യുഎൻ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ മെഷീൻ ഗണ്‍ പ്രയോഗം: ഇസ്രയേലിന് താക്കീത്

ബെയ്‌റൂത്ത് (ലെബനൻ) : യുഎൻ സമാധാന സേനയെ ലക്ഷ്യം വച്ച് ഇസ്രയേലിന്‍റെ പുതിയ ആക്രമണം. തങ്ങളുടെ സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്തതായി ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന (UNIFIL) പറഞ്ഞു. പലസ്‌തീൻ വിഷയത്തില്‍ വെടിനിർത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടരുന്നതിനിടെയാണ് യുഎൻ സമാധാന സേനയ്‌ക്ക് നേരെയുള്ള ഈ കടന്നുകയറ്റം.
പ്രാദേശിക സമയം ഇന്നലെയാണ് മെർക്കാവ ടാങ്കിൽ നിന്ന് യുഎന്നിന്‍റെ സമാധാന സേനാംഗങ്ങൾക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തത്. സമാധാന സേനാംഗങ്ങള്‍ നിലയുറപ്പിച്ചിരുന്ന ഇടത്ത് നിന്ന് ഏകദേശം 5 മീറ്റർ (5.5 യാർഡ്) അകലെ കനത്ത മെഷീൻ ഗൺ വെടിയുണ്ടകൾ പതിച്ചു. 30 മിനിറ്റിന് ശേഷമാണ് സമാധാന സേനാംഗങ്ങള്‍ക്ക് സുരക്ഷിതരായി മടങ്ങാൻ സാധിച്ചത് എന്ന് അവർ ഒരു പ്രസ്‌താവനയില്‍ പറയുന്നു.
ഇസ്രയേലിന്‍റെ തുടർച്ചയായ നിയമലംഘനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കാൻ സൗഹൃദ രാജ്യങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് സൈനിക കമാൻഡ് വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്‌തു. ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങള്‍ അപകടകരമായ രീതിയില്‍ വർധിക്കുന്നതിനാല്‍ അടിയന്തരമായി നടപടികള്‍ ആവശ്യമാണെന്ന് കമാൻഡ് അറിയിച്ചതായും അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. അതേസമയം യുഎന്നിന്‍റെ സമാധാന സേനാംഗങ്ങളെന്ന് അറിയാതെയാണ് വെടിയുതിർത്തത് എന്ന് ഇസ്രയേല്‍ പ്രതികരിച്ചു.
സെപ്റ്റംബറിൽ, തെക്കൻ ലെബനനിലെ സമാധാന സേനാംഗങ്ങളുടെ താവളത്തിന് സമീപം ഇസ്രയേല്‍ ഗ്രോണുകളും ഗ്രനേഡുകളും പ്രയോഗിച്ചതായി യുഎൻഐഎഫ്ഐഎൽ പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 1701 ന്‍റെ ഗുരുതരമായ ലംഘനമാണ് വെടിവയ്പ്പ് എന്ന് യുഎൻഐഎഫ്ഐഎൽ വ്യക്തമാക്കി. സമാധാന സേനാംഗങ്ങൾക്കെതിരെയോ അവരുടെ താവളങ്ങള്‍ക്ക് സമീപമോ ഉള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാൻ ഇസ്രയേല്‍ സൈന്യത്തിന് യുഎൻഐഎഫ്ഐഎൽ മുന്നറിയിപ്പ് നല്‍കി.
2023 ഒക്ടോബറിൽ ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേല്‍-പലസ്‌തീൻ രാജ്യങ്ങള്‍ക്കിടയിലെ സമാധാനം നിലനിർത്താനായി ലെബനൻ സൈന്യവുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് യുഎൻ സമാധാന സേന. ലെബനനെതിരെ അടുത്തിടെ ഇസ്രയേല്‍ നടത്തിയ യുദ്ധത്തിൽ 4,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ഒരു ദശലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്‌തു. ലെബനനിലെ പത്തില്‍ അധികം ഗ്രാമങ്ങളാണ് ഇസ്രയേല്‍ തകർത്തു കളഞ്ഞത്. പലയിടങ്ങളും ഇസ്രയേല്‍ കൈവശപ്പെടുത്തി. അവിടങ്ങളില്‍ നിന്ന് പിൻവാങ്ങാൻ ഇസ്രയേല്‍ തയാറാകുന്നില്ല.