കൊലയാളി ചെന്താമരയ്ക്ക് വധശിക്ഷ

കൊലയാളി ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമരയ്ക്ക് (61) കോടതി വധശിക്ഷ വിധിച്ചു. അയൽവാസികളായ സുധാകരൻ (50), അമ്മ ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജിൻ്റെ വിധി. പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും സമൂഹത്തിന് വലിയ ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷൻ്റെ വാദം കോടതി പൂർണമായും അംഗീകരിച്ചു.

2025 ജനുവരി 27നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പട്ടാപ്പകൽ നടുറോഡിൽ വച്ചാണ് സുധാകരനെയും ലക്ഷ്മിയെയും പ്രതി കൊടുവാളുകൊണ്ട് വെട്ടിയത്. മുൻപ് 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ചെന്താമര. തൻ്റെ കുടുംബജീവിതം തകരാൻ കാരണം സജിതയാണെന്ന അന്ധവിശ്വാസത്തിലായിരുന്നു ആദ്യ കൊലപാതകം. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മയെയും വീടിന് മുന്നിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം പോത്തുണ്ടി മാട്ടായി വനമേഖലയിൽ ഒളിവിൽ പോയ പ്രതിയെ ജനുവരി 29ന് പൊലീസ് പിടികൂടി.കേസിൽ ജൂലൈ 14നാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 103(1) പ്രകാരമുള്ള കൊലപാതകം, 126(2) പ്രകാരമുള്ള അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾക്ക് നൽകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ടക്കൊലപാതകം നടത്തിയതെന്നും കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായത്തിൻ്റേതായ മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമുള്ള പ്രതിഭാഗത്തിൻ്റെ വാദങ്ങൾ കോടതി തള്ളി.

അന്വേഷണ മികവും ചാറ്റ് ജിപിടിയും

നെന്മാറ കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന് അന്വേഷണ സംഘം മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 56 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിൽ കോടതി സംതൃപ്തി രേഖപ്പെടുത്തുകയും അന്വേഷണ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു. കേസിൻ്റെ വിസ്താര വേളയിൽ പ്രതിഭാഗം അഭിഭാഷകൻ ചാറ്റ് ജിപിടിയുടെ സഹായത്തോടെയാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നത് ശ്രദ്ധേയമായി. എന്നാൽ ഈ ചോദ്യങ്ങളെ കൃത്യമായി നേരിടാൻ അന്വേഷണ സംഘത്തിന് സാധിച്ചു. മുൻ പാലക്കാട് എസ്പിയും നിലവിൽ ടെലികമ്യൂണിക്കേഷൻ എസ്പിയുമായ അജിത് കുമാർ, മുൻ റേഞ്ച് ഡിഐജി ഹരിശങ്കർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂട്ടർ വിജയകുമാർ എന്നിവരുടെ കൂട്ടായ പ്രയത്നമാണ് പ്രതിക്ക് അർഹിച്ച ശിക്ഷ വാങ്ങിക്കൊടുക്കാൻ സഹായിച്ചത്.വിസ്താരത്തിന് മുന്നോടിയായി 2025 ഫെബ്രുവരി മൂന്നിന് പാലക്കാട് ഡിപിഒയിൽ വച്ച് മുൻ ഡിഐജി ഹരിശങ്കറിൻ്റെ നേതൃത്വത്തിൽ മോക്ക് ട്രയൽ സംഘടിപ്പിച്ചിരുന്നു. മുൻ എസ്പി അജിത് കുമാർ ജഡ്ജിയായും ഹരിശങ്കർ പ്രതിഭാഗം വക്കീലായും ഡിവൈഎസ്പി മുരളീധരൻ അന്വേഷണ ഉദ്യോഗസ്ഥനായുമാണ് മോക്ക് ട്രയൽ നടത്തിയത്. അന്ന് നേരിടേണ്ടി വന്ന ചോദ്യങ്ങളേക്കാൾ ലളിതമായ ചോദ്യങ്ങളാണ് യഥാർഥത്തിൽ കോടതിയിൽ അഭിമുഖീകരിക്കേണ്ടി വന്നത്. മുൻ എസ്പി വിശ്വനാഥൻ്റെ കാലത്ത് രൂപീകരിച്ച പാലക്കാട് ജില്ലയിലെ പ്രോസിക്യൂഷൻ വിഭാഗം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ചതാണെന്ന് ഡിവൈഎസ്പി ചൂണ്ടിക്കാട്ടി. സാക്ഷികളെ കൃത്യമായി സംഭവസ്ഥലത്ത് എത്തിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും എസ്ഐ രമേശൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജിനപ്രസാദ്, പബ്ലിക് പ്രോസിക്യൂട്ടർ വിജയകുമാർ എന്നിവർക്ക് പുറമെ മുൻ ജില്ലാ പ്രോസിക്യൂട്ടർ അനിൽകുമാറും വലിയ സഹായങ്ങൾ നൽകി.കേസിൽ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, ഇയാളുടെ ഭാര്യ, അയൽവാസിയായ പൊന്നു എന്ന് വിളിക്കുന്ന സ്ത്രീ, ഗിരീഷ് എന്നീ നാല് സാക്ഷികൾ കൂറുമാറിയെങ്കിലും പ്രോസിക്യൂഷൻ്റെ കേസിനെ ബാധിച്ചില്ല. 91 രേഖകൾ കോടതിയിൽ ഹാജരാക്കി. 28 ദിവസങ്ങൾക്കൊണ്ട് തന്നെ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും ദൃക്‌സാക്ഷികളെ കണ്ടെത്താൻ നേരിട്ട ബുദ്ധിമുട്ടുകളാണ് 56 ദിവസത്തോളം സമയമെടുക്കാൻ കാരണമായതെന്ന് ഡിവൈഎസ്പി കൂട്ടിച്ചേർത്തു.

പ്രതി ഒരു സീരിയൽ കില്ലറാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അക്കമിട്ട് നിരത്തി. കൊല്ലപ്പെട്ട സുധാകരനും ലക്ഷ്‌മിക്കും പുറമേ സ്വന്തം ഭാര്യ, മകൾ, മരുമകൻ, ഭാര്യാസഹോദരൻ, അയൽവാസിയായ പുഷ്‌പ എന്നിവരെയും കൊലപ്പെടുത്താന്‍ ചെന്താമര പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിചാരണ വേളയിലുടനീളം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയത്. താൻ ഗാന്ധിജിയല്ലെന്നും തന്നെ തൂക്കിക്കൊന്നോളൂ എന്നും പ്രതി കോടതിയിൽ വിളിച്ചുപറഞ്ഞിരുന്നു.ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണ് പ്രതി പോത്തുണ്ടിയിൽ താമസിച്ചിരുന്നത്. ഇയാൾ നാട്ടിലെത്തിയ വിവരം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ജാമ്യത്തിലിറങ്ങിയ പ്രതി സുധാകരൻ്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസിൻ്റെ ഈ അശ്രദ്ധയാണ് ഇരട്ടക്കൊലപാതകത്തിന് കാരണമായതെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സുധാകരൻ്റെ മക്കളായ അഖിലയും അതുല്യയും ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളായ ഇവർക്ക് ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല. പ്രതി പുറത്തിറങ്ങിയാൽ നാടിന് മുഴുവൻ ഭീഷണിയാകുമെന്ന ഭയത്താൽ പലരും വീടുവിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയ സാഹചര്യവും ഉണ്ടായിരുന്നു.