ലയണല്‍ മെസിക്ക് കൊല്‍ക്കത്തയില്‍ ഊഷ്മള വരവേല്‍പ്പ് : കൊല്‍ക്കത്തയില്‍ നടന്നത് നാടകീയ നിമിഷങ്ങള്‍ സതാദ്രു ദത്ത കസ്റ്റഡിയില്‍..! മെസ്സി ആരാധകരോട് മാപ്പുപറഞ്ഞ് മമത ബാനർജി

കൊല്‍ക്കത്ത: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇതിഹാസ ഫുട്‌ബോള്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസിക്ക് കൊല്‍ക്കത്തയില്‍ ഊഷ്മള വരവേല്‍പ്പാണ്  ആരാധകർ നല്‍കിയത്.എന്നാൽ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഒരു ആഘോഷ പരിപാടി  അരാജകത്വത്തിലേക്കാണ് വഴിമാറിയത് . കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുള്ള  മെസ്സിയുടെ വരവ് അക്രമത്തിലും നിരാശയിലും  അവസാനിച്ചു . മെസ്സിയെ ശരിയായി കാണാന്‍ കഴിയാത്തതില്‍ വന്‍ ആരാധക പ്രതിഷേധമാണ് അലയടിച്ചത്. സ്റ്റേഡിയത്തിലുണ്ടായ ഗുരുതരമായ ജനക്കൂട്ട പ്രതിഷേധം കൊല്‍ക്കത്തയിലെങ്ങും നാടകീയത സൃഷ്‌ടിച്ചു.

ആയിരക്കണക്കിന് ആരാധകർ മണിക്കൂറുകളോളമാണ് ആകാംക്ഷയോടെ തങ്ങളുടെ താരത്തെ കാണാന്‍ കാത്തിരുന്നത്. എന്നാല്‍ മെസ്സി ഗ്രൗണ്ടില്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്. ഇതോടെ പ്രകോപിതരായ കാണികള്‍ കുപ്പി ഉള്‍പ്പെടെ എറിയുകയും സൈൻബോർഡുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌തു. 'ഗോട്ട് ഇന്ത്യ ടൂർ 2025' ഭാഗമായി ഫുട്ബോൾ ഇതിഹാസത്തിന്‍റെ സന്ദർശനത്തിന് സൗകര്യമൊരുക്കിയത് കൊല്‍ക്കത്തയിലെ സതാദ്രു ദത്ത എന്ന സംരംഭകനാണ്. സംഘാടനത്തിലെ പിഴവിനെ തുടര്‍ന്ന് ദത്തയെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തതായി എഡിജി ലോ ആന്‍ഡ് ഓർഡർ, ജാവേദ് ഷമിം സ്ഥിരീകരിച്ചു.

. മെസി രാവിലെ 11.30നാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ഇതിഹാസ താരമായത് കൊണ്ട് സ്റ്റേഡിയത്തില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരുന്നത്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മെസിയോട് ക്ഷമ ചോദിച്ചു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മോശം മാനേജ്മെന്റില്‍ താന്‍ വളരെയധികം അസ്വസ്ഥയാണെന്നും സംഭവം ഞെട്ടിച്ചതായും മമത എക്‌സില്‍ കുറിച്ചു.

ലേക്ക് ടൗണിലെ ശ്രീ ഭൂമി സ്‌പോര്‍ട്ടിംഗ് ക്ലബിലെ 70 അടി ഉയരമുള്ള തന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് മെസി സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. മെസി സ്‌റ്റേഡിയത്തില്‍ എത്തിയ ഉടന്‍ ഇതിഹാസ താരത്തിന്റെ അടുത്തെത്താന്‍ ആരാധകര്‍ തിരക്കുകൂട്ടാന്‍ തുടങ്ങിയതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. കനത്ത സുരക്ഷാവലയം ഉണ്ടായിട്ടും ഗേറ്റുകള്‍ തകര്‍ത്തും മെസിക്ക് അരികില്‍ എത്താനാണ് ആരാധകര്‍ ശ്രമിച്ചത്. മെസി ഗ്രൗണ്ടിലെ ടണലില്‍ നിന്ന് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സ്ഥിതിഗതികള്‍ വഷളായത്. മെസിക്ക് അരികിലെത്താന്‍ ആരാധകര്‍ തിരക്കുകൂട്ടിയതോടെ, സുരക്ഷയുടെ ഭാഗമായി മെസിയെ സ്ഥലത്ത് നിന്ന് മാറ്റി. തുടര്‍ന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അനുയായികള്‍ സുരക്ഷ ലംഘിച്ച് കളിക്കളത്തിലേക്ക് പ്രവേശിക്കുന്നതാണ് പിന്നീട് കണ്ടത്.അര്‍ജന്റീനിയന്‍ താരത്തെ കാണാനുള്ള ടിക്കറ്റുകള്‍ക്കായി 4,500 മുതല്‍ 10,000 രൂപ വരെ നല്‍കിയ ആരാധകര്‍ കുപ്പികള്‍ എറിഞ്ഞും ഫൈബര്‍ഗ്ലാസ് സീറ്റുകള്‍ നശിപ്പിച്ചുമാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ഒടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു. നേരത്തെ ആരാധകരുടെ രോഷപ്രകടനത്തിനെ തുടര്‍ന്ന് മെസിക്കൊപ്പമുള്ള പ്രത്യേക പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയ്ക്കും മുഖ്യമന്ത്രി മമത ബാനര്‍ജിക്കും അതിന് സാധിച്ചില്ല.

'ഇവിടെ, ഒരു ഗ്ലാസ് ശീതളപാനീയത്തിന് 150-200 രൂപ വിലവരും, എന്നിട്ടും ഞങ്ങള്‍ക്ക് മെസ്സിയെ ഒരു നോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല. ആളുകള്‍ ഒരു മാസത്തെ ശമ്പളം ചെലവഴിച്ച് അദ്ദേഹത്തെ കാണാന്‍ വന്നത്. ടിക്കറ്റിനായി ഞാന്‍ 5,000 രൂപ നല്‍കി, എന്റെ മകനോടൊപ്പം വന്നത് മെസിയെ കാണാന്‍ വേണ്ടിയാണ്. മാനേജ്മെന്റാണ് കുറ്റക്കാര്‍. കുടിവെള്ളം പോലും ലഭ്യമല്ലായിരുന്നു,'- മെസി ആരാധകരനായ അജയ് ഷാ  പറഞ്ഞു.

ആരാണ് സതാദ്രു ദത്ത?

ലയണൽ മെസ്സി, ഡീഗോ മറഡോണ, പെലെ, എമി മാർട്ടിനെസ്, റൊണാൾഡീഞ്ഞോ, കഫു തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന സംരംഭകനാണ് സതാദ്രു ദത്ത. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ റിഷ്രയിൽ നിന്നുള്ള സതാദ്രു ദത്ത, സ്‌പോര്‍ട്‌സ് പ്രമോഷൻ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ ഒരു പ്രമുഖ വ്യക്തിയാണ്. തുടക്കത്തിൽ ധനകാര്യത്തിലും നിക്ഷേപത്തിലും ഒരു കരിയർ ആരംഭിച്ച ദത്ത പിന്നീട് കായികരംഗത്തേക്ക് തിരിയുകയായിരുന്നു. 2011-ൽ 'എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്' സ്ഥാപിച്ചു. സ്പോർട്‌സ് മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്‌മെന്‍റ്, സാമൂഹിക വിഷയങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് കമ്പനിയുടെ പ്രവർത്തനം. ഈ ബ്രാന്‍ഡിലാണ് ഗോട്ട് ഇന്ത്യ ടൂര്‍ സംഘടിപ്പിക്കുന്നത്.

മെസ്സിയുടെ പ്രതിമ അനാവരണം ചെയ്‌തു

ഇന്ന് പുലർച്ചയോടെ കൊൽക്കത്തയിൽ വിമാനമിറങ്ങിയ മെസ്സിയെ ആയിരക്കണക്കിന് ആരാധകരാണു സ്വീകരിക്കാനെത്തിയത്. ‘Goat Tour’ എന്നുപേരിട്ട സ്‌പോൺസർ പരിപാടിയിൽ പ്രമുഖ കളിക്കാരായ ലൂയിസ്‌ സുവാരസും റോഡ്രിഗോ ഡി പോളും ഒപ്പമുണ്ട്. താരങ്ങള്‍ ഹൈദരാബാദ്‌, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.

കൊൽക്കത്ത ശ്രീഭൂമി സ്പോർടിങ് ക്ലബ്ബ് നിർമിച്ച മെസ്സിയുടെ പ്രതിമ രാവിലെ നടന്ന ചടങ്ങിൽ സൂപ്പർ താരം അനാവരണം ചെയ്‌തു. 70 അടിയോളം ഉയരമുള്ള പ്രതിമയാണ് ഹോട്ടൽ മുറിയിൽനിന്ന് മെസ്സി ഉദ്ഘാടനം ചെയ്‌തത്. അതേസമയം 2011 ൽ ഫുട്ബോൾ ഇതിഹാസം കൊൽക്കത്ത സന്ദർശിച്ചപ്പോഴാണ് മെസ്സി അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അന്ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അർജന്‍റീന വെനിസ്വേലയെ 1-0 ന് പരാജയപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ തൃണമൂല്‍ സര്‍ക്കാരിനെ ആക്രമിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി. 'അന്താരാഷ്ട്ര വേദിയിൽ ആകെ നാണക്കേടാണിതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. മെസ്സിയെപ്പോലുള്ള ഒരു ആഗോള ഇതിഹാസത്തെ കാണാന്‍ വലിയ തോതിൽ പൊതുജന പങ്കാളിത്തം കാണും, എന്നിട്ടും ആസൂത്രണമില്ല, വളരെ കുറച്ച് സുരക്ഷ മാത്രം! മുഖ്യമന്ത്രി മമത ബാനർജിക്ക് ഒരു പരിപാടി സംഘടിപ്പിക്കാനോ കൈകാര്യം ചെയ്യാനോ പോലും കഴിയില്ലായെന്ന് പൂനാവാല പറഞ്ഞു.