മൂന്ന് അന്താരാഷ്‌ട്ര സംഘടനകളുമായുള്ള ബന്ധം വിച്‌ഛേദിക്കുകയാണെന്ന് ഇസ്രയേൽ

മൂന്ന് അന്താരാഷ്‌ട്ര സംഘടനകളുമായുള്ള ബന്ധം വിച്‌ഛേദിക്കുകയാണെന്ന്  ഇസ്രയേൽ

ജറുസലേം: ഐക്യരാഷ്‌ട്ര സഭയുടെ രണ്ട് ഏജൻസികൾ ഉൾപ്പെടെ മൂന്ന് അന്താരാഷ്‌ട്ര സംഘടനകളുമായുള്ള ബന്ധം വിച്‌ഛേദിക്കുകയാണെന്ന അറിയിപ്പുമായി ഇസ്രയേൽ. അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്‌ചയാണ് 66 ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറിയത്. ഇതിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ ചുവടുമാറ്റം.നിരവധി സംഘടനകളുമായുള്ള ഇസ്രയേലിൻ്റെ തുടർച്ചയായുള്ള സഹകരണം പുനഃപരിശോധിക്കാൻ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിയോഡൻ സാർ നിർദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമഗ്രമായ പരിശോധനയ്ക്കും ചർച്ചയ്ക്കും ശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും പ്രാധാന്യം നൽകുന്ന യുഎൻ വുമൺ, വ്യാപാരത്തിനും വികസനത്തിനുമായുള്ള യുഎൻസിറ്റിഎഡി, പശ്ചിമേഷ്യയിലെ യുഎന്നിൻ്റെ സാമ്പത്തിക, സാമൂഹിക കമ്മീഷൻ ഇഎസ്‌സിഡബ്ല്യൂഎ തുടങ്ങിയ സംഘടനകളിൽ നിന്നുമാണ് ഇസ്രയേൽ പിൻവാങ്ങിയത്. അമേരിക്കയും ഈ സംഘടനകളിൽ നിന്നും പിന്മാറിയിരുന്നു.

വർഷങ്ങളായി ഇസ്രയേലിനെതിരായ ആക്രമണങ്ങൾ നടത്താനുള്ള വേദിയായി ചില രാജ്യങ്ങൾ സംഘടനകളെ ഉപയോഗിച്ചു എന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ ഊർജ്ജം പാഴാക്കുകയാണ് ചില സംഘടനകൾ എന്നും ഗ്ലോബൽ ഫോറം ഓൺ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെൻ്റ് രാജ്യങ്ങൾക്ക് സ്വന്തം കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കാനുള്ള ശേഷി ഇല്ലാതാക്കുന്നു എന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.2023 ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിനുശേഷം യുഎൻ ഏജൻസികൾ തങ്ങൾക്കെതിരെ പക്ഷപാതം കാണിക്കുന്നുവെന്ന് ഇസ്രയേലിന് രൂക്ഷമായ ആരോപണം ഉണ്ടായിരുന്നു. ഹമാസിന് സംരക്ഷണം നൽകുന്നതിൽ പലസ്‌തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്‌ട്ര സഭ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്ക് പങ്കുണ്ടെന്ന് ഇസ്രായേൽ ആവർത്തിച്ച് ആരോപിച്ചിരുന്നു.ഏജൻസിയിൽ അംഗത്വം ഉള്ളവരിൽ ചിലർ ഇസ്രയേലിനെതിരായുള്ള ആക്രമണത്തിൽ പങ്കെടുത്തതായും ഇസ്രയേൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് ഇസ്രായേൽ വളരെക്കാലമായി ഐക്യരാഷ്ട്രസഭയുമായി തർക്കത്തിലുമായിരുന്നു.

മുസ്‌ലീം ബ്രദർഹുഡിന് എതിരെ ട്രംപ്

കഴിഞ്ഞ ദിവസമാണ് മുസ്‌ലീം ബ്രദർഹുഡിന് നേരെ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് രംഗത്ത് എത്തിയത്. ഹമാസുമായി മുസ്ലീം ബ്രദർഹുഡിന് ബന്ധമുണ്ടെന്നും യുഎസ് പൗരന്മാര്‍ക്കും യുഎസ് താത്പര്യങ്ങള്‍ക്കും ഹാനികരമായ ശ്രമങ്ങൾ നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് മുസ്‌ലീം ബ്രദർഹുഡ് ഭീകരവാദ സംഘടനയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം.കഴിഞ്ഞ വർഷം ഒപ്പ് വച്ച എക്‌സിക്യൂട്ടിവ് ഉത്തരവ് പ്രകാരം മുസ്‌ലീം ബ്രദർഹുഡിന് ഉപരോധം ആവശ്യമാണെന്ന് കണ്ടെത്തിയാൽ അത് നടപ്പിലാക്കാൻ യുഎസ്‌ ഉദ്യോഗസ്ഥർക്ക് 45 ദിവസത്തെ സമയം നൽകുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.മുസ്‌ലീം ബ്രദർഹുഡിൻ്റെ ലെബനീസ്, ജോർദാൻ, ഈജിപ്ത്യൻ വിഭാഗങ്ങൾക്കെതിരെയായിരുന്നു ട്രംപിൻ്റെ നടപടി. ടെക്‌സസ് ഗവര്‍ണര്‍ മുസ്‌ലീം ബ്രദര്‍ഹുഡിനെ വിദേശ ഭീകര സംഘടനയായും അതിര്‍ത്തി കടന്നുള്ള ക്രിമിനല്‍ സംഘടനയായും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ഏകദേശം 100 വർഷം മുൻപ് ഈജിപ്‌തിലാണ് ബ്രദര്‍ഹുഡ് സ്ഥാപിതമായത്. ലോകമെമ്പാടും ഇതിന് പ്രാദേശിക ശാഖകളുമുണ്ട്.