മാലാഖ കുഞ് ആലിന് കേരളം വിട നല്‍കുക ഇന്ന് ,ഔദ്യോഗിക ബഹുമതികളോടെ

മാലാഖ കുഞ്  ആലിന് കേരളം വിട നല്‍കുക ഇന്ന് ,ഔദ്യോഗിക ബഹുമതികളോടെ

പത്തനംതിട്ട: കേരളത്തിൻ്റെ നൊമ്പരമായി മാറിയ ആലിൻ ഷെറിൻ എബ്രഹാം എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിന് സംസ്ഥാന സർക്കാർ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വിട നൽകും. അവയവദാന രംഗത്ത് സമാനതകളില്ലാത്ത മാതൃക കാണിച്ചതിനാണ് കുഞ്ഞ് ആലിന് ഈ അപൂർവ്വ ബഹുമതി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്. ഇന്ന് വൈകുന്നേരം പത്തനംതിട്ട മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ വച്ചാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ. വാഹനാപകടത്തിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച കുഞ്ഞിൻ്റെ കരൾ, വൃക്കകൾ, ഹൃദയവാൽവ്, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആറിൽ താഴെ മാസം പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും കുഞ്ഞിൻ്റെ മാതാപിതാക്കളുടെ തീരുമാനത്തെ അഭിനന്ദിക്കുകയും ആദരസൂചകമായി പൊലീസിൻ്റെ ഗാർഡ് ഓഫ് ഓണർ നൽകാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു.തീരാവേദനയ്ക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും തയ്യാറായി. ഇതോടെയാണ് ആലിൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായത്. 2026 ഫെബ്രുവരി 5-ന് എം.സി റോഡിൽ പത്തനംതിട്ടയിലെ പള്ളം-ബോർമ ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 13-ന് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഏറ്റവും വലിയ ദുഃഖത്തിനിടയിലും മാനവികതയ്ക്ക് മുൻഗണന നൽകിയ ഇവരുടെ തീരുമാനം അവയവദാന രംഗത്ത് വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും അഭിനന്ദിച്ചു."ചെറിയ മാലാഖയുടെ വലിയ ദാനം" എന്ന രീതിയിൽ ആലിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇത്ര ചെറിയ പ്രായത്തിലുള്ള ഒരു കുട്ടിയിൽ നിന്ന് അവയവങ്ങൾ വിജയകരമായി വേർതിരിച്ചെടുക്കുന്നതും മറ്റൊരു കുഞ്ഞിലേക്ക് അത് മാറ്റിവെക്കുന്നതും വലിയൊരു നേട്ടമാണെന്ന് ഡോക്‌ടർമാരും അഭിപ്രായപ്പെട്ടു.




സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയാവദാതാവായ കുരുന്ന് പത്തു മാസം പ്രായമുള്ള ആലിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ഇന്ന്  നടത്തുക . മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും നൽകുന്ന സംസ്ഥാന ബഹുമതി, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെയും കുടുംബത്തിൻ്റെയും ത്യാഗത്തെ പരിഗണിച്ച് കുഞ്ഞിനും നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പൊലീസ് ഗാർഡ് ഓഫ് ഓണർ നല്‍കും. സംസ്ഥാന പൊലീസ് സേന നൽകുന്ന ആദരവാണിത്. സൈനിക ചിട്ടയോടെയുള്ള അഭിവാദ്യവും ഇതിൻ്റെ ഭാഗമായിരിക്കും.ജില്ലാ കലക്‌ടര്‍ മുഖേന മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിൻ്റെയും പേരിൽ ഔദ്യോഗികമായി പുഷ്‌പചക്രം സമർപ്പിക്കും. പൊതുഭരണ വകുപ്പിൽ നിന്ന് കുഞ്ഞിന് ഔദ്യോഗിക ബഹുമതി നൽകാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. അവയവങ്ങൾ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് മാർഗം അതിവേഗം എത്തിക്കാൻ പൊലീസ് ഏർപ്പെടുത്തിയ ഗ്രീൻ ചാനൽ സംവിധാനവും ഈ ആദരവിൻ്റെ ഭാഗമായി സർക്കാർ ഏകോപിപ്പിച്ചിരുന്നു.