പാക്കിസ്ഥാനിലെ മിന്നൽ പ്രളയത്തിന് പിന്നിൽ ഇന്ത്യയെന്ന ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം

പാക്കിസ്ഥാനിലെ മിന്നൽ പ്രളയത്തിന്  പിന്നിൽ ഇന്ത്യയെന്ന ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഇന്ത്യ ബോധപൂർവം പ്രളയമുണ്ടാക്കുകയാണെന്ന പാക്ക് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെനാബ് നദിയിലെ ജലനിരപ്പ് ഉയർന്നത് കനത്ത മഴയെത്തുടർന്നാണെന്നും ബോധപൂർവമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.അതിർത്തിക്കപ്പുറത്തുള്ള കനത്ത മൺസൂൺ മഴ കണക്കിലെടുത്ത് നദികളിലെ ജലനിരപ്പ് ഉയർന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. "ഇന്ത്യ മനഃപൂർവ്വം വെള്ളപ്പൊക്കമുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്ന പാകിസ്ഥാൻ മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും വസ്‌തുതകൾക്ക് വിരുദ്ധവുമാണ്. ജൂലൈ 20 മുതൽ 23 വരെ ജമ്മുവിലും സമീപ പ്രദേശങ്ങളിലും പെയ്‌ത ശക്തമായ മഴയുടെ നേരിട്ടുള്ള അനന്തരഫലമായാണ് ചെനാബ് നദിയിലെ ഒഴുക്ക് വർധിച്ചത്.ചെനാബ് നദിയിലെ ഉയർന്ന വെള്ളപ്പൊക്കത്തിന് കാരണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മറാലയിലെ ഉയർന്ന നീരൊഴുക്ക് തുടരുകയാണ്. പാകിസ്ഥാൻ ഭാഗത്തുനിന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുമുണ്ട്'' - രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇന്ത്യ തടഞ്ഞുവെന്ന പാകിസ്ഥാൻ മാധ്യമങ്ങളിലെ ആരോപണങ്ങള്‍ തെറ്റാണ്. നദിയുടെ ഒഴുക്ക് പ്രത്യേക വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകേണ്ട അസാധാരണമായ സാഹചര്യത്തിലല്ലായിരുന്നു. പാകിസ്ഥാൻ്റെ കാലാവസ്ഥ നിരീക്ഷണ അധികാരികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെപ്പോലെ, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ, ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ പാകിസ്ഥാനുമായി മുന്നറിയിപ്പുകള്‍ പങ്കുവയ്‌ക്കാറുണ്ട്.''ജൂലൈ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ജമ്മുവിലും സമീപത്തെ വൃഷ്‌ടിപ്രദേശങ്ങളിലും പെയ്‌ത അതിശക്തമായ മൺസൂൺ മഴയുടെ സ്വാഭാവിക പ്രതിഫലനമാണ് ചെനാബ് നദിയിലെ ജലപ്രവാഹം വർധിക്കാൻ കാരണമായത്. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ പ്രകൃതിദത്ത പ്രതിഭാസത്തെ ഇന്ത്യയുടെ ഇടപെടലായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് സാങ്കേതികമായും വസ്‌തുതാപരമായും നിലനിൽക്കില്ല. വൃഷ്‌ടിപ്രദേശങ്ങളിൽ പെയ്‌ത കനത്ത മഴയാണ് ചെനാബ് നദിയിലെ വെള്ളപ്പൊക്കത്തിനു കാരണം. പാക്കിസ്ഥാൻ്റെ സ്വന്തം ഫ്ലഡ് ഫോർകാസ്റ്റിങ് ഡിവിഷൻ ജൂലൈ 22ന് പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്,'' - രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സിന്ധുനദി ജലകരാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല എന്നായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഭീകരവാദത്തിനുള്ള പിന്തുണ പാക്കിസ്ഥാൻ പൂർണമായും അവസാനിപ്പിക്കുന്നത് വരെ കരാർ നിർത്തിവച്ച നടപടി തുടരുമെന്ന് രൺധീർ‌ ജയ്സ്വാൾ ആവർത്തിച്ചു.