പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജാണ് പിടിയിലായത്.പാലക്കാട് ചിറ്റൂരിൽ ഫാം നോക്കി നടത്താനെന്ന പേരിലെത്തിയ സിറാജ്, തന്റെ പെൺസുഹൃത്തിന്റെ മകൾക്ക് നേരെയാണ് അതിക്രമം നടത്തിയത്. പെൺകുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഇത് ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ വലിയ ആപത്തുണ്ടാകുമെന്നും പ്രതി കുട്ടിയുടെ അമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു.
ബാധ ഒഴിപ്പിക്കുന്നതിനായി പെൺകുട്ടിയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് അമ്മ ചിറ്റൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.