കോച്ചിംഗ് സെന്ററിൽ വൻ തീപിടിത്തം; 15 പേർ മരിച്ചു, മരണഭീതിയിൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥികൾ

ലഖ്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ അലിഗഞ്ച് (Aliganj) മേഖലയിലുള്ള കമ്പ്യൂട്ടർ കോച്ചിംഗ് സെന്ററും ലൈബ്രറിയും പ്രവർത്തിക്കുന്ന മൂന്ന് നിലകളുള്ള വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം . അപകടത്തിൽ നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെ 15 പേർ ദാരുണമായി മരണപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പുരാനിയ ചൗരഹയ്ക്ക് സമീപമുള്ള ഉഷാ മേത്ത മാർഗിലാണ് ഈ ഭയാനകമായ ദുരന്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ കനത്ത പുക ഉയർന്നതിനെത്തുടർന്ന് രക്ഷപ്പെടാൻ വേണ്ടി ചില വിദ്യാർത്ഥികൾ മുകൾ നിലകളിൽ നിന്ന് താഴേക്ക് ചാടിയത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു.
പബ്ലിക് സർവീസ് കമ്മീഷൻ കെട്ടിടത്തിന് തൊട്ടുപിന്നിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് വലിയ തോതിൽ പുക ഉയർന്നതോടെ പ്രദേശവാസികളാണ് ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. വിവരമറിഞ്ഞ് 14 ഫയർ ടെൻഡറുകളും ഹൈഡ്രോളിക് പ്ലാറ്റ്ഫോം വാഹനങ്ങളും സംഭവസ്ഥലത്തെത്തിയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്. പുക നിറഞ്ഞതിനാൽ കെട്ടിടത്തിന്റെ ചുവരുകൾ തുരന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്തുകയറിയത്.
തീ പടർന്ന സമയത്ത് നിരവധി വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിലെ വാഷ്റൂമുകളിലും ക്ലാസ് മുറികളിലും കുടുങ്ങിപ്പോയിരുന്നു. ശ്വാസം മുട്ടിയാണ് പലരും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതിനെത്തുടർന്ന് കടുത്ത പരിക്കേറ്റവരും ശ്വാസതടസ്സം നേരിട്ടവരും ഉൾപ്പെടെയുള്ള 15-ലധികം പേരെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ മെയിൻ ബോർഡിലുണ്ടായ വലിയ തീപ്പൊരിയോ ആകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുകയും അടിയന്തര ആശ്വാസ നടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഡെപ്യൂട്ടി മുഖ്യമന്ത്രി ബ്രജേഷ് പഥക് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെയും ആംബുലൻസുകളെയും ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ ഫയർഫോഴ്സും പോലീസും റൂം തിരിച്ച് വിശദമായ തിരച്ചിൽ തുടരുകയാണ്