വീര്യം കൂടിവരുന്ന മദ്യനയവിവാദം : ബക്കാർഡി മദ്യക്കമ്പനി എൽഡിഎഫ് സർക്കാറുമായുള്ള 'ഡീൽ' വെളിപ്പെടുന്ന കത്തുകൾ പുറത്ത്.

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വിൽപ്പനയുടെ പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ "ബക്കാർഡി സതീശൻ" എന്ന് വിമർശിച്ച് സിപിഎം സോഷ്യൽ മീഡിയ പ്രൊഫൈലുകൾ രംഗത്തുവരുന്നതിനിടെ എൽഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കി മുൻ എൽഡിഎഫ് സർക്കാരിന് ബക്കാർഡി മദ്യക്കമ്പനി നൽകിയ കത്തുകൾ പുറത്ത്.

വീര്യം കുറഞ്ഞ മദ്യം വിപണനം നടത്തുന്നതിന് വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയുള്ള വിജ്ഞാപനം അംഗീകരിച്ച രണ്ടാം പിണറായി സർക്കാരിലെ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റെ ഉത്തരവും പുറത്തായി. ഒന്നാം പിണറായി സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണനും രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് നാലാം മാസം അന്നത്തെ എക്സൈസ് മന്ത്രിയും ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയുമായ എം.വി. ഗോവിന്ദനും ബക്കാർഡി കമ്പനി നൽകിയ കത്തുകളാണ് പുറത്തുവന്നത്.വീര്യം കുറഞ്ഞ ബക്കാർഡി ബ്രീസർ മദ്യം കേരളത്തിൽ വിൽപ്പന നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ബക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അന്നത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് കത്തയക്കുന്നത് 2017 ജൂൺ 6ന്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി ഉത്പാദിപ്പിക്കുന്ന ബക്കാർഡി ബ്രീസർ എന്ന ഉത്പന്നം മദ്യാസക്തി കുറയ്ക്കുന്ന ഉത്പന്നമാണെന്നും അതുപോലെ ടൂറിസം മേഖലയിൽ 'റെഡി ടു ഡ്രിങ്ക്' എന്ന നിലയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഉത്പന്നമാണെന്നും കത്തിൽ കമ്പനി വ്യക്തമാക്കിയിരുന്നു.നാല് മുതൽ എട്ട് ശതമാനം വരെ വീര്യമുള്ള ഈ മദ്യം ബിയർ, വൈൻ ഉത്പന്നങ്ങളെക്കാൾ വീര്യം കുറഞ്ഞതും ടൂറിസം മേഖലയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളതുമാണ്. ബക്കാർഡി ബ്രീസർ ഉപയോഗിക്കുന്നത് ലഹരി അടിമത്തിലേക്കോ മദ്യാസക്തിയിലേക്കോ എത്തിക്കുന്നതല്ലെന്ന് കമ്പനി കത്തിൽ അവകാശപ്പെടുന്നു. മാത്രമല്ല, കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗോവ, പോണ്ടിച്ചേരി, ബാംഗ്ലൂർ തുടങ്ങിയ ഇടങ്ങളിലെല്ലാം ബക്കാർഡി ബ്രീസർ 'റെഡി ടു ഡ്രിങ്കി'ന് ധാരാളം ആവശ്യക്കാരാണുള്ളതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി ടാക്സിനോട് ഈ കത്ത് പരിശോധിക്കാൻ മന്ത്രി കത്തിൽ സ്വന്തം കൈപ്പടയിലെഴുതിയിട്ടുമുണ്ട്.2021ൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് കമ്പനി ഇതേ ആവശ്യമുന്നയിച്ച് വീണ്ടും കത്തുനൽകിയത് 2021 സെപ്റ്റംബർ 17ന്. ഈ കത്ത് പരിശോധിച്ച് ഉചിതമായ നിർദേശം തയ്യാറാക്കാൻ സ്വന്തം കൈപ്പടയിൽ മന്ത്രി നിർദേശിക്കുന്നതായും കത്തിന്റെ മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കത്ത് പരിഗണിച്ച മന്ത്രി ബക്കാർഡി ഉൾപ്പെടെയുള്ള കമ്പനികൾ സമർപ്പിച്ച സമാനമായ അപേക്ഷയുടെ മേൽ വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം തയ്യാറാക്കി വിശദമായ അടിയന്തിര റിപ്പോർട്ട് തയ്യാറാക്കാൻ നികുതി സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് 2021 നവംബർ 21ന് നിർദേശം നൽകി.ഇതിനുശേഷം 2022-2023 വർഷത്തെ മദ്യനയത്തിൽ 20 ശതമാനം വരെ വീര്യമുള്ള മദ്യം വിൽക്കുന്നതിനുള്ള അനുമതി സർക്കാർ ഉൾപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യം വിപണനം സാധ്യമാക്കുന്നതിന് വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ഫയൽ നികുതി സെക്രട്ടറി രത്തൻ ഖേൽക്കർ 2023 ജനുവരി 5ന് എക്സൈസ് മന്ത്രി എം.ബി. രാജേഷിന് സമർപ്പിച്ചു. പിറ്റേ ദിവസം രാവിലെ 11.38ന് എം.ബി. രാജേഷ് ഇതു സംബന്ധിച്ച ഫയൽ അംഗീകരിച്ച് ഒപ്പിട്ടതു സംബന്ധിച്ച രേഖകളും പുറത്തുവന്നിട്ടുണ്ട്.വീര്യം കുറഞ്ഞ മദ്യ വിൽപ്പന സംബന്ധിച്ച് വി.ഡി. സതീശൻ നടത്തിയ കള്ളം കയ്യോടെ പിടിക്കപ്പെട്ടുവെന്ന് പരിഹാസവുമായി എം.ബി. രാജേഷ് രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബക്കാർഡിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് വീര്യം കുറഞ്ഞ മദ്യ വിൽപ്പന സംസ്ഥാനത്ത് അനുവദിച്ചുകൊണ്ടുള്ള വിദേശ മദ്യ ചട്ടത്തിൽ അന്നത്തെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഒപ്പിട്ടതിന്റെ രേഖകൾ പുറത്തുവന്നത്. ഇതു സംബന്ധിച്ച കൂടുതൽ രേഖകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.