മയക്കുമരുന്ന്-ഭീകരവാദ കുറ്റങ്ങളിൽ വിചാരണ :മഡുറോ ഫെഡറൽ കോടതിയിലേക്ക്;

മയക്കുമരുന്ന്-ഭീകരവാദ കുറ്റങ്ങളിൽ വിചാരണ :മഡുറോ ഫെഡറൽ കോടതിയിലേക്ക്;

ന്യൂയോർക്ക്: അമേരിക്ക തടവിലാക്കിയ വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും ഇന്ന് മുതൽ ഫെഡറൽ വിചാരണ നേരിടും. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ ജഡ്‌ജിയ്‌ക്ക് മുൻപാകെ ഇരുവരെയും ഹാജരാക്കും. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12 മണിയോടെ വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.മയക്കുമരുന്ന് ഭീകരതയിൽ ഏർപ്പെടുക, കൊക്കെയ്ൻ ഇറക്കുമതി ചെയ്യുക, മെഷീൻ ഗണ്ണുകളും മറ്റ് മാരക ആയുധങ്ങളും കൈവശം വയ്‌ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് കാരക്കാസിലെ വസതിയിൽ നിന്ന് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ബന്ദിയാക്കി അമേരിക്കൻ ജയിലിൽ അടച്ചത്.

യുഎസ്എസ് ഇവോ ജിമ യുദ്ധക്കപ്പലിലാണ് ഇരുവരെയും അമേരിക്കയിലെത്തിച്ചത്. രാത്രി 8:52 ഓടെ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററിൽ അടയ്‌ക്കുകയായിരുന്നു. അതേസമയം ഭാര്യ സിലിയ ഫ്ലോറസിനെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് ഇതുവരെ അമേരിക്കൻ ഭരണകൂടം വ്യക്തമായ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല.1990ൽ പണികഴിപ്പിച്ചതാണ് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്റർ. ജയിലിലെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് അന്ന് ഈ കെട്ടിടം നിർമിച്ചത്. ഗായകൻ ആർ കെല്ലി, ഫാർമ ബ്രോ എന്ന മാർട്ടിൻ ഷ്രെലി, സോഷ്യലൈറ്റ് ഗിസ്‌ലെയ്ൻ മാക്സ്വെൽ, കിഡ് സാം ബാങ്ക്മാൻ-ഫ്രൈഡ്, സീൻ ഡിഡി കോംബ്‌സ് എന്നിവരെ മനുഷ്യക്കടത്ത്, പീഡനം, അഴിമതി എന്നിങ്ങനെ കുറ്റങ്ങളിൽ പാർപ്പിച്ചിരുന്ന ജയിലാണിത്.

ശനിയാഴ്‌ച രാത്രിയാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക കനത്ത സൈനിക ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് വെനസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക ബന്ദികളാക്കിയിരുന്നു. മഡുറോയുടെ വസതിയിൽ നിന്നുമാണ് ഇരുവരെയും സൈന്യം വളഞ്ഞത്. 'ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്' എന്നാണ് വെനസ്വേലയെ അട്ടിമറിക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടിയുടെ പേര്. ആക്രമണത്തിനായി നാല് മാസമായി പ്രത്യേക പരിശീലനത്തിലായിരുന്നു അമേരിക്കൻ സൈന്യമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വെനസ്വേലയിൽ ഭരണകൂടം രൂപീകരിക്കുന്നത് വരെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്‌താവന. വെനസ്വേലയിലെ ജനങ്ങളെ അഴിമതിയിൽ നിന്നും രക്ഷിക്കുമെന്നും സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമാക്കുമെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്. അന്താരാഷ്‌ട്ര നിയമത്തേയും ഐക്യരാഷ്‌ട്ര സഭയെയും അമേരിക്ക ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക വെനസ്വേലയ്ക്ക് മേലെടുത്ത നടപടികളെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ യോഗം വിളിക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടത്.