സൂപ്പർ കപ്പി‍ൽ മുംബൈ സിറ്റിയുടെ മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ്‌ പതറി!, സെമി കാണാതെ പുറത്ത്

സൂപ്പർ കപ്പി‍ൽ മുംബൈ സിറ്റിയുടെ മുന്നിൽ  കേരള ബ്ലാസ്റ്റേഴ്‌സ്‌ പതറി!, സെമി കാണാതെ പുറത്ത്

ഗോവ: സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായി. ഫറ്റോഡ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തി‍ൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ സിറ്റിയോട് വീഴുകയായിരുന്നു. 88–ാം മിനിറ്റിൽ മുഹമ്മദ് സഹീഹിന്‍റെ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. ജയത്തോടെ സൂപ്പർ കപ്പ് സെമിഫൈനലിൽ മുംബൈ സ്ഥാനം ഉറപ്പിച്ചു. ഇരുടീമുകള്‍ക്കും ആറുപോയന്‍റാണെങ്കിലും പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ച പോയന്‍റ് കണക്കിലെടുത്താണ് മുംബൈ സെമി കടന്നത്.സമനില നേടിയാല്‍ പോലും സൂപ്പര്‍ കപ്പ് സെമിയിലേക്ക് മുന്നേറാനാകുമെന്ന പ്രതീക്ഷയിലായിരുന്നു മഞ്ഞപ്പട കളത്തിലിറങ്ങിയത്. ടൂർണമെന്‍റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ആദ്യ ഇലവനിൽ നിഹാൽ സുധീഷിന് പകരം ടിയാഗോ ആൽവെസ് ഇടം നേടി. ആദ്യ പകുതിയില്‍ ഇരുടീമുകളും ശക്തമായി പോരാടിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. കളിയിലെ ആദ്യത്തെ ഗോളവസരം ലഭിച്ചത് ബ്ലാസ്റ്റേഴ്‌സിനായിരുന്നു.അഡ്രിയാൻ ലൂണ ടിയാഗോ ആൽവസിന് വേണ്ടി ഒരു പാസ് അയക്കുകയായിരുന്നു. എന്നാല്‍ താരത്തിന്‍റെ ശ്രമം പോസ്റ്റിന് സമീപത്തേക്ക് പോകുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് സന്ദീപ് സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. അതോടെ പത്തുപേരുമായാണ് ഡേവിഡ് കാറ്റാലയുടെ ടീം രണ്ടാം പകുതി കളിച്ചത്.മത്സരം സമനിലയില്‍ അവസാനിക്കുമെന്നാണ് തോന്നിച്ചതെങ്കിലും അവസാനനിമിഷം സെല്‍ഫ് ഗോള്‍ വഴങ്ങിയത് ടീമിന് തിരിച്ചടിയായി. 88-ാം മിനിറ്റില്‍ ബോക്‌സിനുള്ളിലേക്ക് വന്ന പന്ത് മുഹമ്മദ് സഹീഹിന്‍റെ ദേഹത്തു തട്ടി നിര്‍ഭാഗ്യവശാല്‍ സ്വന്തം വലയില്‍ കടക്കുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്‍റെ സെമി മോഹം പൊലിഞ്ഞു.അതേസമയം സ്‌പോർട്ടിംഗ് ക്ലബ് ഡൽഹി - രാജസ്ഥാൻ യുണൈറ്റഡ് മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ രാജസ്ഥാൻ രണ്ട് ഗോളുകൾ നേടിയപ്പോള്‍ രണ്ടാം പകുതിയിൽ ഡൽഹി ഗംഭീര തിരിച്ചുവരവ് നടത്തി മത്സരം സമനിലയിലാക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന്‍ സെമിഫൈനൽ കാണാതെ പുറത്തായി. ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നില്‍ക്കുന്നത്.


സൂപ്പർ കപ്പ് 2025-26 നോക്കൗട്ട് റൗണ്ട്:

ഡിസംബർ 4- സെമി ഫൈനൽ മത്സരങ്ങൾ:

ഈസ്റ്റ് ബംഗാൾ എഫ്‌സി vs പഞ്ചാബ് എഫ്‌സി

എഫ്‌സി ഗോവ vs മുംബൈ സിറ്റി എഫ്‌സി

ഡിസംബർ 7, ഫൈനൽ:

വിന്നേഴ്‌സ് സെമി-ഫൈനൽ 1 vs വിന്നേഴ്‌സ് സെമി-ഫൈനൽ 2