"ട്രംപിനെ പോലെ ഒരു സുഹൃത്ത് ഇസ്രയേലിന് ഇതുവരെ ഉണ്ടായിട്ടില്ല. ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണ അസാധാരണം ": നെതന്യാഹു
ഫ്ലോറിഡ: ഫ്ലോറിഡയില്‍ നടന്ന മാർ-എ-ലാഗോ കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ ട്രംപിനെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസില്‍ നിന്ന് ട്രംപിനെ പോലെ ഒരു സുഹൃത്ത് ഇസ്രയേലിന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു പറഞ്ഞു.മാർ-എ-ലാഗോ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് നെതന്യാഹുവിൻ്റെ പ്രതികരണം. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് നെതന്യാഹു തൻ്റെ പ്രതികരണം അറിയിച്ചത്. "വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് ട്രംപിനെ പോലെ ഒരു സുഹൃത്ത് ഇസ്രയേലിന് ഇതുവരെ ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻ്റെ നേതൃത്വം, വ്യക്തത, ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണ എന്നിവ അസാധാരണമാണ്" നെതന്യാഹു എക്‌സില്‍ കുറിച്ചു.വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിലാണ് യഥാർഥ സൗഹൃദം തെളിയിക്കപ്പെടുന്നത്. കൂടാതെ വെല്ലുവിളകള്‍ നിറഞ്ഞ പല ഘട്ടത്തിലും ട്രംപ് ഇസ്രയേലിൻ്റെ ഒപ്പമുണ്ടായിരുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. മാർ-എ-ലാഗോയിൽ നടന്ന ചര്‍ച്ചയില്‍ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്‌തു.
ട്രംപിനെ കിട്ടിയത് അനുഗ്രഹം: നെതന്യാഹു
റഷ്യ യുക്രെയ്‌ന്‍ സമാധാന കരാറിൻ്റെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് നെതന്യാഹു നേരത്തെ തന്നെ ട്രംപിനെ പ്രശംസിച്ചിരുന്നു."പ്രസിഡൻ്റ് ട്രംപ് ഇപ്പോൾ അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും നയിക്കുന്നത് ഇസ്രയേലിൻ്റെ കൂടി ഭാഗ്യമാണെന്ന് ഞാന്‍ പറയും. ഇസ്രയേലിൻ്റെ മാത്രം ഭാഗ്യമാണെന്ന് കരുതാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യമാണിതെന്ന് ഞാൻ കരുതുന്നു" നെതന്യാഹു പറഞ്ഞു.
ഏകദേശം രണ്ട് മാസത്തിന് മുമ്പ് ഒക്‌ടോബറില്‍ ട്രംപ് ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. കൂടികാഴ്‌ചയില്‍ പലസ്‌തീന്‍ ബന്ദികളെ മോചിപ്പിക്കുന്നതിനെുറിച്ചും ഇസ്രയേല്‍ പലസ്‌തീന്‍ വെടിനിര്‍ത്തലനെക്കുറച്ചും നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.കൂടികാഴ്‌ചയ്ക്ക് പിന്നാലെ നെതന്യാഹുവുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ട്രംപും പറഞ്ഞിരുന്നു. ഇസ്രയേലിനെ എക്കാലത്തേക്കാളും ശക്തനാക്കി മാറ്റിയത് നെന്യാഹു ആണെന്നും ട്രംപ് പ്രശംസിച്ചു. ചില വെല്ലുവിളികള്‍ രാജ്യത്തിന് തന്നെ വലയ പ്രശ്‌നമായി മാറിയിട്ടുണ്ടെന്നും നെതന്യാഹു പലതും പരിഹരിച്ചുവെന്നും ട്രംപ് പറഞ്ഞു.ഗാസ സമാധാന പദ്ധതിയിലുള്ള ഇസ്രയേലിൻ്റെ പങ്കിൽ താൻ സംതൃപ്‌തനാണെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഇസ്രയേൽ ചെയ്യുന്ന ഒന്നിനെക്കുറിച്ചും എനിക്ക് ആശങ്കയില്ല. അവർ പദ്ധതി പ്രകാരം പ്രവർത്തിച്ചുവെന്നത് നൂറ് ശതമാനം ശരിയാണ്. അവർ ശക്തരാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നെങ്കിലും ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളില്‍ രണ്ട് നേതാക്കൾക്കിടയിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് ട്രംപ് സമ്മതിച്ചു.