രണ്ട് ദിവസത്തിനുള്ളിൽ മൂന്നാമത്തെ വധം :ഇറാൻ ഇന്റലിജൻസ് മന്ത്രിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ

ടെഹ്റാൻ: ഇറാൻ്റെ ഇൻ്റലിജൻസ് മന്ത്രി ഇസ്‌മായിൽ ഖാത്തിബിനെ വധിച്ചെന്ന് അവകാശ വാദവുമായി ഇസ്രയേൽ. വാർത്ത ഇതുവരെ ഇറാൻ സ്ഥിരീകരിച്ചിട്ടില്ല . ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി ഫോഴ്‌സ് തലവൻ ഗുലാം റെസ സുലൈമാനിയെയും കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ ഇൻ്റലിജൻസ് മന്ത്രിയുടെ മരണ വാർത്തയും പുറത്ത് വരുന്നത്.
നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാൻ്റെ ആക്രമണം തുടരുകയണ്. നേരത്തെ അലി ലാരിജാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ഇല്ലാതായത്.ഖമേനി വധിക്കപ്പെട്ട് തൊട്ടടുത്ത മിനിട്ടുകളിൽ തന്നെ ഇസ്രായേലിന് നേരെ കടുത്ത പ്രത്യാക്രമണം നടത്തിയയാളാണ് ഇസ്‌മായിൽ ഖാത്തിബ്. ഇറാൻ്റെ ആണവ നയത്തെയും ചർച്ചകളിലെ നിലപാടിനെയും കരുത്തുള്ളതാക്കി മാറ്റിയ വ്യക്തിത്വമാണ് അദ്ദേഹം.
അതേസമയം കഴിഞ്ഞ മാസം അവസാനത്തോടെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ ഇറാൻ്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പശ്ചിമേഷ്യ കടുത്ത സംഘർഷത്തിലേക്ക് നീങ്ങിയത്. പരമോന്നത നേതാവിൻ്റെ മരണത്തിന് ശേഷം, 67കാരനായ ലാരിജാനിയാണ് രാജ്യത്തിൻ്റെ ഭരണച്ചുമതലകൾ നിർവഹിച്ചിരുന്നത്.ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ ചൊവ്വാഴ്‌ച നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ അദ്ദേഹത്തിൻ്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഉന്നത നേതാക്കളുടെ മരണം ഇറാനിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭരണകൂടവുമായുള്ള ആണവ ചർച്ചകളിൽ തന്ത്രങ്ങൾ മെനയുന്നതിനായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയുടെ ഉപദേശകനായിരുന്നു ലാരിജാനി യുദ്ധം തുടങ്ങുന്നതിന് വെറും രണ്ട് ആഴ്‌ച മുൻപ് മധ്യസ്ഥരുമായി ചർച്ച നടത്താൻ അദ്ദേഹം ഒമാൻ സന്ദർശിക്കുകയും ചെയ്‌തിരുന്നു. മറ്റ് മുതിർന്ന ഇറാൻ നേതാക്കളെപ്പോലെ ലാരിജാനിക്കും അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ജനുവരിയിൽ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നതായും ആരോപണമുണ്ട്.