"അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിന് പകരം കരാറിൽ ഏർപ്പെടുക" : ഇറാന് മുന്നറിയിപ്പുമായി ട്രംപ്

"അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിന് പകരം കരാറിൽ ഏർപ്പെടുക" : ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്‌ടൺ :ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്. അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിന് പകരം കരാറിൽ ഏർപ്പെടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്. സമ്മർദത്തിന് വഴങ്ങിക്കൊണ്ടുള്ള ചർച്ചയ്‌ക്ക് തയാറല്ലെന്ന് ഇറാൻ നിലപാടെടുത്തതിന് പിന്നാലെയാണ് അമേരിക്കയുടെ ഭീഷണി. വെറ്റ്‌ഹൗസിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.ഇറാൻ കരാറിൽ ഏർപ്പെടാൻ പോകുന്നു. ഇറാനുമായി ചർച്ചകൾ ആരംഭിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കരാറിൽ എത്തിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്നും ട്രംപ് പറഞ്ഞു. അതേസമയം ചർച്ചകൾക്ക് അമേരിക്ക നിശ്ചയിച്ചിരിക്കുന്ന സമയ പരിധി വ്യക്തമല്ല.

ഇതിനോടകം യുഎസിൽ നിന്നുള്ള നാവിക സേന ഇറാനിലേയ്‌ക്ക് നീങ്ങിയിട്ടുണ്ട്. ഇറാൻ കരാർ അംഗീകരിച്ചില്ലങ്കിൽ അടുത്ത ആക്രമണമുണ്ടാകും. മുൻ ആക്രമണത്തേക്കാൾ വളരെ ശക്തമായിരിക്കും എന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.കൂടാതെ 2025 ജൂണിൽ ഇസ്രയേലുമായി ചേർന്ന് അമേരിക്കൻ സൈന്യം ഒന്നിലധികം ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതുൾപ്പെടെയുള്ള നടപടികളെക്കുറിച്ചും ട്രംപ് പരാമർശിച്ചു. കഴിഞ്ഞ ദിവസം ഇറാന് സമീപം ഒരു വലിയ യുഎസ് നാവിക കപ്പലിനെ വിന്യസിച്ചിരുന്നു. തുടർന്ന് ഇറാനുമായുള്ള ആണവ പദ്ധതിയെ സംബന്ധിക്കുന്ന ചർച്ച നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.അതേസമയം നിലവിൽ അമേരിക്കയുമായി ഒരു ചർച്ചകൾക്കും പദ്ധതിയിട്ടിട്ടില്ലെന്നും എന്നാൽ പരസ്‌പര ബഹുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു.

ന്യായമായ നിബന്ധനകളിൽ യുഎസ്‌ ചർച്ചകൾ നടത്തുകയാണെങ്കിൽ ഇറാൻ അമേരിക്കയുമായി ഒത്തുപോകുമെന്നും രാജ്യത്തിൻ്റെ പ്രതിരോധ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും അബ്ബാസ് അരാഗ്‌ചി പറഞ്ഞു. എന്നാൽ ഇറാൻ്റെ പ്രതിരോധ മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചയ്‌ക്ക് വിധേയമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കാൻ യുഎസുമായി നിലവിൽ പദ്ധതികളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആണവ പദ്ധതിയിലും മിസൈൽ വികസനത്തിലുമുള്ള നിയന്ത്രണങ്ങളാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ അമേരിക്കയുടെ ആവശ്യങ്ങൾ ഇറാൻ പാലിച്ചില്ലെങ്കിൽ സൈനിക നടപടിയെടുക്കുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് ഈ കരാറിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.എന്നാൽ യുഎസ് നടത്തുന്ന ഏതൊരു ആക്രമണത്തിനും മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇരുപക്ഷത്തിനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തുർക്കി വാഗ്‌ദാനം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആണവ കരാറിനെപ്പറ്റി മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്.