വെടിനിർത്തൽ ചർച്ചകൾ പാളുന്നു : ഇറാന്‍റെ തന്ത്രപ്രധാന വാതക പാടത്തിനുനേരെ ഇസ്രയേൽ ആക്രമണം.

വെടിനിർത്തൽ ചർച്ചകൾ പാളുന്നു : ഇറാന്‍റെ തന്ത്രപ്രധാന വാതക പാടത്തിനുനേരെ ഇസ്രയേൽ ആക്രമണം.

ടെഹ്‌റാന്‍: സൗത്ത് പാർസ് പ്രകൃതി വാതക പാടത്തിലെ പെട്രോകെമിക്കൽ പ്ലാന്‍റ് ആക്രമിച്ച് ഇസ്രയേൽ. യു എസ് - ഇറാൻ വെടിനിർത്തൽ ചർച്ചകൾക്ക് നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇറാന്‍റെ തന്ത്രപ്രധാന വാതക പാടത്തിനുനേരെ ഇസ്രയേലിന്‍റെ ആക്രമണം. സൗത്ത് പാർസിൽ ആക്രമണം നടത്തരുതെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ കര്‍ശന നിര്‍ദേശം അവഗണിച്ചാണ് ആക്രമണം നടന്നത്.ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്‌ചയോടെ തുറന്നില്ലെങ്കിൽ ഇറാനിയൻ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരമാണ് ഖത്തർ തീരത്തിനും ഇറാൻ തീരത്തിനുമിടയിൽ പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന സൗത്ത് പാർസ് പ്രകൃതി വാതക പാടം.

ഇറാൻ്റെ ഭാഗത്തുള്ളത് സൗത്ത് പാർസ് എന്നും ഖത്തറിൻ്റെ ഭാഗത്തുള്ളത് നോർത്ത് പാർസ് എന്നുമാണ് അറിയപ്പെടുന്നത്. ഖത്തറുമായി പങ്കിടുന്ന ഗ്യാസ് ഫീൽഡ് ലോകത്തിലെ ഏറ്റവും വലുതും പേർഷ്യൻ ഗൾഫിന് കീഴിലുള്ളതുമാണ്.

ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇറാന്‍റെ ഏറ്റവും വലിയ പെട്രോകെമിക്കൽ പ്ലാന്‍റിൽ ശക്തമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചു. "ഇറാനിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ പ്ലാൻ്റിനു നേരെയുണ്ടായ ശക്തമായ ആക്രമണം" എന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വിശേഷിപ്പിച്ചത്.ഇസ്ലാമിക രാഷ്ട്രത്തിൻ്റെ പെട്രോകെമിക്കലുകളുടെ പകുതിയും ഈ പെട്രോകെമിക്കൽ പ്ലാൻ്റാണ് ഉത്പാദിപ്പിക്കുന്നത്. ഇറാൻ്റെ പെട്രോകെമിക്കൽ കയറ്റുമതിയുടെ ഏകദേശം 85% സംഭാവന ചെയ്യുന്ന രണ്ട് സൗകര്യങ്ങളും ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്നുവെന്ന് കാറ്റ്സ് കൂട്ടിച്ചേർത്തു.

സൗത്ത് പാർസിന് നേരെ ആക്രമണം ഉണ്ടാകില്ലെന്ന ട്രംപിൻ്റെ ഉറപ്പ് കാറ്റില്‍ പറത്തി

നേരത്തെ മാർച്ചിൽ സൗത്ത് പാർസിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ യു എസ് ഇടപെട്ടിരുന്നു. ആഗോളതലത്തിൽ പ്രകൃതി വാതക ക്ഷാമം രൂക്ഷമാകുന്നതിനാല്‍ ഇനി സൗത്ത് പാർസിൽ ആക്രമണം നടത്തരുതെന്നും ട്രംപ് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഖത്തറിൻ്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണം ടെഹ്‌റാൻ തുടർന്നാൽ, അമേരിക്ക തിരിച്ചടിക്കുമെന്നും "വൻതോതിൽ ആ മേഖല മുഴുവൻ പൊട്ടിത്തെറിക്കുമെന്നും" മുന്നറിയിപ്പ് നൽകിയിരുന്നു.ഇറാനിയൻ വാതകപ്പാടം ആക്രമിച്ചതിൽ ഇസ്രയേൽ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്ന് പറഞ്ഞിരുന്നു. ഊർജ ലക്ഷ്യങ്ങൾക്ക് നേരെ അത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് നെതന്യാഹുവും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഒരു മാസത്തിന് ശേഷമാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.