ബഹ്‌റൈനിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരുടെ നില ഗുരുതരം

മനാമ: ബഹ്‌റൈനിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം. കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരുടെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഇതിൽ ശസ്‌ത്രക്രിയ ആവശ്യമുള്ളവരുമുണ്ടെന്നും ബഹ്‌റൈൻ സ്‌റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. മനാമയുടെ തെക്ക് ഭാഗത്തുള്ള സിത്ര പ്രദേശത്താണ് ഡ്രോൺ വന്നുപതിച്ചത്.നിലവിൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ ആരോഗ്യ സംരക്ഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുമെന്നും രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടട്ടില്ല. അതേസമയം ഇന്നലെ ബഹ്‌റൈനിൽ ശുദ്ധജല പ്ലാൻ്റിന് നേരെ ആക്രമണമുണ്ടയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു. ചെറിയ കേടുപാടുകൾ സംഭവിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ബഹ്‌റൈനില്‍ കടല്‍ജല ശുദ്ധീകരണ പ്ലാൻ്റിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്.
ബഹ്‌റൈനില്‍ വ്യോമപാത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ വിമാന സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അയല്‍രാജ്യങ്ങളെ ആക്രമിക്കേണ്ടതില്ലെന്ന് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ തീരുമാനിച്ചതായി ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍ ടെലിവിഷനിലൂടെ അറിയിക്കുകയായിരുന്നു. താത്ക്കാലിക നേതൃത്വ സമിതിയാണ് ഇനി അയല്‍രാജ്യങ്ങളെ ആക്രമിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. എന്നാൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യമാണ് നിലവിൽ കാണുന്നത്.
പിന്നോട്ടില്ലെന്ന് ഇറാൻ
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ്. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളില്‍ വ്യോമാക്രമണ ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് യുദ്ധം തുടരുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയത്. ആറ് മാസം യുദ്ധം തുടുരുമെന്നാണ് വിലയിരുത്തൽ. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കുറഞ്ഞത് ആറ് മാസമെങ്കിലും ഇറാൻ തീവ്രമായ യുദ്ധം നടത്തുമെന്ന് റെവല്യൂഷണറി ഗാർഡുകൾ വ്യക്തമാക്കി. ഫാർസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നെതനാഹ്യു തിരുമാനിക്കട്ടെ
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതാന്യാഹുവുമായി ചർച്ച ചെയ്‌തതിന് ശേഷം ഇറാനുമായി യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ നിലപാട്. താനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെ സംരക്ഷിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.