ഖമനേയിയുടെ പിൻഗാമിയായി ആരെ തെരഞ്ഞെടുത്താലും വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

 ഖമനേയിയുടെ പിൻഗാമിയായി ആരെ തെരഞ്ഞെടുത്താലും  വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

ജെറുസലേം: ഇറാനില്‍ പുതിയ പരമോന്നത നേതാവിനെ പ്രഖ്യാപിക്കാനിരിക്കെ മുന്നറിയിപ്പുമായി വീണ്ടും ഇസ്രയേല്‍. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനേയിയുടെ പിൻഗാമിയായി ആരെ തെരഞ്ഞെടുത്താലും അവരെ എല്ലാം വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാനിലെ ഉന്നത നേതൃത്വം ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇസ്രയേലിൻ്റെ ഭീഷണി.

റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് നിലവിൽ ഇറാൻ്റെ പുതിയ പരമോന്നത നേതാവായി ഖമയേനിയുടെ മകൻ മൊജ്‌തബ ഹുസൈനി ഖമനേയിയെ തെരഞ്ഞെടുക്കാനാണ് സാധ്യത. അതിനിടയിലാണ് കാറ്റ്‌സ് ഭീഷണിയുമായി രംഗത്തെത്തിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ പുറത്താക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി അമേരിക്കയുമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാൻ, ഇസ്രയേൽ, അമേരിക്ക തമ്മിലുള്ള ആക്രമണം അഞ്ചാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയിലാണ് ഭീഷണിയുമായി വീണ്ടും ഇസ്രയേൽ രംഗത്ത് എത്തുന്നത്. നിലിവിൽ ഇറാനില്‍ മരണ സംഖ്യ 1000 കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതില്‍ 181 പേര്‍ കുട്ടികളാണെന്നാണ് വിവരം. ഇന്നും പലയിടത്തും സ്‌ഫോടന ശബ്‌ദം കേട്ടതായി ജനങ്ങൾ പറയുന്നു.

ഖമനേയിയുടെ ശവസംസ്‌കാര ചടങ് മൂന്നുദിവസം 

36 വര്‍ഷം രാജ്യം ഭരിച്ച ഖാമനേയിയ്‌ക്ക് ഇനി വിശുദ്ധ നഗരമായ മഷാദില്‍ അന്ത്യവിശ്രമം. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്‌കാരം ചടങ്ങ് ഇന്ന്  മുതൽ ആരംഭിക്കും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങായിരിക്കും നടക്കുകയെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. ഖാമനേയിയുടെ ഖബറടക്കം ജന്മനാടായ മഷാദിലാണ് നടക്കുക. ഇന്ന് രാത്രി 10:00 മണിക്ക് ടെഹ്‌റാനിലെ ഇമാം ഖമനേയി ഗ്രാൻഡ് പള്ളിയിൽ പൊതുദർശനത്തിനെത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.