ആദ്യ വനിതാ പ്രധാനമന്ത്രിയ്‌ക്കായി ഒരുങ്ങി ജപ്പാൻ

ടോക്കിയോ: ആദ്യ വനിതാ പ്രധാനമന്ത്രിയ്‌ക്കായി ഒരുങ്ങി ജപ്പാൻ. ഭരണകക്ഷിയായ എൽഡിപിയുടെ നേതാവായി സനേ തകായിച്ചിയെ തെരഞ്ഞെടുത്തതോടെയാണ് ജപ്പാൻ്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയ്‌ക്കായുള്ള സാധ്യതകള്‍ തുറന്നത്. കൃഷി മന്ത്രി ഷിൻജിറോ കൊയ്‌സുമിയെ പരാജയപ്പെടുത്തി എൽഡിപി നേതൃ സ്ഥാനത്തെത്തിയാണ് സനേ തകായിച്ചി പ്രധാനമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നത്. മുൻ പ്രധാനമന്ത്രി ജൂനിചിരോ കൊയിസുമിയുടെ മകനാണ് കൃഷി മന്ത്രി കൂടിയായ ഷിൻജിറോ കൊയിസുമി.
പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നിർണായക വോട്ടെടുപ്പ് നടക്കുന്നത്. മുൻ സാമ്പത്തിക സുരക്ഷാ മന്ത്രിയായ സനേ തകായിച്ചി വോട്ടെടുപ്പിൽ വിജയിച്ചതോടെ ആദ്യ വനിതാ പ്രധാനമന്ത്രിയ്‌ക്കുള്ള സാധ്യതകള്‍ തുറന്നു. കടുത്ത രാഷ്ട്രീയ അതൃപ്‌തികൾ നിലനിൽക്കുന്നതിനിടയിലാണ് രാജ്യം ചരിത്രം സൃഷ്‌ടിക്കാൻ ഒരുങ്ങുന്നത്.ആദ്യ റൗണ്ട് വോട്ടെടുപ്പിൽ അഞ്ച് സ്ഥാനാർഥികളിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തത് കൊണ്ട് രണ്ടാം ഘട്ട തെരഞ്ഞടുപ്പ് നടന്നു. കൊയിസുമി വിജയിച്ചിരുന്നെങ്കിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുമായിരുന്നു. സമീപകാല തെരഞ്ഞെടുപ്പുകളിൽ എൽഡിപിക്ക് നിരവധി സീറ്റുകൾ നഷ്‌ടപ്പെട്ടിരുന്നു.