ഐപിഎൽ 2026: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ ചേസ് നേടി മുംബൈ ഇന്ത്യൻസ്

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽനടന്ന ഐപിഎൽ രണ്ടാം ദിനത്തിലെ ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ 300 മത്സരങ്ങളെന്ന റെക്കോര്‍ഡ് നേട്ടം മുംബൈക്ക് ജയത്തോടെ ആഘോഷിക്കാനും സാധിച്ചു. ആദ്യ മത്സരങ്ങൾ തോറ്റ് തുടങ്ങുന്നുവെന്ന പതിവ് രീതിക്കും ഇത്തവണ മുംബൈ വിരാമമിട്ടു.ആവേശപ്പോരാട്ടത്തില്‍ 6 വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സടിച്ചു.

മുംബൈ ഇന്ത്യന്‍സ് അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. അവര്‍ 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് അടിച്ചെടുത്താണ് മറുപടി നല്കി വിജയം പിടിച്ചത്.റിയാന്‍ റിക്കല്‍ടനും രോഹിത് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ആദ്യ പോരില്‍ തന്നെ ക്ലിക്കായി. ഇരുവരും ചേര്‍ന്നു അതിവേഗമാണ് ചെയ്സിങ് തുടങ്ങിയത്. മുംബൈയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ കെകെആര്‍ 148 റണ്‍സ് വരെ കാക്കേണ്ടി വന്നു. പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. പിന്നീട് അനായാസം അവര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.റിക്കല്‍ടനാണ് ടോപ് സ്കോറര്‍. താരം 43 പന്തില്‍ 8 സിക്സും 4 ഫോറും സഹിതം 81 റണ്‍സെടുത്തു. രോഹിത് ശര്‍മ 23 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. 38 പന്തില്‍ 6 വീതം സിക്സും ഫോറും സഹിതം രോഹിത് 78 റണ്‍സെടുത്തു .