സൂപ്പർ ലീഗ് കേരളയില്‍ നാളെ കാലിക്കറ്റും മലപ്പുറവും നേര്‍ക്കുനേര്‍

മലപ്പുറം: സൂപ്പർ ലീഗ് കേരള ഫുട്‌ബോളില്‍ നാളെ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്.സി മലപ്പുറം എഫ്.സിയെ നേരിടും. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തില്‍ വൈകുന്നേരം 7:30ന് ആണ് മത്സരം. ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന മലപ്പുറം, ഉറച്ച ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. അതേസമയം, ആദ്യ മത്സരത്തിൽ കൊച്ചിക്കെതിരെ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ്.സിയോട് അടിപതറിയ കാലിക്കറ്റിന് ഒരു തിരിച്ചുവരവിനായി നാളെ ജയം അനിവാര്യമാണ്.നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുമായി മലപ്പുറം ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തും, മൂന്ന് പോയിന്‍റുള്ള കാലിക്കറ്റ് എഫ് .സി നാലാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. മൂന്ന് കളികളിൽ രണ്ട് ജയവുമായി 6 പോയിന്‍റോടെ തൃശൂരാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇരുടീമുകൾക്കും പട്ടികയിൽ മുന്നേറണമെങ്കില്‍ നാളെ ജയിക്കണം. കഴിഞ്ഞ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ രണ്ട് തവണയും വിജയം കാലിക്കറ്റ് എഫ്.സിക്ക് ഒപ്പമായിരുന്നു. പയ്യനാട് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കാലിക്കറ്റ് ജയിച്ചപ്പോൾ, സ്വന്തം ഹോം ഗ്രൗണ്ടിൽ രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു സീസൺ 1 ജേതാക്കളുടെ വിജയം.കഴിഞ്ഞ സീസണിൽ കാലിക്കറ്റിനായി മികച്ച പ്രകടനം പുറത്തെടുത്ത ഗനി നിഗം ഇത്തവണ മലപ്പുറം നിരയിലാണ്. ഈ മത്സരത്തിൽ ഇരു ടീമുകളുടെയും ഗോൾകീപ്പർമാരായ ഹജ്‌മലിന്‍റേയും (കാലിക്കറ്റ്) അസ്ഹറിന്‍റേയും (മലപ്പുറം) പ്രകടനം ഏറെ നിർണായകമാകും. സീസണിൽ ഇരുവരും മികച്ച ഫോമിലാണ്. തൃശ്ശൂരിനെതിരെയും കൊച്ചിക്കെതിരെയും കോഴിക്കോടിനായി നിർണായക സേവുകൾ നടത്തി ഹജ്‌മല്‍ തിളങ്ങിയപ്പോൾ, കണ്ണൂരിനെതിരായ മത്സരത്തിൽ അസ്ഹറായിരുന്നു മലപ്പുറത്തിന്‍റെ താരം.
റോയ് കൃഷ്‌ണയെയും സെബാസ്റ്റ്യൻ റിങ്കണിനെയും പോലുള്ള പ്രധാന താരങ്ങൾ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ഇരു ടീമിന്‍റേയും ആരാധകർ പ്രതീക്ഷിക്കുന്നത്. ടൂർണമെന്‍റില്‍ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിലെന്നപോലെ ഗാലറികളിലും ആവേശം അണപൊട്ടും. മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്‌സ്.കോമിലും (sports.com) എന്നിവയില്‍ തൽസമയം കാണാം.