ഇതിഹാസ താരം ബ്രിജിത്ത് ബര്‍ദോത്ത് അന്തരിച്ചു

പാരിസ്: ഫ്രഞ്ച് ചലച്ചിത്രലോകത്ത് മാറ്റത്തിന്‍റെ കൊടുങ്കാറ്റ് വിതച്ച താരം ബ്രിജിത്ത് ബര്‍ദോത്ത്(91) അന്തരിച്ചു. 1950കളിലും 60കളിലും വെള്ളിത്തിരയിൽ വിപ്ലവം സൃഷ്‌ടിച്ച താരമാണ് വിടപറഞ്ഞത് . ലൈംഗിക വിമോചനത്തിന്‍റെ പ്രതീകമായാണ് ബ്രിജിത്തിനെ ചലച്ചിത്ര ലോകം അടയാളപ്പെടുത്തുന്നത്. ഗായിക കൂടി ആയിരുന്നു.
സ്വതന്ത്രവും ആകര്‍ഷകവുമായ സ്‌ത്രീ കഥാപത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടായിരുന്നു അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. മിനിസ്‌കര്‍ട്ട്, ഹെയര്‍ സ്റ്റൈല്‍ എന്നിവയൊക്കെ വിവാദം സൃഷ്‌ടിച്ചിരുന്നു. വിവാഹം, ജീവിത ശൈലി എന്നിവയിലും സ്വതന്ത്ര നിലപാടുകളെടുത്തു. അതിലൂടെ ലോകമെമ്പാടുമുള്ള സ്‌ത്രീകള്‍ക്ക് സ്വന്തം ശരീരത്തെയും ആഗ്രഹങ്ങളെയും തുറന്നും സ്വതന്ത്രമായും അംഗീകരിക്കാനുള്ള പ്രചോദനമായി.
മൃഗാവകാശ പ്രവര്‍ത്തക എന്ന നിലയിലും ശ്രദ്ധേയ ആയിരുന്നു. തീവ്രവലത് പക്ഷ ചിന്തകള്‍ പുലര്‍ത്തിയിരുന്ന വ്യക്തിത്വവും ആയിരുന്നു. 'ബ്രിജിത്ത് ബാര്‍ദോത്ത് ഫൗണ്ടേഷ'നാണ് അവരുടെ മരണ വാര്‍ത്ത അറിയിച്ചത്. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അവര്‍ ചലച്ചിത്ര ലോകം വിട്ടതെന്നും ഫൗണ്ടേഷന്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ഒക്‌ടോബറില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബിബി എന്നാണ് ഫ്രഞ്ച് ചലച്ചിത്രലോകത്ത് ഇവര്‍ അറിയപ്പെട്ടിരുന്നത്. 'ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം' എന്നാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്‍റെ അനുശോചന സന്ദേശത്തില്‍ വിശേഷിപ്പിച്ചത്.1934 സെപ്റ്റംബര്‍ 28ന് ഒരു യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിലാണ് ബ്രിജിത്ത ജനിച്ചത്. നാല് തവണ വിവാഹം കഴിച്ച ബ്രിജിത്തയ്ക്ക് രണ്ടാമത്തെ ഭര്‍ത്താവ് ചലച്ചിത്രതാരം ജാക്വസ് ചാരിയറില്‍ ഒരു മകനുണ്ട്- നിക്കോളാസ് ജാക്വിസ് ചാരിയര്‍.1956ലെ ആന്‍ഡ് ഗോഡ് ക്രീയേറ്റഡ് വുമണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ബാര്‍ദോത്ത് ആഗോളതലത്തില്‍ ശ്രദ്ധേയ ആകുന്നത്. 1973ല്‍ ചലച്ചിത്ര രംഗം വിടുന്നതിന് മുമ്പായി അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ക്ക് വേണ്ടി തന്‍റെ ജീവിതം നീക്കി വയ്ക്കുകയായിരുന്നു വെള്ളി വെളിച്ചത്തില്‍ നിന്ന് ബ്രിജിത്ത്.