കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്നു തുടക്കം:വിപുലമായ സംവിധാനങ്ങൾ

തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വൈകീട്ട് നാലുമണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഫുട്ബോള്‍ താരം പദ്‌മശ്രീ ഐ.എം വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിയിക്കും.

  • ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ മേളയുടെ ബ്രാന്‍ഡ് അംബാസഡറും ചലച്ചിത്ര താരം കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറുമാണ്. 28 വരെയാണ് ഒളിമ്പിക്‌സ് മാതൃകയിലുള്ള രണ്ടാമത് കായികമേള സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും നടക്കും.ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മേളയിൽ ഇൻക്ലൂസീവ് സ്പോർട്‌സിന്‍റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കും. ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഗൾഫ് മേഖലയിൽ നിന്നും മേളയിൽ പങ്കെടുക്കും ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളണ്ടിയേഴ്‌സും ഭാഗമാകും.

    • പുത്തരിക്കണ്ടം മൈതാനത്ത് രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാലയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മറ്റ് അഞ്ച് അടുക്കളകളും പ്രവർത്തിക്കുന്നുണ്ട്. പത്ത് വർഷമായി കേരളത്തിൽ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്സിബിഷനും ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്നുണ്ട്.
  • സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോങ്‌ പുറത്തിറക്കി. പടുത്തുയർത്താം കായിക ലഹരി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രഫുൽദാസ് വി ആണ്. കോട്ടൺഹിൽ ഗവ. ഗേൾസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവങ്കരി പി തങ്കച്ചി ആണ് സംഗീതം നിർവഹിച്ചത്. കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ശിവങ്കരി പി തങ്കച്ചി, നവമി ആർ വിഷ്‌ണു, അനഘ എസ് നായർ, ലയ വില്യം, കീർത്തന എ.പി, തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ നന്ദകിഷോർ കെ.ആർ, ഹരീഷ്.പി, അഥിത്ത്.ആർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.
    • ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്. ഒക്ടോബർ 16 ന് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ട്രോഫിയുടെ സംസ്ഥാനതല പര്യടനം കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകൾ താണ്ടി 19ന് വൈകുന്നേരം തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ 10 മണിക്ക് പട്ടം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിച്ചേരുന്ന സ്വർണ്ണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും.
    • കായിക താരങ്ങളുടെ താമസത്തിനായി 74 സ്‌കൂളുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസുകൾ വിവിധ സ്‌കൂളുകളിൽ നിന്നും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സാനിറ്റൈസേഷൻ, ഇ-ടോയ്‌ലറ്റ്‌ സംവിധാനം എന്നിവ ഗ്രൗണ്ടുകളിലും താമസ സ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താരങ്ങൾക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സ്പോർട്‌സ് ആയുർവേദ, ഫിസിയോ തെറാപ്പി, സ്പോർട്‌സ് മെഡിസിൻ എന്നിവയുടെ സൗകര്യവും ആംബുലൻസ് സർവ്വീസും പ്രത്യേക മെഡിക്കൽ ടീം സേവനവും ഏർപ്പാടാക്കിയിട്ടുണ്ട്.