മാസപ്പടി കേസ്: നിർണ്ണായക എസ്.എഫ്.ഐ.ഒ രേഖകൾ ഇ.ഡിക്ക്

മാസപ്പടി കേസ്: നിർണ്ണായക എസ്.എഫ്.ഐ.ഒ രേഖകൾ ഇ.ഡിക്ക്

എറണാകുളം   മാസപ്പടി കേസിൽ  ടി. വീണയുടെ കുരുക്ക് മുറുകുന്നു . എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ,കേസിലെ ഏറ്റവും സുപ്രധാന ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കോടതിയിൽ ഹാജരാക്കിയ 134 അതിനിർണ്ണായക രേഖകൾ ഇപ്പോൾ ഇ.ഡിക്ക് ഔദ്യോഗികമായി ലഭിച്ചു. കോടതിയിൽ സമർപ്പിച്ചിരുന്ന ഈ ഡിജിറ്റൽ രേഖകളുടെ സോഫ്റ്റ് കോപ്പിയാണ് പി.എം.എൽ.എ (PMLA) പ്രത്യേക കോടതി വഴി ഇ.ഡി കൈപ്പറ്റിയത്. കേസിൽ മുഖ്യ പ്രതിപ്പട്ടികയിലുള്ള ടി. വീണയെ വിശദമായി ചോദ്യം ചെയ്യുന്നതിലും തുടർനടപടികളിലേക്കും കടക്കാൻ ഇ.ഡിക്ക് ഈ രേഖകൾ വലിയ തുണയാകുമെന്നാണ് വിലയിരുത്തൽ.

ടി. വീണയും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (CMRL) തമ്മിൽ ഒപ്പുവെച്ച വിവാദപരമായ കരാറുകൾ, വീണയുടെ ആദായനികുതി റിട്ടേണുകൾ (IT Returns), എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് കേന്ദ്ര ഏജൻസിക്ക് ലഭ്യമായിരിക്കുന്നത്. ഈ രേഖകളുടെ കൃത്യമായ പരിശോധന പൂർത്തിയാകുന്നതോടെ ടി. വീണ ഉൾപ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത തുടർനടപടികളിലേക്ക് കടക്കാനും ഇ.ഡിക്ക് നിയമപരമായി സാധിക്കും.

അതേസമയം, കേസിലെ സാമ്പത്തിക ഒഴുക്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കഴിഞ്ഞ ദിവസം ടി. വീണയുടെ ബാങ്ക് ലോക്കറുകളിൽ ഇ.ഡി ഉദ്യോഗസ്ഥർ നിർണ്ണായക പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം എം.ജി റോഡിലെ എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് ശാഖയിലായിരുന്നു ഈ റീഡ് നടന്നത്. ലോക്കർ പരിശോധനയിലെ വിവരങ്ങളും ഇപ്പോൾ ലഭിച്ച എസ്.എഫ്.ഐ.ഒ രേഖകളും മുൻനിർത്തി ചോദ്യം ചെയ്യലിനായി ഇ.ഡി ടി. വീണയ്ക്ക് വീണ്ടും ഉടൻ നോട്ടീസ് അയക്കുമെന്നാണ് സൂചന.പ്രമുഖ സ്വകാര്യ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും, ടി. വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐ.ടി കമ്പനിയും തമ്മിൽ നടത്തിയ കോടികളുടെ നിഗൂഢ സാമ്പത്തിക ഇടപാടുകളാണ് ഈ കേസിന് ആധാരം. എക്സാലോജിക് കമ്പനി നൽകിയ ഐ.ടി സേവനങ്ങൾക്കുള്ള കൃത്യമായ പ്രതിഫലമെന്ന നിലയിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സി.എം.ആർ.എൽ 1.72 കോടി രൂപ വീണയ്ക്ക് നൽകിയെന്നാണ് രേഖകൾ. എന്നാൽ, കമ്പനിക്ക് എക്സാലോജിക്കിൽ നിന്നും അത്തരം യാതൊരുവിധ ഐ.ടി സേവനങ്ങളും യഥാർത്ഥത്തിൽ ലഭിച്ചിട്ടില്ലെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ  കണ്ടെത്തലാണ് വലിയ വിവാദങ്ങൾക്കും തുടരന്വേഷണങ്ങൾക്കും വഴിവെച്ചത്.ഇതിനെത്തുടർന്ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള എസ്.എഫ്.ഐ.ഒ ഈ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേട് ആരോപിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്ത് രംഗത്തെത്തിയത്. യാതൊരു സേവനവും നൽകാതെ കൈപ്പറ്റിയ ഈ കോടികളുടെ തുക രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള അനധികൃത സാമ്പത്തിക ഇടപാടാണോ എന്നും, ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നുമാണ് കേന്ദ്ര ഏജൻസികൾ നിലവിൽ പ്രധാനമായും അന്വേഷിക്കുന്നത്.