''ചാക്കുകളിലായി 25 കോടി ഓഫിസിലെത്തി '' : ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ജില്ലാ ഓഫിസ് സെക്രട്ടറി

തൃശൂർ: ബി ജെ പിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ജില്ലാ ഓഫിസ് സെക്രട്ടറി പി എസ് അക്ഷയ്. തെരഞ്ഞെടുപ്പിന് മുൻപ് 17 ചാക്കുകളിലായി 25 കോടി രൂപ വന്നതായാണ് ആരോപണം. സംഘടനാ സെക്രട്ടറി സുരേഷ് മുരളീ കുളങ്ങാട്ട് അഡ്വക്കേറ്റ് കെകെ അനീഷ് കുമാർ ഉൾപ്പെടെയുള്ളവരാണ് ഫണ്ട് മുക്കിയതെന്നും മുൻ ജില്ലാ ഓഫിസ് സെക്രട്ടറി പി എസ് അക്ഷയ് ആരോപിച്ചു.
''സംഭവം നടക്കുമ്പോള്‍ സി സി ടി വി ഓഫ് ചെയ്യാൻ പാർട്ടി ജനറൽ സെക്രട്ടറി സുജൈസേനൻ സമ്മർദം ചെലുത്തി. തന്നെ അവിടെനിന്ന് പിരിച്ചുവിട്ടത് ആപത്ത് വരുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാകാം. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സംഘടനാ സെക്രട്ടറി കെകെ സുരേഷ്, സുജയ് സേനൻ , അഡ്വക്കേറ്റ് എൻഹരി എന്നിവർക്കാണ് ഉത്തരവാദിത്വം.
തെരഞ്ഞെടുപ്പ് കാലത്ത് തൃശൂര്‍ ബിജെപി ഓഫിസിലേക്ക് 17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം എത്തി. സംഘടന സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം കൊണ്ടുവന്നത്. തമിഴനാട് രജിസ്ട്രേഷനുള്ള കാറില്‍ ഒരു കോടിയും കൊണ്ടുവന്നു. സാമ്പത്തിക ഇടപാട് അറിഞ്ഞതിൻ്റെ വൈരാഗ്യത്തിലാണ് തന്നെ ഓഫിസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് നേതാക്കളുടെ അറിവോടെയായിരിക്കും.തെരഞ്ഞെടുപ്പ് ഫണ്ടിനു പുറമെയാണ് ഓഫിസില്‍ പണം എത്തിയത്. ഈ പണം നേതാക്കള്‍ പലരും സ്വന്തം പോക്കറ്റിലാക്കി. സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം എത്തിയത്. അവിടെ വെച്ചുതന്നെയാണ് വിതരണം ചെയ്തത്. ഈ വിവരം തൃശൂര്‍ സിറ്റി പ്രസിഡൻ്റിനെ അറിയിച്ചതാണ് തന്നെ പുറത്താക്കാനുള്ള കാരണം. സംഘടന സെക്രട്ടറി, ഡ്രൈവര്‍ രാജേഷ്, മുരളി എന്നീ മൂന്നുപേരുമാണ് ഈ പണം കൈകാര്യം ചെയ്തത്. ഇതിനായി ഒരു വീട് തന്നെ വാടകക്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടു ദിവസം മുമ്പ് തൃശൂര്‍ ജില്ല ഓഫിസിലാണ് പണം എത്തിയത്,'' എന്നും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഓഫീസിലെ സി സി ടി വി ഓഫ് ചെയ്യാന്‍ പറഞ്ഞതായും അക്ഷയ് പറയുന്നു. സംഭവം നടന്ന ദിവസങ്ങളിലെ സി സി ടി വി ദൃശ്യങ്ങളിൽ തിരിമറി നടന്നിട്ടുണ്ടെന്നും പി എസ് അക്ഷയ് ആരോപിച്ചു. കൊടകര കുഴല്‍പണക്കേസിനു പിന്നാലെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്തുവരുന്നത്.