സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കി: ഇന്ത്യ ഇന്ന്പാക്കിസ്ഥാനെ നേരിടും

ജോഹര്‍ ബാഹ്രു (മലേഷ്യ): സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കി മത്സരത്തിൽ ഇന്ന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും.ചാമ്പ്യന്‍ഷിപ്പിലെ ആദ്യകളിയില്‍ മലയാളി ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിന്റെ പരിശീലനത്തിൽ ഇറങ്ങിയ ഇന്ത്യ, ബ്രിട്ടനെയാണ് തോല്‍പ്പിച്ചത്. (3-2).ജൂനിയർ ടീമുകൾ തമ്മിലുള്ള പോരാട്ടം മലേഷ്യയിലെ ജോഹർ ബഹ്രുവിലുള്ള തമൻ ദയ ഹോക്കി സ്റ്റേഡിയത്തിലാണ് നടക്കുക. ഏഷ്യാ കപ്പിലും വനിതാ ലോകകപ്പ് ക്രിക്കറ്റിലും സ്വീകരിച്ചിരിക്കുന്ന 'ഹസ്‌തദാനം' വേണ്ട എന്ന നയം ഹോക്കിയിലും ഇന്ത്യ തുടരുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നിട്ടുണ്ട്.വിഷയത്തിൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക പ്രസ്‌താവനയൊന്നും വന്നിട്ടില്ലെങ്കിലും, മത്സരത്തിനിടെ ഇന്ത്യൻ കളിക്കാരുമായി കളിക്കളത്തിൽ ഏറ്റുമുട്ടൽ ഒഴിവാക്കാനും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പാക് ജൂനിയർ ടീമിനോടും സ്റ്റാഫിനോടും കോച്ച് കമ്രാൻ അഷ്‌റഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബർ 11 മുതൽ 18 വരെ മലേഷ്യയിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, മലേഷ്യ, ന്യൂസിലാൻഡ് എന്നീ ആറ് മുൻനിര അന്താരാഷ്ട്ര ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യൻ ജൂനിയർ ഹോക്കി ടീം ഇതുവരെ രണ്ട് മത്സരങ്ങളാണ് കളിച്ചത്. ആദ്യ മത്സരത്തിൽ ബ്രിട്ടനെ 3-2 നും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ 4-2 നും പരാജയപ്പെടുത്തി.രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്‍റുമായി ഇന്ത്യ പട്ടികയിൽ മുന്നിലാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയുമായി പാകിസ്ഥാൻ നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്. മലയാളിയും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ പിആർ ശ്രീജേഷാണു ടീമിന്‍റെ പരിശീലകൻ. നവംബർ 28നു തമിഴ്‌നാട്ടിൽ ആരംഭിക്കുന്ന ജൂനിയർ ലോകകപ്പിനുള്ള ഒരുക്കമത്സരം കൂടിയാണിത്.
റൗണ്ട് റോബിൻ ലീഗ് ഘട്ടത്തിൽ ആറ് ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. മികച്ച രണ്ട് ടീമുകൾ ഒക്ടോബർ 11 ന് നടക്കുന്ന ഫൈനൽ മത്സരത്തിലേക്ക് മുന്നേറും. ടൂര്‍ണമെന്‍റില്‍ നാല് തവണ കിരീടം നേടിയ നിലവിലെ ചാമ്പ്യന്മാരായ ഗ്രേറ്റ് ബ്രിട്ടൻ ആണ് ഏറ്റവും വിജയകരമായ ടീം. 2024-ൽ പതിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യ, 2013, 2014, 2022 വർഷങ്ങളിൽ കിരീടം ചൂടിയ വിജയകരമായ രണ്ടാമത്തെ ടീമാണ്. 2012, 2015, 2018, 2019 വർഷങ്ങളിൽ ഇന്ത്യൻ ടീം നാല് തവണ വെള്ളി മെഡലുകളും നേടിയിട്ടുണ്ട്. ആതിഥേയരായ മലേഷ്യയുടെ ഏക വിജയം 2011 ലെ ഉദ്ഘാടന പതിപ്പിലായിരുന്നു. 2013 ൽ വെള്ളിയും 2015 ലും 2019 ലും രണ്ടുതവണ വെങ്കലവും അവർ നേടി.
ഇന്ത്യയുടെ മത്സരങ്ങള്‍ :
ഒക്ടോബർ 14, ചൊവ്വ : ഇന്ത്യ vs പാകിസ്ഥാൻ - വൈകുന്നേരം 6:05
ഒക്ടോബർ 15, ബുധൻ : ഇന്ത്യ vs ഓസ്ട്രേലിയ - വൈകുന്നേരം 6:05
ഒക്ടോബർ 17, വെള്ളി : ഇന്ത്യ vs മലേഷ്യ - ഉച്ചയ്ക്ക് 1:35