സുഡാനിൽ കൂട്ടക്കൊല തുടരുന്നു

സുഡാനിൽ കൂട്ടക്കൊല തുടരുന്നു

ഖാർതൂം: സുഡാനിൽ നടക്കുന്ന ആഭ്യന്തര യുദ്ധം മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമാകുന്നു. അൽ-ഫാഷിർ നഗരത്തിൽ നടന്ന കൂട്ടക്കൊലയുടെ പുതിയ വിവരങ്ങൾ അതീവ ഭയാനകമാണ്. രണ്ടര വർഷമായി സുഡാനീസ് സൈന്യത്തിനെതിരെ പോരാടുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നഗരം പിടിച്ചെടുത്തതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ ക്രൂരമായി കൊല്ലപ്പെട്ടത്.ദൃക്‌സാക്ഷികളുടെ മൊഴികൾ പ്രകാരം, ആർ‌എസ്എഫ് സായുധർ സാധാരണക്കാരെ വളഞ്ഞ് മെഷീൻഗണുകൾ കൊണ്ട് വെടിവെച്ചു വീഴ്ത്തിയതും, തുടർന്ന് വാഹനങ്ങൾ ഓടിച്ചു മൃതദേഹങ്ങൾ ചതച്ചതുമാണ്. ”കുട്ടികളേയും സ്ത്രീകളേയും പോലും അവർ വിട്ടുകളഞ്ഞില്ല,” ഒരു ദൃക്‌സാക്ഷി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. തെരുവുകളിൽ അറുപതോളം പേരെ നിരത്തി വെടിവെച്ചതായും ദൃക്‌സാക്ഷി പറഞ്ഞു.

ആർ‌എസ്എഫ് ഭീകരസംഘം നിരവധി പേരെ തട്ടിക്കൊണ്ടുപോയതായും, പരിക്കേറ്റവർക്കും പ്രായമായവർക്കും നഗരം വിടാൻ കഴിഞ്ഞില്ലായ്മ മൂലം അവർ വീടുകളിലിരിക്കെ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആർ‌എസ്എഫ് ആക്രമണം ആരംഭിച്ചതിനു പിന്നാലെ അവിടെ വാർത്താ വിനിമയ ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ അൽ-ഫാഷിറിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കുറവാണ്.യേൽ സർവകലാശാലയിലെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ അൽ-ഫാഷിറിലെ പല ഭാഗങ്ങളിലും കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ കൂട്ടക്കൊലയുടെ വ്യാപ്തി വ്യക്തമാകുന്നു.