അണ്ടർ 15 വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ് :മുംബൈയെ എട്ട് വിക്കറ്റിന് കേരളം തോല്‍പ്പിച്ചു

അണ്ടർ 15 വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ് :മുംബൈയെ എട്ട് വിക്കറ്റിന് കേരളം തോല്‍പ്പിച്ചു

ഇൻഡോർ: അണ്ടർ 15 വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് വിജയത്തുടക്കം. കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിന് കേരളം തോല്‍പ്പിച്ചു. 35 ഓവർ വീതമുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 119 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 27.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത വേദിക നികാമിനെ ജൊഹീന ജിക്കുപാൽ റണ്ണൗട്ടാക്കുകയായിരുന്നു. തുട‍ർന്ന് ക്യാപ്റ്റൻ റിയ ഥാക്കൂറും സൊനാക്ഷി സോളങ്കിയും ചേർന്ന് 37 റൺസ് കൂട്ടിച്ചേ‍ർത്തു. സൊനാക്ഷി 25ഉം റിയ 18ഉം റൺസെടുത്തു. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ മുംബൈയുടെ ബാറ്റിങ് പതറി. തുട‍ർന്നെത്തിയവരിൽ 26 റൺസെടുത്ത മുദ്ര മാത്രമാണ് പിടിച്ചു നിന്നത്. കേരളത്തിന് വേണ്ടി വൈ​ഗ അഖിലേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.