കേരളത്തിനെതിരേ മഹാരാഷ്ട്രയ്ക്ക് മികച്ച തുടക്കം: ഒന്നാം ഇന്നിങ്‌സില്‍ 219 റൺസിന് കേരളംപുറത്ത്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സിലെ 239 റണ്‍സ് പിന്തുടര്‍ന്ന കേരളം മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മഹാരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സ് ലീഡെടുത്തു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ മഹാരാഷ്ട്ര മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്‌ടപ്പെടാതെ 51 റൺസെന്ന നിലയിലാണ്. പൃഥ്വി ഷാ 37ഉം ആർഷിൻ കുൽക്കർണ്ണി 14 റൺസുമായി ക്രീസിലുണ്ട്. മഹാരാഷ്ട്രയ്ക്ക് നിലവില്‍ 71 റൺസിൻ്റെ ലീഡുണ്ട്.
കേരളത്തിന് വേണ്ടി സഞ്ജു സാംസണ്‍ അർധ സെഞ്ച്വറി നേടിയിരുന്നു. 63 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 54 റണ്‍സെടുത്ത സഞ്ജുവാണ് ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റിന് 35 റൺസെന്ന നിലയിൽ ഇന്ന് കളി തുടങ്ങിയ കേരളത്തിന് സച്ചിൻ ബേബിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഏഴ് റൺസെടുത്ത സച്ചിൻ ബേബി രാമകൃഷ്ണ ഘോഷിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ച് പുറത്താവുകയായിരുന്നു. തുടർന്ന് സഞ്ജുവും മുഹമ്മദ് അസറുദ്ദീനും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ട് നീക്കി. അഞ്ചാം വിക്കറ്റിൽ 57 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.അർധസെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു മികച്ച രീതിയിൽ ബാറ്റിങ് തുടരുമ്പോഴാണ് വിക്കി ഓസ്വാളിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ച് പുറത്തായത്. പിന്നാലെ അസറുദ്ദീനെയും വിക്കി ഓസ്വാൾ തന്നെ മടക്കി. 36 റൺസാണ് അസറുദ്ദീൻ നേടിയത്. എന്നാൽ സൽമാൻ നിസാറും അങ്കിത് ശർമ്മയും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 17 റൺസെടുത്ത അങ്കിത് ശർമ്മയെ പുറത്താക്കി ജലജ് സക്സേന കളി മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കി.ചെറുത്തു നിന്ന ഏദൻ ആപ്പിൾ ടോമിനെ മികച്ചൊരു ബൗൺസറിലൂടെ മുകേഷ് ചൌധരിയും പുറത്താക്കി. പിന്നാലെ നിധീഷും മടങ്ങിയതോടെ ഒൻപത് വിക്കറ്റിന് 208 റൺസെന്ന നിലയിലായിരുന്നു കേരളം. മറുവശത്ത് ഉറച്ച് നിന്ന സൽമാൻ നിസാർ പ്രതീക്ഷ നല്‍കിയെങ്കിലും മുകേഷ് ചൌധരിയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു.
93 പന്തുകളിൽ മൂന്ന് ഫോറടക്കം 49 റൺസാണ് സൽമാൻ നേടിയത്. മഹാരാഷ്ട്രയ്ക്ക് ജലജ സക്സേന മൂന്നും മുകേഷ് ചൌധരി, രജനീഷ് ഗുർബാനി, വിക്കി ഓസ്വാൾ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ മഹാരാഷ്ട്ര വെളിച്ചക്കുറവിനെ തുടർന്ന് കളി നേരത്തെ നിർത്തുകയായിരുന്നു.