എൻ എം രാജുവിൽ നിന്ന് പണം സ്വീകരിച്ചത് സഹായമായിട്ട് , വായ്പയായിട്ടല്ല :ആൻ്റോ ആൻ്റണി എംപി
ത്തനംതിട്ട: 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിൽ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ആൻ്റോ ആൻ്റണി എംപി. എന്നാൽ വായ്പയായിട്ടല്ല സഹായമായാണ് തുക സ്വീകരിച്ചതെന്നും അത് തിരികെ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എൻ എം രാജു ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടാൻ തയാറാണെന്നും ആൻ്റോ ആൻ്റണി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വേളകളിൽ ജനങ്ങൾ തന്നെ സാമ്പത്തികമായി സഹായിക്കാറുണ്ടെന്നും കോട്ടയത്ത് മത്സരിച്ച് പരാജയപ്പെട്ട ആദ്യ തെരഞ്ഞെടുപ്പ് മുതൽ തുടർന്ന് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും പൊതുസമൂഹത്തിൽ നിന്നുള്ളവർ തന്നെ സഹായിച്ചിട്ടുണ്ടെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. തനിക്ക് സ്വന്തമായി പണമില്ലാത്തതിനാലാണ് ജനങ്ങളുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിപ്പോരുന്നത്.2019ലെ തെരഞ്ഞെടുപ്പിൽ കോടാനുകോടി രൂപയുടെ കള്ളപ്പണമാണ് രണ്ട് മുന്നണികളും ഒഴുക്കിയത്. ഭരണത്തിലിരിക്കുന്ന രണ്ട് മുന്നണികൾ ഒഴുക്കിയ പണത്തിന് മുന്നിൽ തെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നിന്ന് പോകുമെന്ന് പോലും തോന്നിയ ആ ഘട്ടത്തിൽ എൻ എം രാജു തന്നെ സഹായിച്ചിരുന്നു. അന്ന് അദ്ദേഹം യുഡിഎഫിൻ്റെ നേതാവും കേരള കോൺഗ്രസ് പാർട്ടിയുടെ ട്രഷററുമായിരുന്നു.
തെരഞ്ഞെടുപ്പ് രംഗവുമായി ബന്ധപ്പെട്ട് ഇത്തരം സഹായങ്ങൾ ലഭിക്കാറുണ്ട്. സഹായമില്ലാതെ ഒരു കോൺഗ്രസ് സ്ഥാനാർഥിക്കും പ്രവർത്തിക്കാൻ കഴിയില്ല. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് എത്രത്തോളം കടബാധ്യതയുണ്ടാകാറുണ്ടെന്ന് അവർ പരസ്പരം സ്വകാര്യമായി പങ്കുവയ്ക്കാറുണ്ട്.കോൺഗ്രസിന് പണമില്ലാത്തതിനാലാണ് ഇത്തരം സഹായങ്ങൾ സ്വീകരിക്കുന്നത്. അന്ന് വായ്പയായിട്ടല്ല സഹായമായിട്ടാണ് തുക സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോൾ പണം തിരികെ വേണമെന്ന് രാജു ആവശ്യപ്പെടുകയും ആ പണം തിരിച്ചുനൽകുകയും ചെയ്തു. രാജു തന്നെ മാത്രമല്ല സിപിഎമ്മിനെയും സഹായിച്ചിട്ടുണ്ട്. താൻ നിന്ന പാർട്ടിയെക്കാൾ കൂടുതലായി അദ്ദേഹം സിപിഎമ്മിനെ സഹായിച്ചിട്ടുണ്ടെന്നും ആൻ്റോ ആൻ്റണി ചൂണ്ടിക്കാട്ടി.
ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി താൻ നൽകിക്കഴിഞ്ഞു. പണം തിരികെ നൽകിയതാണ്. ഇപ്പോൾ ഇടതുമുന്നണിയിൽ നിൽക്കുന്ന രാജു അവരുടെ സമ്മർദം മൂലമാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ നിയമപരമായി കേസ് കൊടുക്കട്ടെ. അപ്പോൾ അതിനെ നേരിടും. കള്ളപ്രചാരണങ്ങൾ കൊണ്ട് കാര്യമില്ല. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്, സിപിഎം, ബിജെപി സ്ഥാനാർഥികളെ ആളുകൾ സഹായിക്കാറുണ്ട്. ഇത് നാട്ടിലെ പൊതുവായ കാര്യമാണ്.താൻ എല്ലാ തെരഞ്ഞെടുപ്പുകളും നടത്തിയത് ജനങ്ങളുടെ സഹായത്തോടെയാണ്. രാജുവും അതുപോലെ സഹായിച്ചിട്ടുണ്ട്. ബിജെപിയെയും സിപിഎമ്മിനെയും പോലെ മുന്നൂറും നാനൂറും കോടി രൂപ ചെലവാക്കി തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ തൻ്റെ കൈവശം പണമില്ല. പ്രവർത്തകരും പാർട്ടിയും സമൂഹത്തിലെ ആളുകളും സഹായിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും കുറഞ്ഞ പണത്തിലുമാണ് താൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
എത്ര രൂപയാണ് വാങ്ങിയതെന്ന ചോദ്യത്തിന് പണം തിരികെ നൽകിയെന്നും അതിനാൽ ആ കണക്കുകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മറുപടി നൽകി. തെരഞ്ഞെടുപ്പ് സമയത്തെ സഹായമായാണ് അതിനെ കണ്ടത്. പിന്നീട് തിരികെ ചോദിച്ചപ്പോൾ കൊടുത്തു. ബാക്കി കാര്യങ്ങൾ നിയമപരമായി വരുമ്പോൾ പറയാമെന്നും ആൻ്റോ ആൻ്റണി വ്യക്തമാക്കി.
ആൻ്റോ ആൻ്റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് എൻ എം രാജുവിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നു എന്ന് സമ്മതിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പലരും തന്നെ സഹായിക്കാറുണ്ടെന്നും അത്തരത്തിൽ ഒരു സഹായം മാത്രമാണ് എൻ എം രാജുവിൽ നിന്നും സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ വാങ്ങിയ പണം തിരികെ നൽകിയെന്ന് അവകാശപ്പെടുമ്പോഴും എത്ര രൂപയാണ് വാങ്ങിയതെന്നോ അത് പണമായിട്ടാണോ ചെക്കായിട്ടാണോ കൈപ്പറ്റിയതെന്നോ ഉള്ള കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ എംപിക്ക് സാധിച്ചിട്ടില്ല. ഈ കാര്യങ്ങൾ ഓർമയില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.എൻ എം രാജു ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രകാരം 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് ആൻ്റോ ആൻ്റണി രണ്ട് കോടി രൂപ കടമായി ആവശ്യപ്പെട്ടത്. പലതവണ എംപിയും ഭാര്യയും നേരിട്ടെത്തി പണം ആവശ്യപ്പെടുകയും തുടർന്ന് അക്കൗണ്ട് വഴി രണ്ട് കോടി രൂപ കൈമാറുകയുമായിരുന്നു. ബംഗളൂരുവിലെ ഒരു പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട പണം ലഭിക്കാനുണ്ടെന്നും അത് കിട്ടിയ ഉടനെ അതായത് രണ്ട് മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്നുമായിരുന്നു ഉറപ്പ്. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ല.
നെടുമ്പറമ്പിൽ ഫിനാൻസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ഘട്ടത്തിൽ രാജുവിൻ്റെ മകളടക്കം നേരിട്ട് എംപിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് തവണയായി വെറും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്. ബാക്കി തുകയായ ഒരു കോടി 80 ലക്ഷം രൂപ ഏഴ് വർഷമായിട്ടും തിരികെ നൽകിയിട്ടില്ല എന്നാണ് രാജുവിൻ്റെ വെളിപ്പെടുത്തൽ. മുൻ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഈ വിഷയത്തിൽ തന്ത്രിയുടെ പണമാണ് കൈമാറിയതെന്ന് ആരോപിച്ചിരുന്നുവെങ്കിലും എൻ എം രാജു ഇത് പൂർണമായും നിഷേധിക്കുന്നുണ്ട്. തന്ത്രി കണ്ഠര് രാജീവർക്ക് തൻ്റെ സ്ഥാപനത്തിൽ നിക്ഷേപമോ അക്കൗണ്ടോ ഇല്ലെന്നും അദ്ദേഹവുമായി യാതൊരു പരിചയവുമില്ലെന്നും രാജു വ്യക്തമാക്കുന്നു.മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും എത്ര രൂപയാണ് സംഭാവനയായി വാങ്ങിയതെന്നോ എത്ര രൂപ തിരികെ നൽകിയെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ ആൻ്റോ ആൻ്റണി തയാറായിട്ടില്ല. എന്നാൽ പണമിടപാട് അക്കൗണ്ട് വഴിയാണ് നടന്നതെന്ന് എൻ എം രാജു പറയുന്നതിനാൽ ഇതിന് കൃത്യമായ രേഖകൾ ഉണ്ടാകുമെന്നും അന്വേഷണ ഏജൻസികൾ ഇത് പരിശോധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നെടുമ്പറമ്പിൽ ഫിനാൻസിലെ നിക്ഷേപകരുടെ പണത്തിൽ നിന്നാണ് ഈ രണ്ട് കോടി രൂപ നൽകിയതെന്ന് രാജു തന്നെ സമ്മതിക്കുന്നുണ്ട്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും ഇഡിയും അന്വേഷണം നടത്തുന്ന കേസാണിത്. അതിനാൽ തന്നെ തട്ടിപ്പ് കേസിലെ പണത്തിൻ്റെ ഒരു ഭാഗമാണ് എംപിയുടെ കൈവശം എത്തിയിരിക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്. ഗുരുതരമായ ഈ ആരോപണങ്ങളിൽ എംപി കൃത്യമായ മറുപടി നൽകാത്തത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.