കേരളം തദ്ദേശതെരഞ്ഞെടുപ്പ് ആവേശത്തിൽ :133 ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി; വയനാട് മുന്നിൽ...

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. രാവിലെ മുതൽ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. കാസർകോട് ഉൾപ്പെടെ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങളിലെ തകരാർ മൂലം 133 ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയത് നേരിയ ആശങ്കയ്ക്കിടയാക്കി.തെരഞ്ഞെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പാണക്കാട് തങ്ങൾമാർ, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ രാവിലെ തന്നെ ബൂത്തുകളിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പിനോടനുബന്ധിച്ച് ശക്തമായ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും നടക്കുന്നുണ്ട്.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഏശില്ലെന്ന് മുഖ്യമന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മുഖ്യമന്തി പിണറായി വിജയന്‍. പിണറായി ചേരിക്കല്‍ ജൂനിയര്‍ എല്‍പി സ്‌കൂളില്‍ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എല്‍ഡിഎഫിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ജനപിന്തുണ എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ ഏശില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യതോടെയുള്ള നടപടിയുണ്ടാകില്ല. അത് വിശ്വാസികള്‍ക്ക് അറിയാം. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിശ്വാസികളുടെയാകെ പിന്തുണയുണ്ട്. വിഷയം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ദുഷ്പ്രചാരണങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തിയത്. ഇക്കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ വണ്ടിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം വർഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
"സർക്കാരിനെതിരായ ജനങ്ങളുടെ വിധിയെഴുത്താകും"
എന്നാൽ സർക്കാരിനെതിരായ ജനങ്ങളുടെ വിധിയെഴുത്താകും ഇതെന്നും യുഡിഎഫ് കേന്ദ്രങ്ങളിൽ കനത്ത പോളിങ് ആണെന്നും പ്രതിപക്ഷം അവകാശപ്പെടുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കേസും ശബരിമല വിഷയവും തെരഞ്ഞെടുപ്പ് ദിവസവും സജീവ ചർച്ചാവിഷയമായി നിലനിൽക്കുന്നുണ്ട്.
ജില്ല തിരിച്ചുള്ള പോളിങ് നില
ഏഴ് ജില്ലകളിലായി 4.38 ശതമാനം പോളിങ് ആണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട് ജില്ലയിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ല തിരിച്ചുള്ള കണക്കുകൾ താഴെ പറയുന്ന രീതിയിലാണ്:
തൃശൂർ ജില്ലയിൽ 27,54,275 വോട്ടർമാരിൽ 1,21,863 പേർ വോട്ട് രേഖപ്പെടുത്തി 4.42 ശതമാനത്തിലെത്തി. പാലക്കാട് 24,33,390 വോട്ടർമാരിൽ 1,09,942 പേർ വോട്ട് ചെയ്തതോടെ 4.52 ശതമാനം പോളിങ് രേഖപ്പെടുത്തി. മലപ്പുറം ജില്ലയിൽ 36,18,851 വോട്ടർമാരുള്ളതിൽ 1,59,398 പേർ വോട്ട് രേഖപ്പെടുത്തി 4.40 ശതമാനം കൈവരിച്ചു.കോഴിക്കോട് ജില്ലയിൽ 26,82,682 വോട്ടർമാരിൽ 1,14,307 പേർ വോട്ട് രേഖപ്പെടുത്തി (4.26%). വയനാട് ജില്ലയിൽ 6,47,378 വോട്ടർമാരിൽ 33,241 പേർ വോട്ട് ചെയ്തതോടെ 5.13 ശതമാനം എന്ന ഉയർന്ന പോളിങ് നിരക്കിലെത്തി. കണ്ണൂർ ജില്ലയിൽ 20,88,410 വോട്ടർമാരിൽ 86,047 പേർ വോട്ട് രേഖപ്പെടുത്തി (4.12%). കാസർകോട് ജില്ലയിൽ 11,11,190 വോട്ടർമാരിൽ 46,209 പേർ വോട്ട് രേഖപ്പെടുത്തിയതോടെ 4.15 ശതമാനം പോളിങ് രേഖപ്പെടുത്തി.