സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി, സിജെപി സമരവേദിയിൽ വൻ സംഘർഷം

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന സമരവേദിയിൽ ഇതേത്തുടർന്ന് വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
തൻ്റെ നിരാഹാര സമരത്തിൻ്റെ 20-ാം ദിവസത്തിലേക്ക് കടന്ന വാങ്ചുക്കിൻ്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന മെഡിക്കൽ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പൊലീസ് നടപടി. അദ്ദേഹത്തിൻ്റെ ജീവൻ അപകടത്തിലാണെന്നും അടിയന്തര മെഡിക്കൽ സഹായം വേണമെന്നും ചൂണ്ടിക്കാട്ടി വൻ പൊലീസ് സന്നാഹം സമരപ്പന്തലിലേക്ക് ഇരച്ചുകയറുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് മാറാൻ വാങ്ചുക്കും അദ്ദേഹത്തെ അനുകൂലിക്കുന്ന വിദ്യാർത്ഥികളും വിസമ്മതിച്ചു
."ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിൻ്റെയും വിദഗ്ധ വൈദ്യോപദേശത്തിൻ്റെയും അടിസ്ഥാനത്തിലാണ്, ആരോഗ്യനില വഷളായതിനെത്തുടർന്ന് സോനം വാങ്ചുക്കിനെ ആവശ്യമായ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുകയും ഇതിനെത്തുടർന്ന് നേരിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. എന്നാൽ പൊലീസ് പരമാവധി ആത്മസംയമനം പാലിച്ചാണ് ഈ നടപടി സുരക്ഷിതമായി പൂർത്തിയാക്കിയത്. ജന്തർ മന്തറിലെ പ്രതിഷേധക്കാർ എത്രയും വേഗം സമാധാനപരമായി സ്ഥലം ഒഴിഞ്ഞുപോരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു," ഡൽഹി പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
"ജൂലൈ 20-ലെ പാർലമെൻ്റ് മാർച്ചിനായി ഏതുവിധേനയും ഞാൻ ജീവനോടെയിരിക്കും" എന്ന് കഴിഞ്ഞ ദിവസം വാങ്ചുക്ക് പ്രഖ്യാപിച്ചിരുന്നു. സർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
രൂക്ഷമായ സംഘർഷം, പ്രവർത്തകർക്ക് പരിക്ക്
പൊലീസ് വാങ്ചുക്കിനെ ബലമായി സ്റ്റേജിൽ നിന്നും മാറ്റാൻ ശ്രമിച്ചതോടെ സിജെപി (CJP), എ.ഐ.എസ്.എ (AISA) പ്രവർത്തകർ പ്രതിരോധവുമായി രംഗത്തെത്തി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉണ്ടായ തള്ളിക്കയറ്റത്തിലും ലാത്തിച്ചാർജിലും നിരവധി വിദ്യാർത്ഥി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റതായി സിജെപി ഭാരവാഹികൾ ആരോപിച്ചു. വൻ പ്രതിഷേധങ്ങൾക്കൊടുവിൽ വാങ്ചുക്കിനെ ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് വിവരം.
നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ജൂൺ 20 മുതൽ സിജെപി സമരം ആരംഭിച്ചത്. ജൂൺ 28 നാണ് സോനം വാങ്ചുക്ക് ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം തുടങ്ങിയത്.
പ്രതിഷേധം ശക്തമാകുന്നു
വാങ്ചുക്കിൻ്റെ അറസ്റ്റോടെ ജന്തർ മന്തറിലെ സമരവീര്യം ഇരട്ടിച്ചിരിക്കുകയാണ്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കൾ പൊലീസ് നടപടിയെ ശക്തമായി അപലപിച്ചു. കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യപരമായ നടപടിയാണ് ഇതെന്നും, നിരാഹാരം തുടരുന്ന വിദ്യാർത്ഥികളുടെ ജീവൻ വച്ചാണ് സർക്കാർ കളിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. അറസ്റ്റിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥികളും ജനങ്ങളും ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുകയാണ്.