മെക്സിക്കോയിലെ മയക്കുമരുന്ന് തലവൻ എൽ മെൻചോ സൈനിക റെയ്ഡിൽ കൊല്ലപ്പെട്ടു; യുഎസില്‍ സംഘര്‍ഷാവസ്ഥ, വിമാനങ്ങള്‍ റദ്ദാക്കി

മെക്സിക്കോയിലെ  മയക്കുമരുന്ന് തലവൻ എൽ മെൻചോ സൈനിക റെയ്ഡിൽ കൊല്ലപ്പെട്ടു; യുഎസില്‍ സംഘര്‍ഷാവസ്ഥ, വിമാനങ്ങള്‍ റദ്ദാക്കി

വാഷിങ്ടണ്‍: മെക്‌സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയിൽ സംഘർഷാവസ്ഥ. സംഭവത്തെ തുടർന്ന് ചില വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ട്. കൂടാതെ യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥലത്തേക്ക് മാറാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇന്നലെയാണ്  എൽ മെൻചോ എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗുവേര സൈനിക ആക്രമത്തിൽ കൊല്ലപ്പെട്ടത്.

ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിൻ്റെ (സിജെഎൻജി) നേതാവ് "എൽ മെൻചോ" എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗുര സെർവാൻ്റസിൻ്റെ കൊലപാതകത്തെ തുടർന്ന് മെക്‌സിക്കോയിൽ ആക്രമങ്ങൾ പൊട്ടിപുറപ്പെട്ടു. പിന്നാലെ ഗ്വാഡലജാരയിലും പ്യൂർട്ടോ വല്ലാർട്ടയിലും ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്‌തു. വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയാനും മുന്നറിയിപ്പ് ഉണ്ടകുന്നത് വരെ പ്രദേശത്തെ കടകളോ മറ്റോ പ്രവർത്തിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.അനാവശ്യമായി പുറത്തിറങ്ങുകയോ റോഡിൽ കൂട്ടമായി നിൽക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തരഘട്ടത്തിൽ 911 എന്ന നമ്പറിൽ വിളിക്കണമെന്നും സുരക്ഷിതയിടങ്ങളില്‍ കഴിയണമെന്നും യുഎസ് പൗരന്മരോട് ആവശ്യപ്പെടുകയും ചെയ്‌തു. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണിതെന്നും സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ കടകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇന്നലെ  ജാലിസ്കോയിൽ നടന്ന വെടിവയ്‌പ്പിലാണ് മെൻചോക്ക് പരിക്കേറ്റത്. തുടർന്ന് ഇയാളെ മെക്‌സിക്കോയിലേക്ക് കൊണ്ട് പോകുന്ന വഴി മരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രവർത്തനങ്ങളും അനുബന്ധ അക്രമങ്ങളും കാരണം യുഎസ് സുരക്ഷ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ചിലയിടങ്ങളിൽ അടിയാന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

53 കാരനായ ഒസെഗുവേര ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് നിയമവിരുദ്ധ പ്രവർത്തനങ്ങിൽ ഏർപ്പെട്ടു. മെക്‌സിക്കോയിലെ ഏറ്റവും ശക്തമായ മയക്കുമരുന്ന് കാർട്ടലുകളിൽ ഒന്നായ സിജെഎൻജിയുടെ തലവനായിരുന്നു എൽ മെൻചോ. ആഗോള മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. മയക്കുമരുന്ന് കടത്ത് , സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം, രേഖകളില്ലാതെ തോക്കുകൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് സർക്കാരും മെക്‌സിക്കൻ സർക്കാരും 15 മില്യൺ യുഎസ് ഡോളർ വരെ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇന്നലെ നടന്ന ഓപ്പറേഷനിൽ എൽ മെൻചോയെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഗ്രൂപ്പിലുള്ള മറ്റ് കുറ്റവാളികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.