"പ്രൈവറ്റ് ബസുകള്‍ കെഎസ്ആർടിസി വാടകയ്‌ക്ക് എടുക്കണം"

കോട്ടയം: സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതോടെ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല. വരുമാനം ഗണ്യമായി കുറഞ്ഞതിനാൽ ബസ് ഓടിക്കാൻ കഴിയാത്ത സാഹചര്യമെന്ന് കോട്ടയം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്‌ക്ക് എടുത്തു കൊണ്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് നിലവിലെ ആവശ്യം.''ജൂൺ 15-ാം തീയതി മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ നടപ്പാക്കിയ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ 80% വരുന്ന സ്വകാര്യ ബസുകളിൽ ഭൂരിഭാഗത്തിനും സർവ്വീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. സംസ്ഥാനത്ത് 3000 ത്തിനടുത്ത് കെ.എസ്.ആർ.ടി.സി ബസുകളും 10,000 ൽ കൂടുതൽ സ്വകാര്യ ബസുകളുമാണ് ഓർഡിനറി സർവ്വീസ് നടത്തുന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേറ്റു കഴിഞ്ഞ് പല പ്രാവശ്യം സ്വകാര്യ ബസുകൾക്കുള്ള ആശങ്ക സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയപ്പോഴും സംസ്ഥാനത്തെ സ്വകാര്യ ബസുകൾ കൂടി നിലനിർത്തേണ്ടതു സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നും അതിനാവശ്യമായ കാര്യങ്ങൾ സർക്കാർ ചെയ്യുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കിയെങ്കിലും അതിനുമുമ്പ് ബസുടമാസംഘടനകളുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ല. ജൂൺ 19-ാം തീയതി അവതരിപ്പിച്ച ബജറ്റിലായിരുന്നു പ്രതീക്ഷയെങ്കിലും നിർഭാഗ്യകരമെന്നു പറയട്ടെ സ്വകാര്യ ബസുകളുടെ റോഡ് നികുതിയിൽ 50% കുറവ് വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം മാത്രമാണുണ്ടായത്.

റോഡ് ടാക്‌സ് കുറച്ചതുകൊണ്ട് ഒരു ബസിന് ദിവസം 125 മുതൽ 150 രൂപ വരെയുള്ള നേട്ടമാണുണ്ടാവുക. 3000-4000 രൂപ വരെ ദിവസ വരുമാനത്തിൽ കുറവുണ്ടായ ബസുകൾക്ക് റോഡ് ടാക്‌സ് കുറച്ചതുകൊണ്ട് മാത്രം സർവ്വീസ് തുടരാനാവില്ല എന്നും'' അസോസിയേഷൻ പ്രസിഡൻ്റ് ജാക്‌സ ൺ സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ ജില്ലകളിലും ഒരേ ജില്ലയിലെ തന്നെ വിവിധ റൂട്ടുകളിലും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളെ കെ.എസ്.ആർ.ടി.സി.യിലെ സ്ത്രീകളുടെ സൗജന്യയാത്ര ഒരേപോലെയല്ല ബാധിക്കുന്നതെന്നും തങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഭീമമായ വരുമാന നഷ്ട മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.50% വരുമാനം നഷ്‌ടപ്പെടുന്ന സ്വകാര്യബസുകൾ മുതൽ വരുമാനം ഒട്ടും നഷ്‌ടപ്പെടാത്തവർ വരെയുണ്ടാകും. ഇക്കാരണത്താൽ റോഡ് നികുതിയിലോ ഇന്ധനവിലയിലോ പൊതുവായി ഇളവുകൾ അനുവദിച്ചാൽ കൂടുതൽ വരുമാനം നഷ്‌ടപ്പെടുന്നവർക്കു സർവ്വീസ് നടത്താനാവില്ല എന്നുമാത്രമാല്ല സാമാന്യ നീതിയ്ക്കു നിരക്കുന്നതുമല്ല.നിലവിൽ 20% മാത്രമുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി സർവ്വീസുകളിലൂടെ പരമാവധി 10% ൽ താഴെ സ്‌തീകൾക്കു മാത്രമേ സൗജന്യ യാത്രയുടെ പ്രയോജനം കിട്ടു. കെ.എസ്.ആർ.ടി.സി ബസില്ലാത്ത റൂട്ടുകളിലെ 70% ൽ അധികം വരുന്ന, നിലവിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല.

ഈ റൂട്ടുകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിനു വേണ്ടിയുള്ള ആവശ്യം ഉയരുകയും പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ശക്തമായി ആവശ്യപ്പെടുകയും ചെയ്യുമ്പോൾ സർക്കാർ സമ്മർദ്ദത്തിലാകുകയും ഏതുവിധേനയും ബസുകൾ സംഘടിപ്പിച്ച് സർവ്വീസിനയക്കാൻ നിർബന്ധിതരാകുകയും ചെയ്യും.ഇതുവഴി കെ.എസ്.ആർ. ടി.സി യുടെ നഷ്‌ടം വർദ്ധിക്കുകയും സ്വകാര്യമേഖല പൂർണ്ണമായി നശിക്കുകയും ചെയ്യുക പൊതുഗതാഗത സംവിധാനത്തിന്റെ തന്നെ തകർച്ചയിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് വ്യക്തമാക്കി.

നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു

ഈയൊരു സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന് ഗുണകരവും കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യബസുകളുടെയും തകർച്ച ഒഴിവാക്കാനുതകുന്നതുമായ നിർദ്ദേശങ്ങൾ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സർക്കാരിന് സമർപ്പിച്ചു. സംസ്ഥാനത്തെ സ്വകാര്യബസുകൾ കിലോമീറ്ററിന് 55 രൂപ വാടക നിശ്ചയിച്ച് വാടക ഉടമയ്ക്കു നൽകി ജീവനക്കാരുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്ത് വരുമാനം മുഴുവനായി സർക്കാർ ഏടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.