‘പാർട്ടി തലത്തിൽ ചർച്ച നടത്തുകയായിരുന്നു അഭികാമ്യം, മദ്യനികുതിയിളവ് പിൻവലിക്കണം": വിഎം.സുധീരൻ
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയ നികുതി സ്ലാബ് മാറ്റത്തിനെതിരെ വീണ്ടും പരസ്യ അതൃപ്തിയുമായി വി.എം. സുധീരൻ രംഗത്ത്. നിയമസഭയിൽ ഈ നിർദ്ദേശം അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടികളിലും യു.ഡി.എഫിലും ചർച്ചകൾ നടത്തണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.നയരൂപീകരണത്തിൽ സുതാര്യതയും വ്യക്തതയും വേണമെന്നും, സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തീരുമാനങ്ങൾ ഒഴിവാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ നിർദ്ദേശം പിൻവലിക്കണമെന്നും അദ്ദേഹം സർക്കാരിനോട് നിർദ്ദേശിച്ചു.മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ ആഭ്യന്തരവകുപ്പ് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ടെന്ന് സുധീരൻ പ്രശംസിച്ചു. എന്നാൽ, പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ വി.ഡി. സതീശൻ സ്വീകരിച്ച നിലപാടുകൾ ഓർമ്മിപ്പിച്ച അദ്ദേഹം, അതേ കർശനമായ നിലപാടുകൾ സർക്കാർ കാര്യങ്ങളിലും തുടരണമെന്ന് ആവശ്യപ്പെട്ടു. കരിമണൽ ഖനന വിഷയത്തിലുള്ള അവ്യക്തത നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.