സൂപ്പർ കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തില്‍

എറണാകുളം: എഐഎഫ്എഫ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്‍റില്‍ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കളിക്കളത്തിലിറങ്ങും. ഗ്രൂപ്പ് ഡിയിൽ മുംബൈ സിറ്റി എഫ്‌സി, എസ്‌സി ഡൽഹി, രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി എന്നിവയ്‌ക്കൊപ്പം വെല്ലുവിളി നിറഞ്ഞ പോരാട്ടമാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. നാളെ ഐ-ലീഗ് ടീമായ രാജസ്ഥാനെതിരായാണ് ഡേവിഡ് കറ്റാലയെന്ന സ്‌പാനിഷ് പരിശീലകന് കീഴില്‍ മഞ്ഞപ്പട യാത്ര ആരംഭിക്കുന്നത്.
നവംബർ 3-ന് ഹൈദരാബാദ് എഫ്‌സിയുമായി മത്സരം നടക്കും. ഈ ആദ്യ രണ്ട് മത്സരങ്ങൾക്കും ബാംബോലിം സ്റ്റേഡിയമാണ് വേദിയാകുന്നത്.കരുത്തുറ്റ താരനിരയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. പുതിയ താരങ്ങള്‍ ടീമിൽ ഇടം നേടിയതിൽ കാറ്റാല സംതൃപ്‌തനാണ്. ഈ മാസം 7ാം തീയ്യതി മുതൽ ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ പരിശീലനം നടത്തുന്നുണ്ട്. തകർപ്പൻ ജയത്തോടെ വരവറിയിക്കാനാവും കേരള ബ്ലാസ്റ്റേഴസ് ശ്രമിക്കുക. ടൂർണമെന്‍റിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്താൻ ഒരുങ്ങുന്ന പ്രധാന കളിക്കാരിൽ ജുവാൻ റോഡ്രിഗസ്, ടിയാഗോ ആൽവസ്, കോൾഡോ ഒബിയേറ്റ, അമേ റണാവാഡെ , അർഷ് ഷെയ്ഖ് എന്നിവരും ഉൾപ്പെടുന്നു.സൂപ്പർ കപ്പിൽ കളിപ്പിക്കുന്ന ടീമിനെ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസമാണ് രജിസ്റ്റർ ചെയ്‌തത്. 25 അംഗ ടീമില്‍ സന്ദീപ് സിങ്, മുഹമ്മദ് ഷഫീഫ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. സച്ചിൻ സുരേഷ് ഇത്തവണയും ഒന്നാം നമ്പറുകാരനായി ഇറങ്ങും. കഴിഞ്ഞ സീസണിലടക്കം തകർത്ത് കളിച്ച നോഹ സദോയി ഏഴാം നമ്പറിൽ തന്നെ തുടരും. ഡിസംബറിൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാനും സാധ്യതയുള്ളതിനാല്‍ അതിന് മുന്നോടിയായി സൂപ്പർ കപ്പ് കിരീടം നേടി കരുത്ത് തെളിയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നാണ് പ്രതീക്ഷ. 2025 മെയ് മാസത്തിൽ നടന്ന അവസാന ടൂർണമെന്‍റില്‍ ജംഷഡ്‌പൂർ എഫ്‌സിയെ പരാജയപ്പെടുത്തി എഫ്‌സി ഗോവയാണ് വീണ്ടും കിരീടം ചൂടിയത്.
സൂപ്പർ കപ്പ് ഗ്രൂപ്പുകൾ:
- ഗ്രൂപ്പ് എ: മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്, ഈസ്റ്റ് ബംഗാൾ എഫ്‌സി, ചെന്നൈയിൻ എഫ്‌സി, റിയൽ കശ്‌മീര്‍ എഫ്‌സി.
- ഗ്രൂപ്പ് ബി: എഫ്‌സി ഗോവ, ജംഷഡ്‌പൂർ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഇന്‍റര്‍ കാശി എഫ്‌സി.
- ഗ്രൂപ്പ് സി: ബെംഗളൂരു എഫ്‌സി, മുഹമ്മദൻ എസ്‌സി, പഞ്ചാബ് എഫ്‌സി, ഗോകുലം കേരള എഫ്‌സി.
- ഗ്രൂപ്പ് ഡി: മുംബൈ സിറ്റി എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി.
ഒക്ടോബർ 25 മുതൽ നവംബർ 6 വരെ നീളുന്ന ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 24 മത്സരങ്ങളുണ്ടാകും. നവംബറിലെ ഫിഫ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളക്ക് ശേഷമാണ് സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾക്ക് മാത്രമാണ് സെമിഫൈനലിലേക്ക് മുന്നേറാനാവുക. ടൂർണമെന്‍റിലെ വിജയികൾക്ക് 2026-27 എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-ൽ പ്ലേഓഫ് സ്ഥാനവും ലഭിക്കും.