ഒമാൻ തീരത്ത് എണ്ണക്കപ്പലിൽ ഇറാൻ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് എണ്ണക്കപ്പലിൽ ഇറാൻ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഒമാൻ തീരത്തെ മാർഷൽ ഐലൻഡ്‌സ് പതാകയുള്ള എംകെഡി വ്യോം എന്ന എണ്ണക്കപ്പലിന് നേരെയുള്ള ഇറാൻ്റെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിന് ഏകദേശം 52 നോട്ടിക്കൽ മൈൽ വടക്കുപടിഞ്ഞാറായിട്ടാണ് സംഭവം നടന്നത്. സ്ഫോടകവസ്‌തുക്കൾ വഹിച്ചെത്തിയ റിമോട്ട്ലി ഓപ്പറേറ്റഡ് ഡ്രോൺ ബോട്ട്കപ്പലിൽ വന്നിടിച്ചാണ് സ്ഫോടനം ഉണ്ടായത്.കപ്പലിൻ്റെ പ്രധാന എൻജിൻ റൂമിലാണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. എൻജിൻ റൂമിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ ഈ അപകടത്തിൽ കൊല്ലപ്പെട്ടു. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിന് സമീപമാണ് ആക്രമണം നടന്നതെന്ന് ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.പേർഷ്യൻ ഗൾഫിൻ്റെ പ്രവേശന കവാടമായ ഹോർമുസ് കടലിടുക്കിലൂടെ എത്തുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ഭീഷണി മുഴക്കിയിരുന്നു. കപ്പലിൽ ആകെ 21 ജീവനക്കാർ ഉണ്ടായിരുന്നു. ഇതിൽ 16 പേർ ഇന്ത്യക്കാരും, 4 പേർ ബംഗ്ലാദേശികളും, ഒരാൾ ഉക്രെയ്ൻ സ്വദേശിയുമാണ്. മരിച്ച നാവികൻ ഒഴികെയുള്ള ബാക്കി 20 പേരെയും പാനമ പതാകയുള്ള 'MV SAND' എന്ന ചരക്ക് കപ്പലിൻ്റെ സഹായത്തോടെ സുരക്ഷിതമായി ഒഴിപ്പിച്ചു.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ സൈനിക നീക്കത്തിന് ശേഷം പശ്ചിമേഷ്യയിൽ ആരംഭിച്ച സംഘർഷത്തിലെ ആദ്യ ഇന്ത്യൻ മരണമാണിത്. ഇതേ ദിവസം തന്നെ ഒമാനിലെ ഖസബിന് സമീപം 'എംവി സ്കൈലൈറ്റ്' എന്ന മറ്റൊരു കപ്പലിന് നേരെയും ആക്രമണം നടന്നിരുന്നു. ഇതിൽ 15 ഇന്ത്യക്കാരുൾപ്പെടെ 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാല് പേർക്ക് പരിക്കേറ്റു.അപകടത്തിൽ കാണാതായ ജീവനക്കാർക്കായി ഒമാൻ അധികൃതർ നടത്തുന്ന തെരച്ചിൽ തുടരുകയാണെന്നും തങ്ങൾ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഒമാൻ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി അറിയിച്ചു.