കേരളത്തിൽ സ്‌കൂൾ പഠനം ഉപേക്ഷിച്ചത് 2914 വിദ്യാർഥികൾ; പഠനം നിർത്തിയത് 704 പേർ

കേരളത്തിൽ  സ്‌കൂൾ പഠനം ഉപേക്ഷിച്ചത് 2914 വിദ്യാർഥികൾ; പഠനം നിർത്തിയത് 704 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് 2024-25 അധ്യയന വര്‍ഷത്തില്‍ 2,914 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. പഠനത്തില്‍ താല്‍പര്യമില്ലായ്മ, കുടുംബപ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, യാത്രാസൗകര്യക്കുറവ് എന്നിവയാണ് പ്രധാന കാരണങ്ങളായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ പഠനം ഉപേക്ഷിച്ചവരില്‍ 704 പേര്‍ പഠനത്തില്‍ താല്‍പര്യമില്ലാത്തതിനാലാണ് സ്‌കൂള്‍ വിട്ടത്. ആകെ കൊഴിഞ്ഞുപോക്കിന്റെ ഏകദേശം 24 ശതമാനമാണിത്. ജില്ലകളില്‍ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തിയത്. ജില്ലയില്‍ 297 കുട്ടികളാണ് പഠനം ഉപേക്ഷിച്ചത്. ഇവരില്‍ എട്ടാം ക്ലാസില്‍ 48 പേരും ഒന്‍പതാം ക്ലാസില്‍ 104 പേരും പത്താം ക്ലാസില്‍ 114 പേരുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പാലക്കാട് 92 പേരും തൃശൂരില്‍ 60 പേരും കണ്ണൂരില്‍ 55 പേരും പഠനം ഉപേക്ഷിച്ചു. കുടുംബത്തിലെ പ്രശ്‌നബാധിത സാഹചര്യം മൂലം 174 കുട്ടികളും മതപഠനത്തിന് മുന്‍ഗണന നല്‍കിയതിനെ തുടര്‍ന്ന് 103 കുട്ടികളും സ്‌കൂള്‍ വിട്ടു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തോടുള്ള അമിതാസക്തി കാരണം 33 വിദ്യാര്‍ഥികളും മദ്യ-മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ഏഴു വിദ്യാര്‍ഥികളും പഠനം നിര്‍ത്തി. ഉല്‍സവ സീസണിന് ശേഷം സ്‌കൂളിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലാതിരുന്നതിനെ തുടര്‍ന്ന് 11 കുട്ടികള്‍ പഠനം ഉപേക്ഷിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി, സ്‌കൂളിലേക്കുള്ള ദൂരം, യാത്രാസൗകര്യക്കുറവ്, പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പുള്ള വിവാഹം, അതിക്രമങ്ങള്‍ തുടങ്ങിയ കാരണങ്ങളാലും വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തിയിട്ടുണ്ട്