ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ജറുസലം:  ഗാസ ടണൽ ഓപ്പറേഷനിൽ 40ലധികം പലസ്‌തീനുകാരെ കൊലപ്പെടുത്തിയതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന നാല് പലസ്‌തീന്‍കാരെ കൊന്നതായി നേരത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടുത്ത അറിയിപ്പ്. ഇസ്രയേൽ സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള തെക്കന്‍ ഗാസയിലെ തുരങ്കങ്ങള്‍ക്കുള്ളില്‍ നിരവധി പലസ്‌തീനുകാര്‍ തമ്പടിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. കൂടാതെ കഴിഞ്ഞ 40 ദിവസമായി കിഴക്കൻ റാഫയ്ക്ക് ചുറ്റും പരിശോധന ശക്തമാക്കിയെന്നും സൈന്യം അറിയിച്ചു.

"കഴിഞ്ഞയാഴ്‌ച 40ലധികം പേരെ കൊലപ്പെടുത്തി. പ്രദേശത്ത് അവശേഷിക്കുന്ന ഭൂഗർഭ തുരങ്ക പാതകൾ പൊളിച്ചുമാറ്റുകയും അവയിൽ ഒളിച്ചിരിക്കുന്ന പലസ്‌തീന്‍കാരെ ഇല്ലാതാക്കുകയും ചെയ്യും" സൈന്യം പ്രസ്‌താവനയില്‍ പറഞ്ഞു. കൂടാതെ പ്രദേശത്തെ നിരവധി ടണൽ ഷാഫ്റ്റുകളും തീവ്രവാദ കേന്ദ്രങ്ങളും പൊളിച്ച് മാറ്റിയെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗാസയിലെ തുരങ്കങ്ങളില്‍ അതിജീവിക്കുന്നവരെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. ഈ തുരങ്കങ്ങളില്‍ കഴിയുന്നവരെ സുരക്ഷിതമായി പലസ്‌തീനിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നതിന് ഇസ്രയേലിനോട് സമ്മർദം ചെലുത്താൻ ഹമാസ് മധ്യസ്ഥ രാജ്യങ്ങളോട് ആവശ്യപ്പെട്ടു . ഇസ്‌ലാമിക ഗ്രൂപ്പ് സ്ഥിതിഗതികൾ പരസ്യമായി അംഗീകരിച്ചത് ഇതാദ്യമായാണ്.

യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാര്‍ ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്നു. ഈജിപ്‌ത്, തുർക്കി, ഖത്തർ എന്നിവരുടെ മധ്യസ്ഥയിലാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയത്. കരാര്‍ പ്രകാരം ഇസ്രയേൽ സൈന്യം ഗാസ മുനമ്പിലെ മഞ്ഞ രേഖയ്ക്ക് പിന്നിൽ നിന്നും പിൻവാങ്ങി. മഞ്ഞ കോൺക്രീറ്റ് ബ്ലോക്കുകൾ ഉള്ള സ്ഥലങ്ങളിൽ നിലത്തായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി അടയാളപ്പെടുത്തിയിരിക്കുന്നത്.അതേസമയം ഹമാസ് സംഘങ്ങള്‍ രേഖയുടെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഭാഗത്ത് സ്ഥിതി ചെയ്യുന്ന തുരങ്കങ്ങളിലാണ്. "റഫയിലെ ഞങ്ങളുടെ പോരാളികൾക്ക് കീഴടങ്ങുന്നതോ അധിനിവേശത്തിന് ആയുധങ്ങൾ കൈമാറുന്നതോ അംഗീകരിക്കാൻ കഴിയില്ല" ഹമാസ് ഉദ്യോഗസ്ഥൻ ഹുസാം ബദ്രാൻ ഒരു പ്രസ്‌താവനയിൽ പറഞ്ഞു.

ഏകദേശം 80 ഓളം ഹമാസുകാർ തുരങ്കങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലും ഇപ്പോഴും വെടിനിർത്തൽ ദുർബലമായി തുടരുന്നു. എന്നാല്‍ ഇസ്രയേലും ഹമാസും പരസ്‌പരം നിബന്ധനകൾ ലംഘിച്ചതായി ആരോപിക്കുന്നു. അതേസമയം ഗാസ മുനമ്പ് ആഴത്തിലുള്ള മാനുഷിക പ്രതിസന്ധിയിലൂടെയാണ് നിലവില്‍ കടന്നു പോകുന്നത്.

വെടിനിർത്തലിൻ്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിന് ഇസ്രയേൽ എതിര്‍ക്കുന്നുവെന്ന് ഹൊസം ബദ്രാൻ ആരോപിച്ചു. ഇത് മുഴുവൻ മേഖലയെയും കൂടുതൽ അസ്ഥിരതയിലേക്ക് തള്ളിവിടുകയേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണമാണ് ഗാസ യുദ്ധത്തിന് തുടക്കമിട്ടത്. അതില്‍ 1,221 പേർ മരിച്ചു.ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തില്‍ ഏകദേശം 70,103 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രയേല്‍ വെടിവയ്പ്പിൽ 356 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി മന്ത്രാലയം പറയുന്നു.