ഏത് കരയാക്രമണത്തെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഇറാൻ : ഇറാൻ തകർന്നെന്ന് ട്രംപ്

ഏത് കരയാക്രമണത്തെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഇറാൻ : ഇറാൻ തകർന്നെന്ന് ട്രംപ്

വാഷിങ്ടൺ: മുൻകൂട്ടി നിശ്ചയിച്ചതിലും വേഗത്തിലാണ് ഇറാൻ്റെ തകർച്ച സംഭവിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ഇതുവരെ കാണാത്ത രീതിയിലുള്ള വൻ തകർച്ചയാണ് നിലവിലുള്ളതെന്നും വ്യോമസേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും പൂർണമായും ഇല്ലാതായെന്നും അദ്ദേഹം അവകാശപ്പെട്ടു.

ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ

അമേരിക്കൻ സൈന്യത്തിൻ്റെ ഏത് കരയാക്രമണത്തെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. അമേരിക്കൻ ഉദ്യോഗസ്ഥരെ വധിച്ചും തടവിലാക്കിയും ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ശനിയാഴ്ച മുതൽ ഇറാനിൽ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളിൽ 1,230 പേർക്കെങ്കിലും ജീവൻ നഷ്ടമായെന്നാണ് വിവരം. തലസ്ഥാനമായ ടെഹ്‌റാൻ്റെ തെക്കുപടിഞ്ഞാറുള്ള പാരന്ദ് നഗരത്തിലെ രണ്ട് സ്കൂളുകളിൽ മിസൈലുകൾ പതിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളെ ഇറാൻ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്ന സാഹചര്യവുമുണ്ട്. ലോകമെമ്പാടുമുള്ള എംബസികളിലെ ഇറാനിയൻ നയതന്ത്രജ്ഞരോട് കൂറുമാറാനും അമേരിക്കയിൽ അഭയം പ്രാപിക്കാനും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർമാർ ആയുധം വച്ച് കീഴടങ്ങിയാൽ പൂർണ പരിരക്ഷ നൽകും. അല്ലാത്തപക്ഷം മരണം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകണമെന്നാണ് ട്രംപിൻ്റെ നിലപാട്. അമേരിക്കയുമായി സൗഹൃദം പുലർത്തുന്ന പുതിയ നേതൃത്വത്തെ ടെഹ്‌റാനിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ ഉപയോഗത്തിനെതിരെ പ്രതിഷേധം

ഇറാന് നേരെയുള്ള യുഎസ് സൈന്യത്തിൻ്റെ ആക്രമണത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്നതിനെതിരെ സാമൂഹിക പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്കൻ പ്രതിരോധ വകുപ്പുമായി ഓപ്പൺഎഐ സഹകരിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ചാറ്റ്ജിപിടി ബഹിഷ്കരിക്കാനും ഇവർ ആഹ്വാനം ചെയ്തു.

ഇസ്രയേലിലും ബഹ്റൈനിലും ആക്രമണം

ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ രാത്രികാല ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മനാമയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക വിവരപ്രകാരം രണ്ട് ഹോട്ടലുകളിലും ഒരു പാർപ്പിട സമുച്ചയത്തിലുമാണ് ആക്രമണം നടന്നത്. വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി വൈകി ഇസ്രയേലിലെ ടെൽ അവീവിലും രാജ്യത്തിൻ്റെ മധ്യഭാഗങ്ങളിലുമായി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് സംയുക്ത ആക്രമണവും നടത്തിയിരുന്നു.കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഇറാനിലെ ഇരുന്നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഭൂമിക്കടിയിൽ ഒളിപ്പിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളും കുറഞ്ഞത് 30 ഇറാനിയൻ നാവിക കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.

യുഎസ് സഭയുടെ നടപടി

ഇറാന് മേലുള്ള ട്രംപിൻ്റെ യുദ്ധം അവസാനിപ്പിക്കാനും രാജ്യത്തിനെതിരായ ഏതൊരു സൈനിക നടപടിക്കും കോൺഗ്രസിൻ്റെ അനുമതി വേണമെന്നുമുള്ള നിർദേശം റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭ വോട്ടിനിട്ട് തള്ളി. 212നെതിരെ 219 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ഈ നീക്കം നിരസിച്ചത്. അമേരിക്കയും ഇസ്രയേലും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന വിമർശനങ്ങളെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നിഷേധിച്ചു. ഇതിൽ യാതൊരു സത്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക ആശങ്കയുമായി ഈജിപ്ത്

മിഡിൽ ഈസ്റ്റിലെ യുദ്ധം വിലക്കയറ്റത്തിന് ഭീഷണിയാകുന്നതിനാൽ രാജ്യം സാമ്പത്തികമായി അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലാണെന്ന് ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി മുന്നറിയിപ്പ് നൽകി. ഇതിനിടെ ടെഹ്‌റാൻ്റെ പ്രാന്തപ്രദേശത്തുള്ള 12,000 സീറ്റുകളുള്ള ആസാദി സ്‌പോർട്‌സ് കോംപ്ലക്‌സിന് നേരെയുണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ ഇറാൻ സർക്കാർ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഒളിമ്പിക് ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.

ഇറാൻ യുദ്ധം ഉടനടി അവസാനിക്കില്ല; നയതന്ത്ര ചർച്ചകൾക്ക് സമയമായിട്ടില്ലെന്ന് ഇസ്രായേൽ

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് സമയമായിട്ടില്ലെന്നും, സൈനിക നടപടികൾ തുടരുമെന്നും ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൻ വ്യക്തമാക്കി. ഇറാന്‍റെ ആണവ പദ്ധതികൾ, ബാലിസ്റ്റിക് മിസൈൽ ശേഷി, പ്രാദേശിക സായുധ ഗ്രൂപ്പുകൾ, നാവിക ഭീഷണികൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കിയ ശേഷമേ ചർച്ചകളെക്കുറിച്ച് ആലോചിക്കൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്‍റെ ഈ കർക്കശ നിലപാട്.

"നയതന്ത്രം ഉടൻ ഉണ്ടാകും, പക്ഷേ ഇപ്പോഴല്ല. ഞങ്ങൾക്ക് ഈ ദൗത്യം പൂർത്തിയാക്കേണ്ടതുണ്ട്," എന്ന് ഡാനൻ പറഞ്ഞു. ഇറാന്‍റെ സൈനിക ശേഷിയെ തകർക്കുന്ന നടപടികൾ ഇസ്രായേൽ തുടരുമെന്നും, ഈ യുദ്ധം മാസങ്ങളോളം നീണ്ടുനിൽക്കില്ലെന്നും ഏതാനും ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015-ലെ ഇറാൻ ആണവ കരാർ പൂർണ്ണ പരാജയമായിരുന്നുവെന്നും, ഇറാൻ വീണ്ടും ഭീഷണിയാകുന്നത് തടയാൻ കൂടുതൽ ശക്തമായ സംവിധാനങ്ങൾ ആവശ്യമാണെന്നും ഇസ്രായേൽ പ്രതിനിധി വ്യക്തമാക്കി.


ഇറാനെതിരെയുള്ള യുദ്ധത്തിന് ഇറാഖിലെ കുര്‍ദുകളുടെ പിന്തുണ തേടി  ട്രംപ്

ഇറാഖിലെ മൂന്ന് കുര്‍ദിഷ്‌ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ട്. കുര്‍ദ്‌ സംഘങ്ങളെ യുദ്ധത്തിനിറക്കാനാണ് ട്രംപിന്‍റെ നീക്കം. ഇറാനിലെ കുര്‍ദിഷ്‌ സംഘങ്ങളെ സൈനികമായി സഹായിക്കാന്‍ ഇറാഖിലെ ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്‍ ഭരണകൂടത്തോട് എതിര്‍പ്പുള്ള സംഘമാണ് കുര്‍ദ്. ഇറാനിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തോളം കുര്‍ദ് വിഭാഗത്തില്‍ നിന്നുള്ളവരാണ്.ഇവരില്‍ ആയുധ പരിശീലനം നേടിയ ആയിരക്കണക്കിന് പേരുണ്ടെന്നാണ് പറയപ്പെടുന്നത്. നിലവില്‍ കുര്‍ദ്‌ സംഘങ്ങള്‍ ഇറാനെതിരെ പോരാട്ടത്തിന് ഒരുങ്ങുകയാണെങ്കില്‍ യുദ്ധത്തിലേക്ക് ഇറാഖ്‌ കൂടി വലിച്ചിഴപ്പെടാന്‍ സാധ്യതയുണ്ട്.

ഇറാനിലെ കുര്‍ദിഷ്‌ സംഘത്തില്‍പ്പെട്ടവര്‍ക്ക് ആയുധ വിതരണം നടത്തുന്ന കാര്യം ട്രംപ് സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു. ഏതെങ്കിലും പ്രത്യേക സംഘത്തിന് ആയുധം നല്‍കാന്‍ യുഎസ് ഉദേശിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അടുത്ത പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനിലേക്ക് കടക്കാന്‍ തങ്ങളുടെ സംഘം സജ്ജമാണെന്ന് കുര്‍ദിഷ്‌ നേതാക്കളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇറാനെതിരെ കുര്‍ദിഷ്‌ സംഘം പോരാട്ടത്തിന് ഇറങ്ങുകയാണെങ്കില്‍ അത് കരയില്‍ പോരാട്ടത്തിനിറങ്ങുന്ന ആദ്യ സംഘമാകും എന്നതില്‍ സംശയമില്ല. മാത്രമല്ല ഭീകര സംഘടനയായ ഐഎസിനെതിരെ പോരാടിയ ചരിത്രമുള്ള സംഘമാണ് കുര്‍ദ്. മാത്രമല്ല ഇറാനിലെ മതഭരണകൂടത്തിനെതിരെയും ഷാ ഭരണത്തിനെതിരെയും കുര്‍ദുകള്‍ നേരത്തെ രംഗത്തിറങ്ങിയിട്ടുണ്ടായിരുന്നു