ഇറാൻ ഇസ്രായേൽ സംഘർഷം :മസ്‌കറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുംബൈ നിവാസി

ഇറാൻ ഇസ്രായേൽ സംഘർഷം :മസ്‌കറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുംബൈ  നിവാസി

മുംബൈ: ഒമാനിലെ മസ്‌കറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മുംബൈ സ്വദേശിയായ നാവികന്‍ കൊല്ലപ്പെട്ടു. കാന്തിവലി  സ്വദേശിയായ ദക്ഷിത് അമൃത്‌ലാൽ സോളങ്കിയാണ് (32) മരിച്ചത്. 59,000 മെട്രിക് ടൺ പെട്രോളുമായെത്തിയ കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ദിക്ഷിത് സോളങ്കിയുടെ മരണം.

മാര്‍ച്ച് ഒന്നിനാണ് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. മസ്‌കറ്റ് തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ കപ്പലില്‍ തീപിടിത്തമുണ്ടായി. ഇതോടെ ക്രൂ അംഗങ്ങള്‍ സ്വയം രക്ഷയ്‌ക്കായി കടലിലേക്ക് ചാടി. സംഭവത്തിന് പിന്നാലെ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏതാനും ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്താനായെങ്കിലും സോളങ്കി മരിച്ചു.

വൃക്ക രോഗിയായിരുന്ന അമ്മയുടെ മരണത്തിന് പിന്നാലെയാണ് ദീക്ഷിതിന്‍റെയും മരണം. അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ മാസം നാട്ടിലെത്തി മടങ്ങിയതിന് പിന്നാലെയാണ് ഈ ദുരന്തം. സോളങ്കിയുടെ വിയോഗം കുടുംബത്തെ പൂര്‍ണമായും തളര്‍ത്തിയിട്ടുണ്ട്. മകന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് സോളങ്കിയുടെ പിതാവ് അമൃത്‌ലാൽ സോളങ്കി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു.

ദിയുവിലായിരുന്ന കുടുംബം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാന്തിവ്‌ലി യിലേക്ക് താമസം മാറിയത്. ദിയുവിലെ മത്സ്യ വ്യാപാരിയാണ് സോളങ്കിയുടെ പിതാവ്. സഹോദരിയുടെ വിവാഹം നടക്കാനിരിക്കെയാണ് അമ്മയുടെയും സോളങ്കിയുടെയും വിയോഗം. നിലവില്‍ ദുബായ്‌യില്‍ ജോലി ചെയ്യുന്ന സഹോദരി പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അവിടെ കുടുങ്ങിക്കിടക്കുകയാണ്.

സോളങ്കിയുടെ കപ്പല്‍ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കിലെ മറ്റൊരു കപ്പലായ എംവി സ്‌കൈലൈറ്റും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ രണ്ട് ഇന്ത്യന്‍ നാവികരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മേഖലയില്‍ നാവികര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.