ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

കണ്ണൂര്‍/ ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവില്‍വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അര്‍ജന്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍ ജനിച്ചത്. അച്ഛന്‍ ജോസഫ് ബോവറും അമ്മ സാറയും കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്‌ബോള്‍ കളിച്ചിരുന്ന മാനുവല്‍ 12ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. 15-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ്.
ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് വിടപറഞ്ഞപ്പോൾ രാജ്യത്തിന് നഷ്ടമായത് ഇന്ത്യന്‍ ഹോക്കിക്ക് സ്വപ്നചിറകുകള്‍ നല്‍കിയ ഒളിംപ്യനെയാണ് . കേരളത്തെ സംബന്ധിച്ച് കായിക ചരിത്രത്തില്‍ നാളിത് വരെ ലഭിച്ചിട്ടുള്ളത് മൂന്ന് ഒളിംപിക്‌സ് മെഡലുകളാണ്. മാനുവല്‍ ഫ്രെഡറിക്കും പി ആര്‍ ശ്രീജേഷുമായിരുന്നു ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍.കേരളത്തിന്റെ കായിക ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെട്ട രണ്ടു വെങ്കല മെഡലുകള്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചവരാണ് രണ്ടുപേരും . കേരളത്തിലേക്ക് ആദ്യമായി ഒരു ഒളിമ്പിക് മെഡല്‍ എത്തുന്നത് 1972 ലാണ്. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു മാനുവല്‍ ഫ്രെഡറിക്. 48 വര്‍ഷത്തിനു ശേഷം മറ്റൊരു മലയാളി അതേ നേട്ടം കരസ്ഥമാക്കിയത് 2021ല്‍ പിആര്‍ ശ്രീജേഷിലൂടെയാണ്. കേരളത്തില്‍ ഒളിമ്പിക് മെഡലെത്തിച്ച രണ്ട് മഹാരഥന്മാരെ ഒരേ വേദിയിലെത്തിച്ചത് 2020ലെ ടോക്കിയോ ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ പി.ആര്‍. ശ്രീജേഷിന് യുഎഇ അസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്നേഹ സമ്മാനം നല്‍കുന്ന ചടങ്ങാണ്.
1972-ലെ മ്യൂണിക്ക് ഒളിംപിക്‌സിലാണ് കേരളത്തിന് ആദ്യമായി ഒളിംപിക് മെഡല്‍ ലഭിക്കുന്നത്. ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്ന ആ ഒളിംപിക്‌സില്‍ കളിച്ച 6 കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ മാത്രം വഴങ്ങിയാണ് മാനുവല്‍ ഫ്രെഡറിക് മികച്ചപ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ വെങ്കല മെഡല്‍ നേടിയിരുന്ന ടീമിലെ ഏഴ് പേര്‍ക്കും അര്‍ജ്ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചപ്പോള്‍ ഏറ്റവും മികച്ച പ്രകടനത്തിലൂടെ നമ്മുടെ രാജ്യത്തിന് വെങ്കല മെഡല്‍ നേടി തരുന്നതില്‍ പ്രധാന പങ്ക് വഹിച്ച മാനുവല്‍ ഫ്രെഡറിക്‌സിനെ തഴഞ്ഞു. അന്ന് താരത്തിനായി വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ല.ഒരു ഒളിംപിക്‌സിലും, രണ്ട് ലോകകപ്പിലും, നിരവധി രാജ്യാന്തര മത്സരങ്ങളിലുമായി എട്ട് വര്‍ഷങ്ങളോളം ഇന്ത്യയ്ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ താരമാണ് മാനുവല്‍ ഫ്രെഡറിക്. 1972-ലെ മ്യൂണിക്ക് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍, 1973-ലെ ഹോളണ്ട് ലോകകപ്പ് ചാംപ്യന്‍ഷിപ്പിലെ വെളളി, 1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ലോക കപ്പ് മത്സരത്തില്‍ നാലാം സ്ഥാനവും തുടങ്ങി ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍ മാനുവല്‍ ഫ്രെഡറിക്കിന്റെ മാന്ത്രിക സേവിലൂടെയായിരുന്നു. എട്ട് തവണ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ വിജയിപ്പിച്ച് കിരീട നേട്ടത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താരമാണ് മാനുവല്‍. ഈ അതുല്യ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുവാന്‍ രാജ്യത്തിനോ, ഒരു പരിധി വരെ കേരളത്തിനും സാധിച്ചില്ല.
രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം ബാംഗ്ലൂരില്‍ സ്ഥിര താമസ മാക്കിയ അദ്ദേഹം നിരവധി കുട്ടികള്‍ക്ക് നിത്യേന ഹോക്കി പരിശീലനം നല്‍കിക്കൊണ്ടിരുന്നു. ജന്മനാടായ കണ്ണൂരില്‍ നിന്ന് മാറി ബാംഗ്ലൂരില്‍ അദ്ദേഹത്തിന് സ്ഥിര താമസമാക്കേണ്ടി വന്നു. സാമ്പത്തിക പരാധീനത അനുഭവിച്ച് കൊണ്ടിരുന്ന അദ്ദേഹത്തിന് 2019 ലാണ് ധ്യാന്‍ചന്ദ് അവാര്‍ഡ് ഇന്ത്യ രാജ്യം നല്‍കുന്നത്! അതും എട്ട് തവണ അപേക്ഷ തിരസ്‌കരിച്ചതിന് ശേഷം ഒന്‍പതാം തവണയായിരു രുന്നു അദ്ദേഹത്തിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം നല്‍കിയിരുന്നത്. ഇന്നത്തെ കാലത്തെ അത്യാധുനിക സൗകര്യങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലാത്ത കാലത്ത് ഹെല്‍മറ്റ് പോലും ഉപയോഗിക്കാതെ യായിരുന്നു അദ്ദേഹം ഗോള്‍ പോസ്റ്റില്‍ രക്ഷാ കവചം തീര്‍ത്തിരുന്നത്.മ്യൂണിക്ക് ഒളിംപിക്‌സില്‍ ആറ് മത്സരങ്ങളില്‍,എട്ട് ഗോളുകള്‍ മാത്രമായിരുന്നു ഇന്ത്യ വഴങ്ങിയിരുന്നത് . 'ഒരു ഡിഫന്‍ഡര്‍ക്ക് പിഴച്ചാല്‍, മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുക്കും . എന്നാല്‍,ഗോള്‍ കീപ്പര്‍ക്ക് പിഴച്ചാലോ അത് ഗോളായി മാറും'. പരാജയമെന്നത് മരണത്തേക്കാള്‍ ഭയാനകമായാണ് താന്‍ കാണുന്നത് എന്ന, ധീരമായ നിലപാടുകളാണ് മാനുവല്‍ഫ്രെഡറിക്‌സ് ജീവിതത്തില്‍ പകര്‍ത്തിയിട്ടുള്ളത്. 1979-ല്‍ ഈ ലോകത്തോട് വിട പറഞ്ഞ് 46 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഇന്നും ലോക ഹോക്കി മാന്ത്രികനായി അറിയപ്പെട്ട് വരുന്ന ഇന്ത്യന്‍ ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദ് മ്യൂണിക്ക് ഒളിംപിക്‌സിലെ മാസ്മരിക പ്രകടനത്തിന് ശേഷം മാനുവലിന്റെ ന്റെ ധീരമായ പ്രകടനത്തെ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.ഹോക്കിയിലെ തുല്യ ശക്തികളായ ഇന്ത്യയും, പാകിസ്ഥാനും തമ്മില്‍ 1977-ല്‍ ലാഹോറില്‍ വെച്ച് നടന്ന പരമ്പര മത്സരത്തിലെ ഒരു കളിയില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരുന്ന മാനുവലെന്ന അതുല്യതാരത്തിന്റെ സാഹസിക പ്രകടനത്തിന് ഒരു പ്രത്യേക ഉപഹാരം പാകിസ്ഥാന്‍ നല്‍കിയിരുന്നു. പരമ്പരയിലെ ഒരു കളിയില്‍, പാകിസ്ഥാന്റെ മധ്യനിര മുന്നേറ്റ താരമായിരുന്ന ഹനീഫ് ഖാന്‍ വെടിയുണ്ട പോലെ ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തു വിട്ട പന്ത്, സ്റ്റിക്ക് ഉയര്‍ത്തുവാന്‍ പോലും സമയമെടുക്കാതെ , തന്റെ നെറ്റിത്തടം കൊണ്ട് പ്രസ്തുത ഷോട്ട് തടഞ്ഞത് ശ്വാസമടക്കി പിടിച്ചാണ് ആയിരക്കണക്കായ പാകിസ്ഥാന്‍ കാണികള്‍ വീക്ഷിച്ചിരുന്നത്. പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നെങ്കിലും, മാനുവല്‍ ഫ്രെഡറിക്‌സ് എന്ന സാഹസികന്റെ ധീരോദാത്തമായ പ്രകടനത്തിനാണ് അന്ന് ലാഹോര്‍ സാക്ഷ്യം വഹിച്ചിരുന്നത് !