിന് പേരുടെ യാത്രയെ ആണ് ബാധിച്ചിരിക്കുന്നത്. ജോലി തേടി ആദ്യം പോകുന്നവരും അവധിക്ക് വന്ന് മടങ്ങുന്നവരെയും ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളെല്ലാം തന്നെ റദ്ദാക്കി. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.