കേരള മുഖ്യമന്ത്രി ബഹ്റൈനില്‍ :നാളെ പ്രവാസി മലയാളി സംഗമം

തിരുവനന്തപുരം/ മനാമ: ഗള്‍ഫ് സന്ദര്‍ശനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്റൈനില്‍ എത്തി. വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച പുലര്‍ച്ചെ 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനാവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വര്‍ഗീസ് കുര്യന്‍, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത്, ചെയര്‍മാന്‍ രാധാകൃഷ്ണ പിള്ള,, ലോക കേരള സഭാ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, ഷാനവാസ്, ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ലുലു കണ്‍ട്രി മാനേജര്‍ ജൂസര്‍ രുപവാല തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.എട്ടു വര്‍ഷത്തിനു ശേഷം ബഹ്റൈനില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാന്‍ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. സംഗമത്തില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാന്‍, പത്മശ്രീ എം എ യൂസഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളാകും.ഡിസംബര്‍ 1വരെ അഞ്ചു ഘട്ടങ്ങളായി നടക്കുന്ന ഗള്‍ഫ് പര്യടനത്തിൻ്റെ ഭാഗമായുള്ള ആദ്യ പര്യടനമാണിത്. ഈ മാസം 19 വരെയാണ് ആദ്യഘട്ട പര്യടനം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും 18 നും 19 നും നടക്കേണ്ട പരിപാടികള്‍ക്കായി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ 18ന് മുഖ്യമന്ത്രി നാട്ടിലേക്കു മടങ്ങും. 20നു കണ്ണൂരില്‍ സിപിഎമ്മിൻ്റെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. 21 നു കോഴിക്കോട്ടെ പരിപാടിക്കു ശേഷം ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരത്തെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സ്വീകരിക്കും. 22നും 23 നും മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടാകും. 23നു രാജ്ഭവനില്‍ കെ ആര്‍ നാരായണന്‍ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് ഒമാനിലെ മസ്‌കറ്റില്‍ 24 നു നടക്കുന്ന ചടങ്ങിനായി തലസ്ഥാനത്തു നിന്നു തിരിക്കും. മുഖ്യമന്ത്രിയും പി എ സുനീഷുമാണ് മനാമയിലെത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വിദേശ യാത്ര വിവരങ്ങള്‍ പുറത്തു വിടാതെ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. പരിപാടിയുടെ ഷെഡ്യൂളും ഇതുവരെ പുറത്തു വിട്ടിട്ടില്ല.