ഏഷ്യൻ കപ്പ് ഫുട്ബാൾ : നിശബ്ദപ്രതിഷേധവുമായി ഇറാൻ വനിതാടീം

ഗോൾഡ് കോസ്റ്റ്: എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്‍റില്‍ വൻ രാഷ്ട്രീയ പ്രതിഷേധവുമായി ഇറാൻ വനിതാ ദേശീയ ടീം. ദക്ഷിണ കൊറിയക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ ദേശീയഗാനം മുഴങ്ങിയപ്പോൾ, അത് പാടാൻ വിസമ്മതിച്ചാണ് ഇറാൻ താരങ്ങൾ തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിച്ചത്.ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലുള്ള സിബസ് സൂപ്പർ സ്റ്റേഡിയത്തിലായിരുന്നു ഈ നാടകീയ സംഭവങ്ങൾ. മത്സരത്തിന് മുൻപുള്ള ഔദ്യോഗിക ചടങ്ങുകൾക്കായി ടീമുകൾ അണിനിരന്നപ്പോൾ ഇറാന്‍റെ ദേശീയഗാനം സ്റ്റേഡിയത്തിൽ പ്ലേ ചെയ്‌തു. എന്നാൽ ക്യാപ്റ്റൻ സെഹ്‌റ ഗൻബാരിയോ മറ്റ് താരങ്ങളോ ഹെഡ് കോച്ച് മർസിയാ ജാഫരിയോ ഗാനം ഏറ്റുപാടിയില്ല. ഭാവഭേദങ്ങളില്ലാതെ, നിശ്ചലരായി നേരെ നോക്കി നിന്ന താരങ്ങളുടെ ഈ നിശബ്‌ദ പ്രതിഷേധം ഗാലറിയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായി.
ഇസ്രായേൽ-യുഎസ് ആക്രമണങ്ങളിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് താരങ്ങളുടെ ഈ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്‌ച നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഖമേനിയുടെ മരണത്തെക്കുറിച്ച് ക്യാപ്റ്റനോടും പരിശീലകയോടും ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും എഎഫ്‌സി പ്രതിനിധി ഇടപെട്ട് അവ തടഞ്ഞു.പരിശീലക മർസിയാ ജാഫരി പേർഷ്യൻ ഭാഷയിൽ മറുപടി നൽകിയെങ്കിലും അത് വിവർത്തനം ചെയ്യാൻ അനുവദിച്ചില്ല. "ചോദ്യത്തിന് നന്ദി, നമുക്ക് മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം" എന്ന് പറഞ്ഞ് എഎഫ്‌സി പ്രതിനിധി മറുപടി പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നുവെന്ന് ഇഎസ്‌പിഎന്‍ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയ വിജയിച്ചു. ആദ്യ പകുതിയിൽ ചോ യു-രി നേടിയ ഗോളിന് പിന്നാലെ രണ്ടാം പകുതിയിൽ കിം ഹ്യെ-രി, കോ യൂ-ജിൻ എന്നിവർ കൊറിയയുടെ വിജയം ഉറപ്പിച്ചു. പരാജയപ്പെട്ടെങ്കിലും തന്‍റെ ടീമിന്‍റെ പോരാട്ടവീര്യത്തിൽ പരിശീലക ജാഫരി സംതൃപ്‌തി പ്രകടിപ്പിച്ചു.
14 തവണ ടൂർണമെന്‍റില്‍ പങ്കെടുക്കുകയും 4 തവണ ലോകകപ്പ് കളിക്കുകയും ചെയ്‌ത ദക്ഷിണ കൊറിയയെപ്പോലൊരു കരുത്തരായ ടീമിനെതിരെ രണ്ടാം തവണ മാത്രം ഫൈനൽസ് കളിക്കുന്ന ഇറാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അവർ പറഞ്ഞു. വ്യക്തിപരമായ പിഴവുകളും സെറ്റ് പീസുകളുമാണ് ഗോളുകൾക്ക് വഴിയൊരുക്കിയതെന്നും വരും മത്സരങ്ങളിൽ ടീം ശക്തമായി തിരിച്ചുവരുമെന്നും ജാഫരി കൂട്ടിച്ചേർത്തു.