'ഓം' സെറ്റിൽ അവാർഡ് തിളക്കം ആഘോഷിച്ച് മമ്മൂട്ടിയും ധനുഷും

'ഓം' സെറ്റിൽ അവാർഡ് തിളക്കം ആഘോഷിച്ച് മമ്മൂട്ടിയും ധനുഷും

ചെന്നൈ: ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം മമ്മൂട്ടിയും തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ഓം: ചാപ്റ്റർ 1' ലൊക്കേഷനിൽ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളുടെ അപൂർവ്വ സംഗമവും ആഘോഷവും. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് മമ്മൂട്ടി, ധനുഷ്, മികച്ച എഡിറ്റർ ആർ. കലായിവനൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. മമ്മൂട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ട ഈ ആഘോഷചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് ആരാധകർക്കിടയിൽ തരംഗമായി മാറിയത്.വൈക്കം വിജയലക്ഷ്‌മി, ഷഹനാദ് ജലാൽ, 'ഫെമിനിച്ചി ഫാത്തിമ' ടീം, 'ഭദ്രകാളി നാടകം' ടീം എന്നിവരുൾപ്പെടെ ഇത്തവണത്തെ ദേശീയ പുരസ്‌കാര പട്ടികയിൽ ഇടംപിടിച്ച എല്ലാ ജേതാക്കൾക്കും സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി ആശംസകളും നേർന്നിട്ടുണ്ട്.


"A Small celebration of our National Award wins with Dhanush, Rajkumar Periasamy and R. Kalaivanan on the sets of #OM.Grateful for all the love and wishes."-Mammootty

ഹൊറർ ത്രില്ലർ ചിത്രമായ 'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റിയെന്ന അനശ്വര കഥാപാത്രത്തിലൂടെ കരിയറിലെ നാലാമത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ധനുഷ് സംവിധാനം ചെയ്‌ത് അഭിനയിച്ച 'രായൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് സ്പെഷ്യൽ ജൂറി പുരസ്‌കാരവും, ഇതേ ചിത്രത്തിൻ്റെ ദൃശ്യമികവിന് ആർ. കലായിവനന് മികച്ച എഡിറ്ററർക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഈ മൂന്ന് പ്രതിഭകളും ഒരേ സമയം രാജ്‌കൂമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' എന്ന ചിത്രത്തിനായി ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുമിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് അവാർഡ് പ്രഖ്യാപനം എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.

"ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൻ്റെ ചെറിയൊരു ആഘോഷം 'ഓം' ചിത്രത്തിൻ്റെ സെറ്റിൽ ധനുഷിനും രാജ്‌കുമാർ പെരിയസാമിക്കും ആർ. കലായിവനനും ഒപ്പം" എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ പങ്കുവെച്ചത്. ഇത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കോമ്പിനേഷനാണെന്നാണ് ആരാധകരുടെ പക്ഷം.

 'ഓം: ചാപ്റ്റർ 1'

കമ്മത്ത് ആൻഡ് കമ്മത്ത്' എന്ന മലയാള ചിത്രത്തിന് ശേഷം മമ്മൂട്ടിയും ധനുഷും തമിഴിൽ ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ഓം: ചാപ്റ്റർ 1'. സൂപ്പർഹിറ്റ് ചിത്രം 'അമരന്' ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ വമ്പൻ ആക്ഷൻ ത്രില്ലറിൽ മമ്മൂട്ടി ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്. ധനുഷും ഏറെ കരുത്തുറ്റ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദേശീയ അവാർഡിൻ്റെ തിളക്കത്തോടെ ചിത്രീകരണം പുരോഗമിക്കുന്ന 'ഓം: ചാപ്റ്റർ 1' ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഹൈപ്പുള്ള പ്രോജക്റ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.