മിന്നും വിജയത്തോടെ ജനപിന്തുണ ഉറപ്പിച്ച് ജപ്പാൻ്റെ ആദ്യ വനിതാപ്രധാനമന്ത്രി

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി സനാതൻ താക്കൈച്ചിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രവിജയം. പാർലമെൻ്റിൻ്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ താക്കൈച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (LDP) ഒറ്റയ്ക്ക് 233 എന്ന ഭൂരിപക്ഷ മാന്ത്രിക സംഖ്യ കടന്നു. സഖ്യകക്ഷിയായ 'ഇഷിൻ' പാർട്ടിയുമായി ചേർന്ന് സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു. പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള താക്കൈച്ചിയുടെ വാഗ്‌ദാനങ്ങൾ നടപ്പിലാക്കാൻ ഈ വിജയം വഴിയൊരുക്കും.
കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് സനാതൻ താക്കൈച്ചി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഒക്‌ടോബറിൽ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം തൻ്റെ ജനപ്രീതി അളക്കുന്നതിനായി 110 ദിവസത്തിനുള്ളിൽ തന്നെ ഈ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു . ജപ്പാൻ്റെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കണമെന്നും ചൈനയുടെ ഭീഷണിയെ നേരിടാൻ കടുത്ത സൈനിക പരിഷ്‌കാരങ്ങൾ വേണമെന്നും അവർ വാദിക്കുന്നു. രാഷ്‌ട്രീയ വിഷയങ്ങളിൽ മടികൂടാതെയും വ്യക്തമായും സംസാരിക്കുന്ന താക്കൈച്ചി ജപ്പാൻ്റെ പാരമ്പര്യത്തിലും ദേശീയതയിലും ഊന്നിയുള്ള രാഷ്‌ട്രീയമാണ് പിന്തുടരുന്നത്.മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അടുത്ത അനുയായിയായിരുന്ന ഇവർ. ജപ്പാൻ്റെ ഉരുക്ക് വനിതയെന്നാണ് താക്കൈച്ചി അറിയപ്പെടുന്നത്. ചൈനയിൽ നിന്നുള്ള ഭീഷണി നേരിടാൻ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കുന്നതിലും ജപ്പാന്റെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിലും ഇവർ പ്രത്യേക ശ്രദ്ധ നൽകുന്നു.
രാജ്യത്തെ വിൽപന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളിലൂടെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഇവർ ലക്ഷ്യമിടുന്നു. നികുതി കുറയ്ക്കാനുള്ള നീക്കം സാമ്പത്തിക വിപണികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ താക്കൈച്ചിക്ക് വലിയ സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താക്കൈച്ചിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി:
താക്കൈച്ചിയുടെ വിജയത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. തക്കൈച്ചിയുടെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (LDP) സഖ്യം നേടിയത് മിന്നും വിജയമെന്നാണ് മോദി വിശേഷിപ്പിച്ചത്. ജപ്പാനുമായുള്ള ഇന്ത്യയുടെ പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ തക്കൈച്ചിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഇൻഡോ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം നിർണായകമാണ്. പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.താക്കൈച്ചിയുടെ സാമ്പത്തിക നയങ്ങൾ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.നിക്ഷേപ സാധ്യതകൾ: ജ പ്പാനിലെ വിൽപന നികുതി കുറയ്ക്കാനുള്ള താക്കൈച്ചിയുടെ തീരുമാനം ജാപ്പനീസ് കമ്പനികളുടെ ലാഭം വർധിപ്പിച്ചേക്കാം. ഇത് ഇന്ത്യയിലെ സെമി കണ്ടക്ടർ, ഗ്രീൻ എനർജി തുടങ്ങിയ മേഖലകളിൽ കൂടുതൽ ജാപ്പനീസ് നിക്ഷേപം എത്തുന്നതിന് കാരണമാകും.
രൂപയുടെ മൂല്യം: താക്കൈച്ചിയുടെ നയങ്ങൾ ജാപ്പനീസ് കറൻസിയായ 'യെൻ' (Yen)-ൻ്റെ മൂല്യത്തിൽ ചാഞ്ചാട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഇറക്കുമതി-കയറ്റുമതി ചിലവുകളെ ബാധിച്ചേക്കാം.
പ്രതിരോധ ഇടപാടുകൾ: സൈനിക ചെലവ് വർധിപ്പിക്കാനുള്ള താക്കൈച്ചിയുടെ നീക്കം ഇന്ത്യയുമായുള്ള പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റത്തിന് വേഗത കൂട്ടിയേക്കാം. ഇത് ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് ഗുണകരമാകും.
അടിസ്ഥാന സൗകര്യ വികസനം: മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പോലുള്ള പദ്ധതികളിൽ ജപ്പാൻ്റെ സാമ്പത്തിക സഹായം തുടരുന്നത് ഇന്ത്യയ്ക്ക് നിർണായകമാണ്. താക്കൈച്ചിയുടെ നയങ്ങൾ ഇത്തരം വൻകിട പദ്ധതികൾക്ക് കൂടുതൽ പിന്തുണ നൽകുമെന്ന് കരുതപ്പെടുന്നു.
സപ്ലൈ ചെയിൻ: ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്ന താക്കൈച്ചി, ജാപ്പനീസ് കമ്പനികളുടെ ഉൽപ്പാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ പ്രോത്സാഹനം നൽകിയേക്കാം.