ഹോങ്കോങ്ങിനെ നടുക്കി വൻതീപിടിത്തം; 44 മരണം

ഹോങ്കോങ്ങ്: തായ്‌പോ ജില്ലയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടത്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. പരിക്കേറ്റ 50 ഓളം പേരുടെ നില ഗുരുതരമാണെന്നും 300 ഓളം പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മൂന്ന് പതിറ്റാണ്ടിനിടയില്‍ ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ സമുച്ചയത്തിലെ ജനങ്ങള്‍ പരിഭ്രാന്തരായി നെട്ടോട്ടമോടുന്ന ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
നവീകരണത്തിലിരിക്കുന്ന 32 നിലകളുള്ള ഒരു ടവറിൻ്റെ മുള കൊണ്ടുള്ള മേല്‍ത്തട്ടിപ്പിന് തീപിടിച്ചതാണ് ദുരന്തത്തിന് കാരണം. എട്ട് ടവറുകളുള്ള ഭവന സമുച്ചയത്തിലെ ഏഴ് കെട്ടിടങ്ങളിലേക്ക് വേഗത്തിൽ തീപടർന്നു. ശക്തമായ കാറ്റ് കാരണം തീജ്വാലകൾ സമുച്ചയത്തിൻ്റെ മുകളിലേക്ക് ഉയരുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 140-ലധികം ഫയർ ട്രക്കുകളും 60 ആംബുലൻസുകളും വിന്യസിച്ച അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. ഏകദേശം 900 പേരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റി.കാണാതായവര്‍ക്കായി അടിയന്തര സംഘങ്ങൾ തെരച്ചിൽ തുടരുന്നുവെന്നും പ്രാഥമിക അന്വേഷണങ്ങൾ ആരംഭിച്ചെന്നും ഹോങ്കോങ്ങിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു. "തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കാൻ പൊലീസും ഫയർ സർവീസും ഇതിനകം ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. അർദ്ധരാത്രിക്ക് ശേഷം തീ നിയന്ത്രണവിധേയമാകുന്നുണ്ടെന്ന് ലീ കൂട്ടിച്ചേർത്തു.കുറഞ്ഞത് 50 പേർ ആശുപത്രിയിൽ ചികിത്സയിലാണ്, ചിലർക്ക് ഗുരുതരമായ പരിക്കുകളുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടങ്ങൾക്കുള്ളില്‍ തീ ആളിക്കത്തുന്നത് രക്ഷാപ്രവർത്തകരെ സാരമായി ബാധിച്ചതായി ഫയർ കമാൻഡർമാർ പറഞ്ഞു. "തീപിടിച്ച കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളും സ്‌കാർഫോൾഡിംഗും താഴേക്ക് പതിക്കുന്നു. കെട്ടിടങ്ങൾക്കുള്ളിലെ താപനില വളരെ ഉയർന്നതാണ്. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് തീയണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനും മുകളിലേക്ക് പോകുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്." ഫയർ സർവീസ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്‌ടർ ഡെറക് ആംസ്ട്രോംഗ് ചാൻ പറഞ്ഞു.
മൂന്ന് പേര്‍ അറസ്റ്റില്‍
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്‌തു. തീപിടിത്തം ഉണ്ടായ പാര്‍പ്പിട സമുച്ചയത്തിൻ്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ആണ് അറസ്റ്റില്‍ ആയത്. തീപിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കള്‍ ഇവിടെ വച്ച് പോയതാണ് ദുരന്തത്തിൻ്റെ കാരണമെന്നാണ് നിഗമനം. 1980 കളിൽ നിർമിച്ച എട്ട് ബഹുനില കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്. വലിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.